പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: നളിന്‍കുമാര്‍ കട്ടീല്‍

Tuesday 14 August 2018 3:00 am IST

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ കെടുതികളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി മംഗലാപുരം എംപി നളീന്‍കുമാര്‍ കട്ടീല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും നഷ്ടപരിഹാരം വിലയിരുത്താനുമാണ് അദ്ദേഹം വയനാട്ടിലെത്തിയത്. കല്‍പ്പറ്റ മുണ്ടേരിയിലെ ക്യാമ്പിലെത്തിയ അദ്ദേഹം വിവരങ്ങള്‍ നേരിട്ട് ചോദിച്ച് മനസിലാക്കി. റവന്യൂ അധികൃതരും നാട്ടുകാരും എന്‍എസ്എസ് വോളണ്ടിയര്‍മാരും ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

 പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിയശേഷം കേന്ദ്രസംഘം വീണ്ടും എത്തുമെന്നും അതിനുശേഷമുള്ള കെടുതികളും വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. അടിയന്തര ധനസഹായമായി 100 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തുടര്‍ ധനസഹായം പെട്ടന്ന് ലഭിക്കാനുള്ള നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍ സെക്രട്ടറിമാരായ പി.ജി. ആനന്ദ്കുമാര്‍, കെ. മോഹന്‍ദാസ് നേതാക്കളായ പി.സി. മോഹനന്‍, കെ. സദാനന്ദന്‍, കെ. ശാന്തകുമാരി, കെ.എം. പൊന്നു, അരോട രാമചന്ദ്രന്‍, കണ്ണന്‍ കണിയാം എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.