തോൽവി അർഹിച്ചതെന്ന് കോഹ്‌ലി

Tuesday 14 August 2018 2:58 am IST

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഇന്നിങ്‌സ് തോല്‍വി അര്‍ഹിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മത്സരത്തിന്റെ ഒരുഘട്ടത്തിലും മികച്ച പ്രകടനം നടത്താന്‍ ടീമിനായില്ല. മത്സരത്തില്‍ ഇംഗ്ലണ്ട് സമ്പൂര്‍ണ ആധിപത്യമാണ് ഇന്ത്യക്കെതിരെ നേടിയത്. മത്സരശേഷം തീര്‍ത്തും നിരാശനായിരുന്ന കോഹ്‌ലി ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കത്തക്കതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.

എന്നാല്‍ ആരെയും കുറ്റപ്പെടുത്താനൊന്നും കോഹ്‌ലി മുതിര്‍ന്നില്ല. മോശം സാഹചര്യത്തില്‍ ബാറ്റുചെയ്യേണ്ടി വന്നത് തോല്‍വിയിലേക്ക് നയിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്ന് കോഹ്‌ലി പറഞ്ഞു.  എങ്കിലും മൂന്നാം ടെസ്റ്റില്‍ തിരിച്ചുവരവിന് ശ്രമിക്കുമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

അതിനിടെ രണ്ടാം ടെസ്റ്റിനിടെ പുറംവേദന അലട്ടിയിരുന്നതായും കോഹ്‌ലി പറഞ്ഞു. രണ്ടാം ടെസ്റ്റിനുശേഷമുള്ള പുരസ്‌ക്കാരദാന ചടങ്ങിനിടെയാണ് പുറംവേദന അലട്ടിയിരുന്നതായി കോഹ്‌ലി പറഞ്ഞത്. എന്നാല്‍  മൂന്നാം ടെസ്റ്റിന് മുന്‍പ് ശാരീരികക്ഷമത വീണ്ടെടുക്കുമെന്നും കളിക്കാനിറങ്ങുമെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു. ലോര്‍ഡ്‌സ് ടെസ്റ്റില്‍ നാലാം ദിനം പുറം വേദനയെത്തുടര്‍ന്ന് കോഹ്‌ലി ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. കോഹ്‌ലിക്ക് പകരം രവീന്ദ്ര ജഡേജയാണ് ഫീല്‍ഡിങ്ങിനിറങ്ങിയത്. കോഹ്‌ലിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് നാലാം ദിവസം ടീമിനെ നയിച്ചത്.

തുടര്‍ന്ന് ഇന്ത്യ ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ആവശ്യമായ സമയം ഗ്രൗണ്ടില്ലാത്തതിനാല്‍ അഞ്ചാമനായാണ് കോഹ്‌ലി ക്രീസിലെത്തിയത്. ബാറ്റിങ്ങിനിടെ കോഹ്‌ലിയെ പുറംവേദന അലട്ടുന്നുണ്ടെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. പുറംവേദന സാരമുള്ളതല്ലെന്നും രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം കൊണ്ട് മാറുമെന്നാണ് പ്രതീക്ഷയെന്നും നായകന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കോഹ്‌ലി സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും കോലിക്ക് 17 റണ്‍സ് വീതമെടുക്കാനെ കഴിഞ്ഞുള്ളൂ. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ഇന്ത്യ 0-2ന് പിന്നിലാണ്. 18 നോട്ടിംഗ്ഹാമിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.