പിഎസ്‌ജിക്ക് ജയത്തുടക്കം

Tuesday 14 August 2018 2:55 am IST

പാരിസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് വിജയത്തുടക്കം. ആറുമാസത്തെ ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ സൂപ്പര്‍താരം നെയ്മര്‍ ഗോളടിച്ച് തുടങ്ങിയ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കെയ്‌നെ തകര്‍ത്തു. സൂപ്പര്‍ താരങ്ങളായ എഡിസണ്‍ കവാനിയെയും കൈലിയന്‍ എംബപ്പെയെയും പുറത്തിരുത്തിയാണ് കോച്ച് പിഎസ്ജി ടീമിനെ കളത്തിലിറക്കിയത്. പിഎസ്ജിക്കായി നെയ്മര്‍ 10-ാം മിനിറ്റില്‍ തുടങ്ങിയ ഗോളടി, അഡ്രിയാന്‍ റാബിയട്ട് (35), തിമോത്തി വിയ (89) എന്നിവരാണ് പൂര്‍ത്തിയാക്കിയത്. ഈ സീസണില്‍ ടീമിന്റെ കോച്ചായി ചുമതലയേറ്റ ജര്‍മന്‍ പരിശീലകന്‍ തോമസ് ടൂഷലിനും വിജയത്തോടെ സീസണ്‍ ആരംഭിക്കാനായി. മത്സരത്തിന് മുന്‍പ് ലോകകപ്പ് കിരീടം ചൂടിയ ഫ്രഞ്ച് ടീമിലെ പിഎസ്ജി താരങ്ങളെ ആദരിച്ചു.

യുവന്റസില്‍ നിന്ന് ഈ സീസണില്‍ ടീമിലെത്തിയ ഇറ്റാലിയന്‍ ഇതിഹാസ ഗോളി ജിയാന്‍ല്യൂജി ബഫണിന് ആദ്യ ഇലവനില്‍ കോച്ച് സ്ഥാനം നല്‍കുകയും ചെയ്തു. അതേസമയം എംബപ്പെ, കവാനി എന്നിവര്‍ക്കു പുറമെ ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, തോമസ് മ്യൂനിയര്‍, കെവിന്‍ ട്രാപ്പ് തുടങ്ങിയവര്‍ പകരക്കാരുടെ ബെഞ്ചിലിരുന്നു.

കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ പിഎസ്ജി പത്താം മിനിറ്റില്‍ നെയ്മറിലൂടെ ഗോളടി തുടങ്ങി. എന്‍കുന്‍ഗുവില്‍നിന്ന് ലഭിച്ച പന്തുമായി കെയ്ന്‍ ബോക്‌സിലേക്കു കയറിയ നെയ്മര്‍ അനായാസമായാണ് വല കുലുക്കിയത്. പിന്നീട് 35-ാം മിനിറ്റില്‍ മധ്യനിര താരം റാബിയട്ട് ലീഡ് വര്‍ധിപ്പിച്ചു. കെയ്ന്‍ താരങ്ങളുടെ പിഴവു മുതലെടുത്ത് എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ പാസ്, റാബിയട്ട് അനായാസം വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലും പിഎസ്ജി ഒട്ടേറെ അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും പോസ്റ്റിനു മുന്നില്‍ കെയ്ന്‍ ഗോള്‍കീപ്പര്‍ സാമ്പ വിലങ്ങുതടിയായി.

ഒടുവില്‍ 82-ാം മിനിറ്റില്‍ നെയ്മറെ പിന്‍വലിച്ച് തിമോത്തി വിയയെ പിഎസ്ജി കളത്തിലിറക്കി. കളത്തിലെത്തി 7 മിനിറ്റുശേഷം താരം ഗോളടിക്കുകയും ചെയ്തു. കെയ്ന്‍ ഗോളിയുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ബോക്‌സിനുള്ളില്‍ പന്തു ലഭിച്ച സാമ്പ അതുവച്ചു താമസിപ്പിച്ചതാണ് വിനയായത്. അവസരം മുതലെടുത്ത വിയ പന്തു ഗോളിലെത്തിച്ചു. തുടര്‍ന്ന് ജഴ്‌സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച വിയ മഞ്ഞക്കാര്‍ഡും കണ്ടു.

മറ്റൊരു മത്സരത്തില്‍ ലിയോണും വിജയത്തുടക്കം കുറിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിയോണ്‍ അമിന്‍സിനെ തോല്‍പ്പിച്ചു. ലിയോണിനായി 24-ാം മിനിറ്റില്‍ ട്രോറെ, 75-ാം മിനിറ്റില്‍ ഡിപേ എന്നിവര്‍ ഗോള്‍ നേടി.മറ്റൊരു കളിയില്‍ ബോര്‍ഡക്‌സിനെ അട്ടിമറിച്ച് സ്ട്രാസ്ബര്‍ഗ് വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.