സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സയ്ക്ക്

Tuesday 14 August 2018 2:52 am IST

ടാന്‍ജിയെര്‍ (മൊറോക്കോ): സ്പാനിഷ് ക്ലബ് ഫുട്‌ബോള്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ കിരീടം ബാഴ്‌സലോണയ്ക്ക്. മുഴുവന്‍ സമയനായകനായി ലയണല്‍ മെസ്സി അരങ്ങേറ്റം കുറിച്ച കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവിയയെ കീഴടക്കിയാണ് സീസണിലെ ആദ്യ കിരീടത്തില്‍ ബാഴ്‌സ മുത്തമിട്ടത്. ആന്ദ്രെ ഇനിയേസ്റ്റ ക്ലബ്ബ് വിട്ടതോടെയാണ് മെസ്സി ടീമിന്റെ നായകനായത്.

ബാഴ്‌സയ്ക്കായി ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരമെന്ന നേട്ടവും മെസ്സി ഇന്നലെ സ്വന്തമാക്കി. ബാഴ്‌സയ്‌ക്കൊപ്പം 33 കിരീടമാണ് മെസ്സി നേടിയത്. 32 കിരീടം നേടിയ ഇനിയേസ്റ്റയെയാണ് മെസ്സി മറികടന്നത്. നാല് ചാമ്പ്യന്‍സ് ലീഗ്, ഒന്‍പത് ലാ ലിഗ കിരീടങ്ങള്‍, ആറ് കോപ്പ ഡെല്‍ റേ എന്നിവ ഉള്‍പ്പെടെയാണിത്. ഇത്തവണ പതിവുതെറ്റിച്ച് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലാണ് മത്സരം നടന്നത്. ഇതാദ്യമായാണ് സൂപ്പര്‍കപ്പ് പോരാട്ടം സ്‌പെയിനു പുറത്തു നടക്കുന്നത്. ഇരുപാദ മത്സരങ്ങളാണ് പതിവെങ്കിലും ഇക്കുറി ആ പതിവും തെറ്റിച്ചു. മെസ്സി മൊറോക്കോയില്‍ കളിക്കുന്നത് ആദ്യമായിട്ടാണെന്ന സവിശേഷതയുമുണ്ട്.

സ്പാനിഷ് ലാ ലിഗ ജേതാക്കളും കോപ്പ ഡെല്‍ റെ ജേതാക്കളും തമ്മിലുള്ള വാര്‍ഷിക മത്സരമായ സ്പാനിഷ് സൂപ്പര്‍ കപ്പില്‍, കഴിഞ്ഞ തവണ രണ്ടു കിരീടങ്ങളും ബാഴ്‌സ നേടിയതിനാലാണ് സെവിയയ്ക്ക് അവസരം കിട്ടിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബാഴ്‌സലോണ വിജയം നേടിയത്. കളിയുടെ ഒമ്പതാം മിനിറ്റില്‍ പാബ്ലോ സറാബിയയിലൂടെ സെവിയ ലീഡ് നേടിയെങ്കിലും 42-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയും 79-ാം മിനിറ്റില്‍ ഒൗസ്മാനെ ഡെംബെലെയും ലക്ഷ്യം കണ്ട് ബാഴ്‌സയെ വിജയത്തിലേക്ക് നയിച്ചു.

മെസ്സിയും സുവാരസും ഉള്‍പ്പെട്ട ബാഴ്‌സലോണ താരനിരയ്‌ക്കെതിരെ മികച്ച മുന്നേറ്റമാണ് സെവിയ തുടക്കത്തില്‍ നടത്തിയത്. ഇത്തരത്തില്‍ നടത്തിയ സുന്ദരമായ ഒരു നീക്കത്തിനൊടുവിലാണ് സെവിയ ലീഡ് നേടിയത്. ലൂയിസ് മ്യൂറിയല്‍ പന്തുമായി മുന്നേറി ബോക്‌സില്‍ പ്രവേശിച്ചശേഷം  പാബ്ലോ സറാബിക്ക് നല്‍കി. പന്ത് കിട്ടിയ സറാബി വച്ചു താമസിപ്പിക്കാതെ ഇടംകാലുകൊണ്ട് പായിച്ച തകര്‍പ്പന്‍ ഷോട്ട് ബാഴ്‌സ ഗോളിയെ മറികടന്ന് വലയില്‍ കയറി. എന്നാല്‍ ലൈന്‍ റഫറി ഇത് ഓഫ് സൈഡ് വിളിച്ചു. പിന്നീട് വിഎആറിന്റെ സഹായത്തോടെയാണ് ഗോള്‍ അനുവദിച്ചത്.

ലീഡ് വഴങ്ങിയ ബാഴ്‌സലോണ പിന്നീട് നിരവധി മുന്നേറ്റങ്ങള്‍ മെനഞ്ഞു. എന്നാല്‍ സെവിയ പ്രതിരോധം കോട്ടകെട്ടി കാത്തതോടെ അവരുടെ മുന്നേറ്റങ്ങളെല്ലാം വിഫലമായി. സെവിയ ഗോളിയുടെ മിന്നുന്നഫോമും ബാഴ്‌സയ്ക്ക് തിരിച്ചടിയായി. എന്നാല്‍ 42-ാം മിനിറ്റില്‍ ബാഴ്‌സ സമനില ഗോള്‍ കണ്ടെത്തി. മെസ്സിയെടുത്ത ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ജെറാര്‍ഡ് പിക്വെ റീബൗണ്ട് പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍. 

രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങളാണ് ഇരുടീമുകളും നടത്തിയത്. എന്നാല്‍ ഗോള്‍ വിട്ടുനിന്നു. ഒടുവില്‍ 79-ാം മിനിറ്റില്‍ ഡെംബെലെ ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് ക്രോസ്ബാറിന്റെ അടിയില്‍ തട്ടി വലയില്‍ പതിച്ചു. കളിയുടെ അവസാന മിനിറ്റില്‍ സെവിയയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. വിസിം ബെന്‍ യെദ്ദെര്‍ എടുത്ത പെനാല്‍റ്റി ബാഴ്‌സ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.