നീലവസന്തത്തിന്റെ വരവറിയിച്ച് ചെറിബ്ലോസം പൂത്തു

Tuesday 14 August 2018 2:38 am IST

രാജാക്കാട്: നീലവസന്തത്തിന് മുന്നോടിയായെത്തിയ ജാപ്പനീസ് പുഷ്പം മൂന്നാറില്‍ പൂത്തു. ജപ്പാന്റെ ദേശീയപുഷ്പമായ ചെറിബ്ലോസമാണ് മുന്നാറിനെ പുഷ്പാലംകൃതമാക്കിയിരിക്കുന്നത്. പള്ളിവാസല്‍, രാജമല, മാട്ടുപ്പെട്ടി, വാഗുവര തുടങ്ങിയ മേഖലകളിലാണ് ചെറി ബ്ലോസം പൂത്തിരിക്കുന്നത്.

നീലക്കുറിഞ്ഞി വസന്തത്തിന് മുന്നോടിയായി പൂത്തിരിക്കുന്ന ചെറിബ്ലോസം പുഷ്പങ്ങളുടെ ആയുസ് ഒരു മാസം മാത്രമാണ്. മാട്ടുപ്പെട്ടി കുണ്ടള ജലാശയത്തിന് സമീപത്തായി പൂത്തുനില്‍ക്കുന്ന ചെറിബ്ലോസത്തെ നേരില്‍ കാണുന്നതിനും ചിത്രങ്ങള്‍ ക്യാമറകളില്‍ പകര്‍ത്തുന്നതിനും നിരവധി സഞ്ചാരികളാണ് എത്തുന്നത്. മൂന്നാര്‍ കൂടാതെ നേപ്പാള്‍, തായ്‌വാന്‍, കൊറിയ, ചൈന, വെസ്റ്റ് സൈബീരിയ, ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും ചെറിബ്ലോസം കാണാന്‍ കഴിയും.

ജപ്പാനില്‍ ഇത് ജനുവരിയിലാണ് പൂക്കുന്നത്. മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനെത്തിയ വിദേശികളാണ് ജലാശയത്തിന് സമീപങ്ങളിലും ദേശീയപാതകളിലും ചെറിബ്ലോസം മരങ്ങള്‍ വച്ചുപിടിപ്പിച്ചത്. പഴയ മൂന്നാറിലെ കെഎസ്ഇബിയുടെ ഹൈഡല്‍ പാര്‍ക്കില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചിരുന്നെങ്കിലും പാര്‍ക്ക് വികസനത്തിന്റെ പേരില്‍ വെട്ടിനശിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.