കാന്തപുരത്തിന് തിരിച്ചടി; ഹജ്ജ് കമ്മിറ്റിയില്‍ വനിതാ അംഗവും

Tuesday 14 August 2018 3:07 am IST

കോഴിക്കോട്: കാന്തപുരം വിഭാഗം ചെയര്‍മാനായ ഹജ്ജ് കമ്മറ്റിയില്‍ വനിതാ അംഗം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിലാദ്യമായാണ് വനിതാ അംഗത്തെ ഉള്‍പ്പെടുത്തുന്നത്. പുതിയ ചെയര്‍മാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മൗലവിയുടെ മരുമകനും മര്‍ക്കസിന്റെ മാനേജരുമായ സി.മുഹമ്മദ് ഫൈസിയാണ്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ആദ്യ യോഗത്തിലാണ് മുഹമ്മദ് ഫൈസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. 

ഐഎന്‍എല്‍ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും നാഷണല്‍ വനിതാ ലീഗിന്റെ സെക്രട്ടറിയുമായ എല്‍. സുലൈഖയാണ് കമ്മറ്റിയിലെ ഏക വനിതാ അംഗം. കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ഇവര്‍. പൊതു വേദികളില്‍ വൈസ് ചെയര്‍പേഴ്‌സണ്‍  നിലവിളക്ക് കൊളുത്തി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ മുസ്ലിം സമൂഹത്തിലെ ചില സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു.

സ്ത്രീകളെ പൊതുരംഗത്ത് കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ത്തിരുന്ന  വിഭാഗമാണ് കാന്തപുരം എ പി വിഭാഗം. സ്ത്രീപുരുഷ സമത്വം ഇസ്ലാമില്‍ അനുവദനീയമല്ലെന്നാണ് കാന്തപുരം വിഭാഗത്തിന്റെ പ്രഖ്യാപിത നിലപാട്. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമുള്ള കഴിവേയുള്ളൂവെന്നും ലിംഗസമത്വം ഇസ്ലാമിന് എതിരാണെന്നുമുള്ള പ്രസ്താവനകള്‍ വിവാദമായിരുന്നു. ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷനാണെന്നും സ്ത്രീകളെ പൊതു രംഗത്തേക്ക് കൊണ്ടുവരുന്നത് ഇസ്ലാമിന് നേരെയുള്ള ഒളിയമ്പാണെന്നുമായിരുന്നു കാന്തപുരം വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ കാന്തപുരം വിഭാഗത്തിലെ മുഹമ്മദ് ഫൈസി ചെയര്‍മാനായ കമ്മിറ്റിയില്‍ വനിതയെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ കാന്തപുരം വിഭാഗത്തിനെതിരെ ഉയരുന്നത്. അധികാരം ലഭിക്കുമ്പോള്‍ നിലപാട് മാറ്റുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. 

എന്നാല്‍ ഇത് ഭരണപരമായ തീരുമാനം മാത്രമാണെന്നും ഹജ്ജ് കമ്മിറ്റിയില്‍ വനിതയെ ഉള്‍പ്പെടുത്തിയത് ഹജ്ജ് തീര്‍ഥാടകരായ സ്ത്രീകള്‍ക്ക് ഗുണകരമാവുമെന്നാണ് മുഹമ്മദ് ഫൈസി വ്യക്തമാക്കിയത്.  ആദ്യ യോഗത്തില്‍ പ്രശ്‌നമൊന്നുമുണ്ടായില്ലെന്നും ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു യോഗ അജണ്ടയെന്നും സുലൈഖ പറഞ്ഞു. രണ്ട് എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ ഉള്‍പ്പെടെ പതിനാറുപേരാണ് പുതിയ ഹജ്ജ് കമ്മിറ്റിയില്‍ അംഗങ്ങളായിട്ടുളളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.