ഹൈക്കോടതി ജഡ്ജിമാരുടെ പട്ടികയില്‍ പകുതിയും അയോഗ്യര്‍

Monday 13 August 2018 6:31 pm IST

ന്യൂദല്‍ഹി: ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ട 126 പേരുടെ പട്ടികയില്‍ 50 ശതമാനം പേരുടെ യോഗ്യതയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ജഡ്ജിമാര്‍ക്കുള്ള വരുമാനമാനദണ്ഡവും യോഗ്യതയും സുതാര്യതയും പലരുടെയും കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം സുപ്രീംകോടതി കൊളീജിയത്തെ അറിയിച്ചു.

 മൂന്ന് നാലുമാസമായി ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ സൂക്ഷ്മ പശ്ചാത്തല പരിശോധനയിലാണ് കണ്ടെത്തല്‍. ജഡ്ജിമാരുടെ സ്ഥാനത്ത് പരിഗണിക്കുന്ന അഭിഭാഷകരുടെ യോഗ്യതകള്‍ വിലയിരുത്തുന്നതിനായി, ഹൈക്കോടതി കൊളീജിയങ്ങളുടെ ഓരോ ശുപാര്‍ശയും പരിശോധിക്കുന്നതിന് നിയമമന്ത്രാലയം പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഉന്നത നീതിന്യായ വ്യവസ്ഥയിലേക്കുള്ള നിയമനത്തിനായി പരിഷ്‌കരിച്ച മെമ്മോറാണ്ടം പ്രക്രിയയെ തുടര്‍ന്നാണ് നിയമനത്തില്‍ സൂക്ഷ്മപരിശോധനാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ സജ്ജമാക്കിയത്.

  ശുപാര്‍ശ ചെയ്യുന്നവരുടെ കഴിവ്, സമഗ്രത എന്നിവ വിലയിരുത്തും. കുറഞ്ഞ വാര്‍ഷിക വരുമാനം, നിയമപരമായ പരിജ്ഞാനം, വ്യക്തിപരവും തൊഴില്‍പരവുമായ മികവ് എന്നിവയും പരിശോധിച്ചു. വരുമാന മാനദണ്ഡങ്ങള്‍ പലരും പാലിച്ചില്ലെന്ന് കണ്ടെത്തി. ഹൈക്കോടതി ജഡ്ജിമാരെ പരിഗണിക്കുന്നതിനായി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏഴ് ലക്ഷം രൂപയുടെ ശരാശരി വാര്‍ഷിക വരുമാനം വേണം. പട്ടികയില്‍പ്പെട്ട 30 മുതല്‍ 40 വരെ അഭിഭാഷകര്‍ ഈ മാനദണ്ഡം പാലിച്ചിരുന്നില്ല. അഭിഭാഷകരുടെ പ്രകടനം വിലയിരുത്താനായി 1,000-1,200 വിധിന്യായങ്ങളുടെ പരിശോധനയും നടന്നിരുന്നു. ചില കേസുകളില്‍ വ്യക്തിപരമായതും പ്രൊഫഷണല്‍ സമഗ്രതയുമുള്ള പ്രശ്‌നങ്ങള്‍ ഐബി പരിശോധനകള്‍ക്ക് വിധേയമാക്കി. വിരമിച്ച സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളും പട്ടികയിലുണ്ടെന്ന് കണ്ടെത്തി.

അലഹാബാദ് ഹൈക്കോടതി കൊളീജിയം ശുപാര്‍ശ നല്‍കിയ 33 അഭിഭാഷകരില്‍ അരഡസനിലധികം പേര്‍ നിലവിലുള്ളവരും വിരമിച്ചവരുമായ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളാണ്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്.

16 ഹൈക്കോടതികള്‍ നല്‍കിയ ശുപാര്‍ശകളെ വിമര്‍ശിച്ച് നിരീക്ഷണങ്ങള്‍ സമര്‍പ്പിച്ച കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശകള്‍ പരിഗണിക്കുമ്പോള്‍ ഈ വിഷയങ്ങള്‍ ഗൗരവമായി കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി കൊളീജിയത്തോട് അഭ്യര്‍ഥിച്ചു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഒരു സെക്രട്ടറിയേറ്റ് രൂപീകരിച്ച് ജഡ്ജിമാരാകാന്‍  യോഗ്യതയുള്ളവരുടെ പാനല്‍ തയാറാക്കണമെന്ന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.