മഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക ക്ലാസ്സും പ്രാര്‍ഥനാ മുറിയും

Tuesday 14 August 2018 2:47 am IST

മലപ്പുറം: സര്‍ക്കാര്‍ സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കായി മാനദണ്ഡങ്ങള്‍ മറികടന്ന് പ്രത്യേകം ക്ലാസ് മുറിയും പ്രാര്‍ഥനാ മുറിയും ഒരുക്കിയത് വിവാദമാകുന്നു.  മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ എട്ടാം ക്ലാസ് ജെ ഡിവിഷനാണ് ബുര്‍ഖ ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടി മാത്രം മാറ്റിവച്ചത്. തൊട്ടടുത്തുള്ള ഐ ഡിവിഷനില്‍ ബുര്‍ഖ ധരിച്ച കുട്ടികള്‍ക്കൊപ്പം മറ്റ് കുട്ടികളെയും ഇരുത്തിയിട്ടുണ്ട്. അധ്യാപകന്‍ ക്ലാസിലേക്ക് വരുമ്പോള്‍ പോലും ഇവര്‍ മുഖം മറയ്ക്കുന്നു. ഇതിനെതിരെ മറ്റ് കുട്ടികള്‍ പരാതി ഉന്നയിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കാന്‍ തയാറായില്ല.

വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തിനനുസരിച്ച് മറ്റ് കുട്ടികള്‍ യൂണിഫോം ധരിച്ചെത്തുമ്പോള്‍ ബുര്‍ഖാധാരികള്‍ക്ക് പ്രത്യേക പരിഗണനയാണ് സ്‌കൂളില്‍ നല്‍കുന്നത്. ക്ലാസ് മുറിക്ക് പുറമെ പ്രത്യേക കമ്പ്യൂട്ടര്‍ ലാബും പ്രാര്‍ഥനാ മുറിയും ഒരുക്കി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ സ്‌കൂളില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടക്കുന്നുണ്ട്. ഈ പ്രത്യേക പരിഗണനക്കെതിരെ രക്ഷിതാക്കള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്.

പല സ്‌കൂളുകളിലും ജോലി ചെയ്തിട്ടുണ്ടെങ്കിലും എവിടെയും ഇത്തരമൊരു രീതി കണ്ടിട്ടില്ലെന്ന് പ്രധാനാധ്യാപകനായ ബിന്ദേശ്വര്‍ പറഞ്ഞു. സ്‌കൂളില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ മത സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇതിനെതിരെ പ്രതികരിക്കാത്തത്. എന്നാല്‍ ആരെങ്കിലും രേഖാമൂലം പരാതി നല്‍കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബുര്‍ഖാധാരികളില്‍ ഒരാള്‍ കര്‍ണ്ണാടക മന്ത്രിയുടെ മകള്‍

മലപ്പുറം: മഞ്ചേരി ഗേള്‍സ് ഹൈസ്‌ക്കൂളില്‍ പ്രത്യേക പരിഗണന ലഭിക്കുന്ന ബുര്‍ഖാധാരികളില്‍ ഒരാള്‍ കര്‍ണ്ണാടക നഗരവികസന-ഭവന മന്ത്രി യു.ടി. ഖാദറിന്റെ മകള്‍. കാസര്‍ഗോഡ് ഉപ്പള തുര്‍ത്തി സ്വദേശിയായ ഖാദറിന്റെ മകള്‍ മലപ്പുറത്ത് വിദ്യാഭ്യാസത്തിനെത്തിയത് മതപഠനം കൂടി ലക്ഷ്യമിട്ടാണ്. കോണ്‍ഗ്രസുകാരനായ ഖാദറിന് മലപ്പുറത്തും രാഷ്ട്രീയരംഗത്ത് നല്ല സ്വാധീനമുണ്ട്. ഈ സ്വാധീനം ഉപയോഗിച്ചാണ് സ്‌കൂള്‍ അധികൃതരെ നിലയ്ക്കുനിര്‍ത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.