സിറ്റി തുടങ്ങി

Tuesday 14 August 2018 2:57 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുതിയ സീസണില്‍ വിജയത്തോടെ തുടക്കം. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന ലീഗിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ ആഴ്‌സണലിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. റഹിം സ്റ്റര്‍ലിങ്, ബെര്‍ണാഡോ സില്‍വ എന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്.

ആഴ്‌സണലിന്റെ തട്ടകത്തില്‍ നടന്ന കളിയില്‍ സിറ്റിക്കായിരുന്നു ആധിപത്യം. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നു. എന്നാല്‍ ആഴ്‌സണല്‍ ഗോളി പീറ്റര്‍ ചെക്കിന്റെ മിന്നുന്ന പ്രകടനമാണ് തോല്‍വി രണ്ടിലൊതുക്കിയത്.

കളിയില്‍ ആദ്യ അവസരം ലഭിച്ചത് ആഴ്‌സണലിനായിരുന്നു. എന്നാല്‍ രണ്ടാം മിനിറ്റില്‍ ആരോണ്‍ റംസിക്ക് ലഭിച്ച അവസരം സിറ്റി ഗോളി എഡേഴ്‌സണ്‍ രക്ഷപ്പെടുത്തി. ഒമ്പതാം മിനിറ്റില്‍ സിറ്റിക്കും അവസരം ലഭിച്ചു. എന്നാല്‍ റഹിം സ്റ്റര്‍ലിങിന്റെ ഇടംകാലന്‍ ഷോട്ട് പീറ്റര്‍ ചെക്ക് രക്ഷപ്പെടുത്തി. 

അഞ്ച് മിനിറ്റിനുശേഷം സിറ്റി സ്റ്റര്‍ലിങ്ങിലൂടെ ലീഡ് നേടി. ബെഞ്ചമിന്‍ മെന്‍ഡിയുടെ പാസ് സ്വീകരിച്ച് സ്റ്റര്‍ലിങ് ബോക്‌സിന് പുറത്തുനിന്ന് പായിച്ച ബുള്ളറ്റ് ഷോട്ട് പീറ്റര്‍ ചെക്കിനെ കീഴടക്കി വലയില്‍ കയറി (1-0). പിന്നീട് ഗോള്‍ മടക്കാന്‍ ആഴ്‌സണലിനും ലീഡ് ഉയര്‍ത്താന്‍ സിറ്റിക്കും ചില നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും രണ്ട് ഗോളികളും ചോരാത്ത കൈകളുമായി പോസ്റ്റിനുമുന്നില്‍ നിലയുറപ്പിച്ചതോടെ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.

രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ചു. കളിയുടെ 64-ാം മിനിറ്റില്‍ സിറ്റി വിജയമുറപ്പിച്ച് രണ്ടാം ഗോളും നേടി. ബെഞ്ചമിന്‍ മെന്‍ഡിയുടെ പാസ് ബോക്‌സിനുള്ളില്‍ സ്വീകരിച്ച് ബെര്‍ണാഡോ സില്‍വ പായിച്ച ഷോട്ടാണ് പിറ്റര്‍ ചെക്കിനെ കീഴടക്കി വലയിലെത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.