ഇപി ജയരാജൻ്റെ തന്ത്രവും മന്ത്രവും

Tuesday 14 August 2018 3:03 am IST

തിരുവനന്തപുരം: ഇ.പി.ജയരാജന്‍ ചില്ലറക്കാരനല്ല. തോളില്‍ വെടിയുണ്ടയുമായി പൊതുപ്രവര്‍ത്തനം നടത്തുന്ന കമ്മ്യൂണിസ്റ്റുകാരന്‍. തൊടുന്നതെല്ലാം വിവാദത്തിലെത്തിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം. ജയരാജന്റെ പേര് ഓര്‍ക്കുമ്പോള്‍ സാന്റിയാഗോ മാര്‍ട്ടിനും വിവാദ വ്യവസായി വി.എം.രാധാകൃഷ്ണനും ലിസ് ചാക്കോയും ഓര്‍മയിലെത്തും. വിവാദ ഇടപാടുകളുമായി കെട്ടുപിണഞ്ഞുള്ള പേര്. പണക്കാരന്റെ പോക്കറ്റിലെ പണം പാര്‍ട്ടിയിലേക്ക് എത്തിക്കുന്ന മഹാമാന്ത്രികന്‍. അര്‍ഹതയില്ലാത്ത ബന്ധുക്കളെ വ്യവസായവകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ താക്കോല്‍സ്ഥാനത്ത്  നിയമിച്ചത് മറക്കാറായില്ലല്ലോ. അതിന്റെ പേരിലാണ് വ്യവസായ മന്ത്രിസ്ഥാനത്തുനിന്നും രാജിവയ്‌ക്കേണ്ടിവന്നത്. പിണറായി വിജയന്‍ മന്ത്രിസഭയിലെ ആദ്യരാജിക്കാരനെന്ന പേരും നേടി.

അന്ന് പറഞ്ഞത് തെറ്റൊന്നും ചെയ്തില്ല, ധാര്‍മികതയുടെ പേരിലാണ് രാജി എന്നായിരുന്നു. രണ്ടാമതും മന്ത്രിയാകുന്നത് ഏത് ധാര്‍മികതയുടെ പേരില്ലെന്ന് എങ്ങനെ ചോദിക്കാതിരിക്കും? കേരളം ഇന്ന് ദുരന്തഭൂമിയാണ്. ദുരിതാശ്വാസനിധിയിലേക്ക് പണമൊഴുക്കാന്‍ മുഖ്യമന്ത്രി അഭ്യര്‍ഥിക്കുന്നു. ബക്കറ്റുമായി പിരിവിന് വരുമ്പോള്‍ ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നു. ചെലവുചുരുക്കാന്‍ ആഹ്വാനവുമുണ്ട്. അപ്പോഴാണ് ഒരു മന്ത്രിയെ അധികം സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്. സിപിഐ ക്കാകട്ടെ ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പും. എങ്ങിനെയുണ്ട് ബുദ്ധി.

ഒരുമന്ത്രിക്ക് ഓഫീസ്, സ്റ്റാഫ് പാറാവ്, വാഹനങ്ങള്‍ രണ്ടുകോടിയെങ്കിലും വാര്‍ഷിക ചെലവ്. ചീഫ് വിപ്പിനും അത്രതന്നെ. കേരളം കുത്തുപാളയെടുക്കുമ്പോഴാണ് നേതാക്കളുടെ വീതംവയ്പ്. പ്രാര്‍ഥനയിലും മന്ത്രത്തിലുമെല്ലാം അര്‍ഥമുണ്ടെന്ന് മന്ത്രിപ്പണി പോയപ്പോള്‍ തിരിച്ചറിഞ്ഞ ജയരാജന്‍ പൂമൂടല്‍ക്രിയ നടത്തിയോ, ശത്രുസംഹാരപൂജ നടത്തിയോ എന്നറിയില്ല. ഏതായാലും തടിമിടുക്കുള്ള രണ്ടാമനെ കിട്ടിയല്ലോ എന്ന് മുഖ്യമന്ത്രിക്ക് ആശ്വസിക്കാം.

