മുനമ്പം ബോട്ടപകടം: കപ്പലില്‍ ശാസ്ത്രീയ പരിശോധന നടത്താതെ അധികൃതര്‍

Tuesday 14 August 2018 3:06 am IST

കൊച്ചി:  മുനമ്പം പുറംകടലില്‍ മത്സ്യബന്ധന ബോട്ടായ ഓഷ്യാനിക്കിനെ ഇടിച്ച് തകര്‍ത്ത ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എം.വി. ദേശശക്തി കപ്പലില്‍ ശാസ്ത്രീയ പരിശോധന നടത്താതെ കോസ്റ്റല്‍ പോലീസ്. മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ പുറമേ നിന്ന് മാത്രമാണ് കൊച്ചിയില്‍ നിന്നുപോയ സംഘം പരിശോധിച്ചത്. കപ്പലിന്റെ മുന്‍ഭാഗത്ത് ബോട്ടുമായി ഉരസിയതിന്റെ പാടുകള്‍ മാത്രമാണ് പരിശോധനാ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചത്. 

ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസിന് അധികാരം ഉള്ളതാണെങ്കിലും ഇത് വിനിയോഗിച്ചിട്ടില്ല. കപ്പലിന്റെ വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍, ലോഗ് ബുക്ക് എന്നിവ പിടിച്ചെടുത്ത് പരിശോധന നടത്തുകയാണ് വേണ്ടത്. എന്നാല്‍ ഇവയൊന്നും ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സ്വഭാവിക യാത്രയ്ക്കിടയില്‍ എന്ത് തടസ്സവും അപകടവും ഉണ്ടായാലും  വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ ലോക്ക് ചെയ്യും. ലോക്ക് ചെയ്യുന്നത് കരയില്‍ നിന്നും എത്ര നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നും സംഭവിച്ച സമയവും കപ്പലിലെ റഡാറില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. അപകടത്തിന് മുമ്പ് ബോട്ടിന് നല്‍കിയിരുന്ന നിര്‍ദേശങ്ങളും അപകട മുന്നറിയിപ്പുകളും കൃത്യമായി റെക്കോര്‍ഡറില്‍ പതിഞ്ഞിട്ടുണ്ടാകും. ഇങ്ങനെയുള്ള സമഗ്ര വിവരങ്ങള്‍ പരിശോധിച്ചാല്‍ അന്വേഷണ സംഘത്തിന് തെളിവ് കണ്ടെത്താന്‍ സാധിക്കും. കോസ്റ്റല്‍ പോലീസിന് കപ്പലിന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് മര്‍ക്കന്റയില്‍ മറൈന്‍ വിഭാഗത്തിന്റെ സഹകരണവും തേടാം.

അതേസമയം മുനമ്പം ദുരന്തത്തില്‍ കൈക്കൊണ്ട നടപടികളറിയിക്കാന്‍ ഹൈക്കോടതി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ അടിയന്തരമായി രൂപീകരിക്കേണ്ട ക്രൈസിസ് മാനേജ്‌മെന്റ് ടീം സംബന്ധിച്ച് കൈക്കൊണ്ട നടപടികള്‍ അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അപകടത്തില്‍ മരിച്ച കുളച്ചല്‍ സ്വദേശി സഹായ രാജിന്റെ ഭാര്യ വയലറ്റ് മേരി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 

അപകടസ്ഥാനം കണ്ടെത്തി

കൊച്ചി: കപ്പലിടിച്ച് കടലില്‍ തകര്‍ന്ന ഓഷ്യാനിക് ബോട്ടിന്റെ സ്ഥാനം കണ്ടെത്തി. മുനമ്പം തീരത്തു നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ഏഴിന് അപകടം നടന്നത്. ഇതിനു സമീപത്താണ് മുങ്ങിയ നിലയില്‍ ബോട്ട് ഉള്ളതായി നാവികസേനയുടെ പരിശോധനയില്‍ കണ്ടെത്തിയത്. 

സാനു. കെ. സജീവ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.