ഡാമുകൾ തുറന്നു; പമ്പാത്രിവേണിയിൽ പ്രളയം; തീർത്ഥാടകർക്ക് വിലക്ക്

Monday 13 August 2018 6:26 pm IST

പത്തനംതിട്ട: കനത്ത മഴയ്ക്കുപിന്നാലെ ആനത്തോട്-കക്കി, കൊച്ചുപമ്പാ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ തുറന്നു. ഇതോടെ ശബരിമല പമ്പാത്രിവേണിയില്‍ പ്രളയമായി. 

നിറപുത്തരി ചടങ്ങുകള്‍ക്കും ചിങ്ങമാസ പൂജകള്‍ക്കുമായി സന്നിധാനത്തേക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് പമ്പ കടന്ന് ഗണപതികോവിലിലേക്ക് പോകാന്‍ കഴിയുന്നില്ല. പോലീസ് ഭക്തരെ പമ്പയില്‍ തടഞ്ഞ് തിരിച്ചയയ്ക്കുകയാണ്. ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പോകാനായില്ല. പലരും നിലയ്ക്കലിലേക്ക് തിരിച്ചുപോയി. 

ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാംതവണയാണ് ആനത്തോട്-കക്കി, പമ്പാ ഡാമുകള്‍ തുറക്കുന്നത്. ഡാമില്‍നിന്നുള്ള ജലപ്രവാഹംകൂടിയായതോടെ പമ്പ മണല്‍പ്പുറത്ത് 50 മീറ്റര്‍ വിസ്തൃതിയില്‍ ശക്തമായ ഒഴുക്കാണ്. മണല്‍പ്പുറത്ത് പല സ്ഥലത്തും വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. 

പമ്പയിലെ രാമമൂര്‍ത്തി മണ്ഡപവും തീരത്തെ കടകളും വെള്ളത്തിലാണ്. കുത്തൊഴുക്കില്‍ എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് ജലനിരപ്പ് താണശേഷമേ അറിയാനാകൂ. പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. 

വാട്ടര്‍ അതോറിറ്റിയുടെ പമ്പുകള്‍ വെള്ളത്തിനടിയിലായതുമൂലം പമ്പാ മണല്‍പ്പുറത്ത് പമ്പിങ് പൂര്‍ണമായി തടസപ്പെട്ടു. ട്രാന്‍സ്‌ഫോര്‍മറുകള്‍ മുങ്ങിയതിനാല്‍ വൈദ്യുതി വിതരണവും നിലച്ചു. പ്ലാപ്പള്ളിയില്‍ റോഡിന്റെ ഒരു വശം ഇടിഞ്ഞുതാണു. 

ആനത്തോട്-കക്കി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. രണ്ട് ഷട്ടര്‍ മൂന്നടിയും മറ്റ് രണ്ട് ഷട്ടര്‍ രണ്ട് അടിയുമാണ് ഉയര്‍ത്തിയത്. 981.46 മീറ്ററാണ് പൂര്‍ണസംഭരണശേഷി. ഇന്നലെ 981.1 മീറ്റര്‍ ജലനിരപ്പ് വന്നപ്പോഴാണ് ഷട്ടര്‍ തുറന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.

കൊച്ചുപമ്പ ഡാമിന്റെ ആറ് ഷട്ടറുകളില്‍ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകളാണ് 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. ജലനിരപ്പ് 985.55 മീറ്റര്‍ എത്തിയപ്പോഴാണ് ഇന്നലെ ഷട്ടറുകള്‍ തുറന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.