പാര്‍ട്ടി തീരുമാനത്തിലും വലുതായി ഭരണഘടനയെ വിശ്വസിച്ചതിന് പുറത്താക്കി

Tuesday 14 August 2018 2:40 am IST
"അതിരില്ലാത്ത സൗഹൃദം: മികച്ച പാര്‍ലമെന്‍േററിയനുള്ള അവാര്‍ഡ് എകെ അദ്വാനിക്ക് അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം സമ്മാനിക്കുമ്പോള്‍ സമീപം അന്നത്തെ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി"

ന്യൂദല്‍ഹി: പാര്‍ട്ടിയുടെ തീരുമാനത്തേക്കാള്‍ വലുതായി ഇന്ത്യന്‍ ഭരണഘടനയെ കണക്കാക്കിയതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകേണ്ടിവന്ന നേതാവാണ് സോമനാഥ് ചാറ്റര്‍ജി. പുറത്താക്കി പത്തുവര്‍ഷത്തിന് ശേഷവും അദ്ദേഹത്തോടുള്ള സമീപനത്തില്‍ സിപിഎമ്മിന് യാതൊരു മാറ്റവും വന്നില്ല. സിപിഎം ദേശീയ നേതൃത്വവും ബംഗാള്‍ നേതൃത്വവും മരണത്തില്‍ അനുശോചിച്ച് ഇറക്കിയ പത്രക്കുറിപ്പില്‍ സിപിഎം നേതാവ് എന്ന പരാമര്‍ശം ഇടംപിടിക്കാത്തത് മരണശേഷവും തുടരുന്ന വിയോജിപ്പ് തന്നെ. 

2004ല്‍ അധികാരത്തിലെത്തിയ ആദ്യ യുപിഎ സര്‍ക്കാരില്‍ ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിച്ചത് പത്തുതവണ എംപിയായിരുന്ന സോമനാഥ് ചാറ്റര്‍ജിയെയാണ്. സ്പീക്കര്‍ പദവിയില്‍ നിഷ്പക്ഷമായ പ്രവര്‍ത്തനം കാഴ്ച വെച്ച അദ്ദേഹം കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം നിലകൊണ്ടു. എന്നാല്‍ ആണവ കരാറിന്റെ പേരില്‍ 2008 പകുതിയോടെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അകന്നതോടെ ചാറ്റര്‍ജിയുടെ കഷ്ടകാലം തുടങ്ങി. 

സ്പീക്കര്‍ പദവി രാജിവെക്കണമെന്ന സിപിഎം നേതൃത്വത്തിന്റെ ആവശ്യം ചാറ്റര്‍ജി നിരാകരിച്ചു. ജൂലൈയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ശബ്ദവോട്ടോടെ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ സിപിഎമ്മിന്റെ ദേഷ്യം മുഴുവനും സോമനാഥ് ചാറ്റര്‍ജിയോടായിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം പ്രവര്‍ത്തിച്ചില്ലെന്നാരോപിച്ച് പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം ചാറ്റര്‍ജിയെ സിപിഎം പുറത്താക്കി. അദ്ദേഹം ഇന്ത്യന്‍ ഭരണഘടന അനുസരിച്ചിട്ടാവും പ്രവര്‍ത്തിച്ചത്, എന്നാല്‍ അതിലും വലുതായ പാര്‍ട്ടി ഭരണഘടന അദ്ദേഹം പാലിച്ചില്ല എന്നായിരുന്നു  ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസിന്റെ പ്രതികരണം. ഏറ്റവും വേദന നിറഞ്ഞ ദിനം എന്നായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനോട് സോമനാഥ് ചാറ്റര്‍ജിയുടെ വാക്കുകള്‍. 

പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ താല്‍പ്പര്യമുണ്ടെന്ന് നിരവധി തവണ അദ്ദേഹം വ്യക്തമാക്കിയപ്പോഴും പാര്‍ട്ടി ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സിപിഎം വഴിതടഞ്ഞു. മായാവതിയുമായും ജയലളിതയുമായും സഖ്യമുണ്ടാക്കിയ സിപിഎം ദേശീയ നേതൃത്വത്തെ ചാറ്റര്‍ജി തള്ളിപ്പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെപ്പറ്റി വേദനയോടെയാണ് 'വിശ്വാസ്യതയുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന ആത്മകഥയില്‍ അദ്ദേഹം പറയുന്നത്. 

ഒടുവില്‍ മരണശേഷവും ചാറ്റര്‍ജിയോടുള്ള വിരോധം സിപിഎം തുടരുകയാണ്. രാവിലെ മരിച്ചെങ്കിലും അനുശോചനക്കുറിപ്പിറക്കുന്നത് ഉച്ചയ്ക്ക് ശേഷം മാത്രമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെയോ ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടേയോ ട്വീറ്റില്‍ സോമനാഥ് ചാറ്റര്‍ജിയെ സിപിഎം നേതാവെന്ന് വിശേഷിപ്പിക്കാതിരുന്നതും ഇതിനുദാഹരണമാണ്. 

എസ്. സന്ദീപ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.