ഇ.പി.ജയരാജന്‍ ഇന്ന് മന്ത്രിയാകും

Tuesday 14 August 2018 2:46 am IST

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്‍ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ റിട്ട. ജസ്റ്റീസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കു ശേഷം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും. ആഗസ്റ്റ് 17ന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ചിങ്ങത്തിലെ നല്ലനാള്‍ നോക്കി സിപിഎം മന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന പ്രചാരണം വ്യാപകമായതോടെയാണ് സത്യപ്രതിജ്ഞ ഇന്ന് നടത്താന്‍ തീരുമാനിച്ചത്. 

പിണറായി മന്ത്രിസഭയില്‍ ഇത് രണ്ടാം തവണയാണ് ജയരാജന്‍ മന്ത്രിയാകുന്നത്. ബന്ധു നിയമനവിവാദത്തെ തുടര്‍ന്നായിരുന്നു രാജി. എല്‍ഡിഎഫ് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്ന ആദ്യ മന്ത്രിയും ജയരാജനായിരുന്നു. ഇതിനു ശേഷം ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എ.കെ.ശശീന്ദ്രനും, കായല്‍ കൈയേറ്റത്തെ തുടര്‍ന്ന് തോമസ് ചാണ്ടിയും രാജിവയ്‌ക്കേണ്ടി വന്നു. ഇതില്‍ എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായി വീണ്ടും മന്ത്രിക്കസേരയിലെത്തി. ഇതിനു പിന്നാലെയാണ് ജയരാജന്റെ മടങ്ങി വരവ്. ജയരാജന്‍ മുന്‍പ്  കൈകാര്യം ചെയ്തിരുന്ന വകുപ്പുകളായ വ്യവസ്യായവും  സ്‌പോര്‍ട്‌സും തിരികെ ലഭിക്കും. 

സിപിഐയ്ക്ക് ചീഫ് വിപ്പ്

തിരുവനന്തപുരം: ഇ.പി. ജയരാജനെ മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചതോടെ സിപിഐയ്ക്കു ക്യാബിനറ്റ് പദവിയോടെ ചീഫ്‌വിപ്പ് സ്ഥാനം നല്‍കാനും യോഗം തീരുമാനിച്ചു.  സിപിഐ മന്ത്രിസ്ഥാനമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ക്കു ചീഫ്‌വിപ്പ് സ്ഥാനം നല്‍കാനുള്ള തീരുമാനം ഇടതുമുന്നണി യോഗം ഐകകണേ്ഠനയാണ് അംഗീകരിച്ചതെന്നും കണ്‍വീനര്‍ എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്നണി വിപുലീകരണം സംബന്ധിച്ച് അടുത്ത യോഗത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.