ഇ-പോസ് മെഷിനുകള്‍ പണിമുടക്കുന്നു; വെള്ളപ്പൊക്ക പ്രദേശങ്ങളിലെ റേഷന്‍ വിതരണം അവതാളത്തില്‍

Tuesday 14 August 2018 3:02 am IST

ആലപ്പുഴ: റേഷന്‍ ഗുണഭോക്താക്കളെയും വ്യാപാരികളെയും വലച്ച് ഇ-പോസ് മിഷന്‍ സെര്‍വര്‍ തകരാര്‍ തുടരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഏപ്രില്‍ മുതലാണ് റേഷന്‍ കടകളില്‍ ഇപോസ് മെഷിന്‍ സ്ഥാപിച്ചത്. നാല് മാസം കഴിഞ്ഞിട്ടും സെര്‍വര്‍ തകരാറും നെറ്റ്‌വര്‍ക്ക് തകരാറും പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗുണഭോക്താക്കളെത്തുമ്പോള്‍ തകരാര്‍ സംഭവിക്കുന്നത് വ്യാപാരികളെയും കാര്‍ഡ് ഉടമകളെയും ഒരുപോലെ കുഴപ്പിക്കുന്നു. 

 ഏതു സിമ്മിലും പ്രവര്‍ത്തിക്കുമെന്നതിനാല്‍ റേഞ്ച് പ്രശ്നങ്ങള്‍ ബാധിക്കില്ലെന്നും സാങ്കേതിക തകരാറുണ്ടായാല്‍ പരിഹരിക്കാന്‍ വിദഗ്ദ്ധരെ നിയോഗിച്ചിട്ടുണ്ടെന്നും ഇതോടൊപ്പം റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമാകുന്നില്ല. റേഷന്‍വിതരണം പൂര്‍ണമായി സുതാര്യമാക്കുവാന്‍ വേണ്ടി ആരംഭിച്ച പദ്ധതി ഇപ്പോള്‍ അധികൃതരുടെ അനാസ്ഥയില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

 തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് വ്യാപാരികള്‍ പറയുന്നു. വെള്ളപ്പൊക്ക കെടുതി നേരിടുന്ന കുട്ടനാട് താലൂക്കില്‍ ഗുണഭോക്താക്കള്‍ക്ക് റേഷന്‍ വിഹിതം വാങ്ങിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞമാസം 50 ശതമാനം റേഷന്‍ കാര്‍ഡുടമകള്‍ക്കും സെര്‍വര്‍ തകരാറിലായതിനാല്‍ റേഷന്‍ വാങ്ങിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മാസം വാങ്ങിക്കാന്‍ കഴിയാതിരുന്ന ഭക്ഷ്യധാന്യങ്ങള്‍ പിന്നീട് ലഭിക്കുകയുമില്ല. ആഴ്ചകളായി ജോലിക്ക് പോകാന്‍ കഴിയാതിരുന്നവര്‍ക്ക് റേഷന്‍ വിഹിതം ലഭിക്കാതിരിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. 

എഎവൈ, മുന്‍ഗണന കാര്‍ഡുകള്‍ക്ക് പുഞ്ചയരി കൂടുതല്‍ നല്‍കുകയും പച്ചരി, ചാക്കരി എന്നിവ പേരിന് നല്‍കിയിട്ട് കോംബോ സിസ്റ്റം ഏര്‍പ്പെടുത്തിയിരിക്കുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യാപാരി സംഘടനകള്‍ പറയുന്നു. എഎവൈ, മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് കടയില്‍ ലഭിക്കുന്ന സ്റ്റോക്കിന് അനുസരിച്ച് വിതരണത്തിന് ഇപോസ് മെഷിന്‍ ക്രമീകരിക്കണമെന്നാണ് അവരുടെ ആവശ്യം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.