മന്ത്രിയുടെ ഓഫിസും അംഗരക്ഷകരും പരിവാരപ്പടയും പേഴ്സനല്‍ സ്റ്റാഫും ഒക്കെയായി ഡസന്‍കണക്കിന് ആളുകള്‍ക്കാണ് സര്‍ക്കാര്‍ പുതുതായി ധനം വ്യയം ചെയ്യേണ്ടിവരുന്നത്. 19 പേര്‍ക്കു തന്നെ യാതൊരു പ്രതിബന്ധമോ പ്രയാസമോ ഇല്ലാതെ ചെയ്തുതീര്‍ക്കാവുന്ന കാര്യങ്ങള്‍ക്കാണ് വീണ്ടും ആളുകളെ നിയമിക്കുന്നത്. ജയരാജന്‍ മന്ത്രിസ്ഥാനത്തു നിന്നു പോയതിനു ശേഷം മന്ത്രിസഭയുടെ പ്രവര്‍ത്തനത്തില്‍ അക്കാരണം കൊണ്ട് എന്തെങ്കിലും തടസ്സമോ കുറവോ ഉണ്ടായതായി കാണുന്നില്ല. അതിനാല്‍, ജയരാജനെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ഒരാള്‍ മാറിക്കൊടുക്കുക എന്നതാണ് ന്യായമായി അനുവര്‍ത്തിക്കേണ്ട രീതി.

അവിടെയാണ് പ്രശ്നവും. ഒരാളും മാറാന്‍ തയ്യാറല്ല. മാറ്റാന്‍ പാര്‍ട്ടി നേതൃത്വവും തയ്യാറല്ല. പാര്‍ലമെന്ററി വ്യാമോഹമെന്നത് ലവലേശം തീണ്ടാത്ത തനി വിപ്ലവപ്പാര്‍ട്ടിയാണെന്നു മേനി നടിക്കുന്ന സിപിഎമ്മിന്റെ യഥാര്‍ഥത്തിലുള്ള ഇന്നത്തെ അവസ്ഥ നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിയുടെ ഈ നീക്കം സഹായിക്കും. അധികാരം എന്ന മധുരിക്കുന്ന ചക്കര കിട്ടിയാല്‍ ഏതു കൊലകൊമ്പന്‍ കമ്മ്യൂണിസ്റ്റ് ആദര്‍ശവാദിയാണെങ്കിലും തരിമ്പും വിട്ടുകൊടുക്കില്ല എന്നതുതന്നെ സത്യം.

ഇരുപത് മന്ത്രിമാര്‍ ഭരിക്കട്ടെ, നാട്ടുകാര്‍ക്ക് നഷ്ടമില്ലല്ലോ എന്നു കരുതാനും വയ്യാത്ത അവസ്ഥയാണ്. സിപിഎം അധികമായി ഒരു മന്ത്രിസ്ഥാനം അടിച്ചെടുക്കുമ്പോള്‍ സിപിഐ കൈയും കെട്ടി നോക്കിയിരിക്കുമെന്നു കരുതുന്നത് മണ്ടത്തരമാണ്. മന്ത്രിസഭയിലെ അംഗങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കരുത് എന്നാണ് സിപിഐ നേരത്തേ പരസ്യ നിലപാട് എടുത്തതെങ്കിലും അതൊക്കെ മറന്നേക്കൂ എന്ന സ്ഥിതിയിലായി സിപിഐ. അഭിപ്രായം ഇരുമ്പുലക്കയല്ലെന്നാണ് നേതൃത്വം തെളിയിച്ചത്. യുഡിഎഫ് 20 മന്ത്രിമാരെ നിശ്ചയിച്ചപ്പോള്‍ എന്തായിരുന്നു കോലാഹലം. ജയരാജന്‍ അന്നും ഇന്നും നിരപരാധിയെന്ന് പറയുന്നു. ആരോ സമ്മര്‍ദ്ദം ചെലുത്തി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെക്കൊണ്ട് കേസ്സെടുപ്പിച്ചു എന്നാണ് ജയരാജന്‍ പറഞ്ഞത്. ആരായിരിക്കും സമ്മര്‍ദ്ദം ചെലുത്തിയത്? പിണറായി വിജയനോ കോടിയേരിബാലകൃഷ്ണനോ? ഇവരാരെങ്കിലും വിശദീകരണം നല്‍കേണ്ടിയിരിക്കുന്നു.

കെ. കുഞ്ഞിക്കണ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.