ഹിമാചലില്‍ പ്രളയം; അഞ്ചു മരണം; തമിഴ്‌നാട്ടില്‍ ഡാം തുറന്നു

Tuesday 14 August 2018 2:36 am IST

ഷിംല/ചെന്നെ: കലിതുള്ളിയെത്തിയ കാലവര്‍ഷം രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനമായ ഹിമാചല്‍പ്രദേശിനെ പൂര്‍ണമായും തകര്‍ത്തു. സംസ്ഥാനത്തെ മണ്ണിടിച്ചിലിലും പ്രളയത്തിലുംപെട്ട് അഞ്ചു പേര്‍ മരിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരാള്‍ ഒഴുക്കില്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നൂറുകണക്കിന് റോഡുകള്‍ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സോളാന്‍, ഷിംല, മാണ്ഡ്യ, കുളു, കന്‍ഗ്ര എന്നീ ജില്ലകളിലെ സ്‌കൂളുകളിലേക്ക് ഇന്നലെയും ഭരണകൂടം അവധി നല്‍കി. തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിലും കനത്ത മഴയാണ്. തുടര്‍ന്ന് മേട്ടൂര്‍ ഡാം തുറന്നു. 

സോളാന്‍ ജില്ലയിലെ ചക്ല ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലാണ് അഞ്ചുപേര്‍ മരിച്ചത്. ഇതേ ജില്ലയിലെ റാനി ഗ്രാമത്തിലെ ഒരാളാണ് ഒഴുക്കില്‍പ്പെട്ടത്. ഇവിടെ രക്ഷാദൗത്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ ചണ്ഡീഗഡ്-ഷിംല ദേശീയ പാതയിലെ ചക്കി മോര്‍ ഭാഗത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. റാസോളിനു സമീപമുള്ള പാര്‍വതി താഴ്‌വരയില്‍ ഞായറാഴ്ചയുണ്ടായ കനത്ത മഴയില്‍ വീടുകള്‍ തകര്‍ന്നു. പ്രളയക്കെടുതിയില്‍ ഇസ്രയേലി വിനോദസഞ്ചാരികളും അകപ്പെട്ടിട്ടുണ്ട്. 

കുളു ജില്ലയിലുണ്ടായ വെള്ളപ്പൊക്കം ഭുണ്ഡാര്‍ പട്ടണത്തെയാണ് ഏറ്റവുമധികം ബാധിച്ചത്. ഖോക്കന്‍ നുള്ള അരുവിപ്രളയത്തെ തുടര്‍ന്ന് പട്ടണം വെള്ളപ്പൊക്കത്തിലായി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. കൂടാതെ മണ്ണിടിച്ചിലിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും വാഹനങ്ങള്‍പെട്ടിട്ടുണ്ട്. 

ഷിംലയിലെ ഷാനനിലുണ്ടായ വെള്ളപ്പൊക്കത്തിലും പ്രളയത്തിലും ധളി ബൈപ്പാസില്‍ ഗതാഗതം നിരോധിച്ചു. കവ്‌ലബാഗിലെ രണ്ടുനിലക്കെട്ടിടം മരങ്ങള്‍ കടപുഴകി വീണ് തകര്‍ന്നു. ഉത്തരാഖണ്ഡില്‍ ബദ്രിനാഥ് ദേശീയപാത കനത്ത മഴയെ തുടര്‍ന്ന് ലംബാഗഡില്‍ അടച്ചു. 

തമിഴ്‌നാട്ടില്‍ മഴയെത്തുടര്‍ന്ന് മേട്ടൂര്‍ ഡാമില്‍ നിന്നും വെള്ളം തുറന്നു വിട്ടതോടെ കാവേരി പ്രളയത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇതേതുടര്‍ന്ന് സെന്‍ട്രല്‍ വെയര്‍ഹൗസിഹ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചു. കര്‍ണാടകത്തിലെ രണ്ട് റിസര്‍വോയറുകളില്‍ നിന്നായി 1.34 ലക്ഷം ക്യുസെക്‌സ് ജലം എത്തിയതോടെ മേട്ടൂര്‍ അണക്കെട്ട് പൂര്‍ണമായി നിറഞ്ഞു. ഇന്നലെ രാവിലെ ലഭിച്ച കണക്കനുസരിച്ച് 120 അടി ജലമാണ് സംഭരണിയിലുള്ളത്.

സേലം, ഈറോഡ്, നാമക്കല്‍, കരൂര്‍ തിരുച്ചി, തഞ്ചാവൂര്‍, പുതുക്കോട്ട, അരിയല്ലൂര്‍, പെരമ്പലൂര്‍, തിരുവാരൂര്‍, കൂഡലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.