ആഭിചാരത്തിനും വേണം കടുത്ത ശിക്ഷ

Tuesday 14 August 2018 3:10 am IST

പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും ഇടവിട്ട് ഇടവിട്ടു മനുഷ്യനെ പിടികൂടുന്ന ദുരന്തങ്ങളാണ്. അവയില്‍ നിന്നു പൂര്‍ണമായ മുക്തി സാധ്യമല്ലായിരിക്കാം. പക്ഷേ, പരിഹാരമുണ്ട്. മാത്രമല്ല അവയ്ക്കു കടന്നു വരാന്‍ എന്തെങ്കിലും ചിലകാരണങ്ങളുണ്ടുതാനും. ഇതൊന്നുമില്ലാതെ മനുഷ്യനെ പിടികൂടുന്ന ദുരന്തമാണ് അന്ധവിശ്വാസവും അനാചാരങ്ങളും അതില്‍ നിന്നു പിറവിയെടുക്കുന്ന ആഭിചാരങ്ങളും ദുര്‍മന്ത്രവാദവും. സാമ്പത്തിക, ലൈംഗിക ചൂഷണവും കൊലപാതകവുമാണ് ഇതിന്റെ അനന്തര ഫലം. അതുണ്ടാക്കുന്നത് പ്രകൃതിയല്ല, മനുഷ്യന്‍തന്നെയാണ്. വികലമായ മനസ്സുകളില്‍ നിന്ന് രൂപമെടുക്കുന്ന ഈ പ്രവണതയ്ക്കു വളരാന്‍ നിലവും വളവുമാകുന്നത് ദുര്‍ബല മനസ്സുകളാണ്. ദേശകാല വ്യത്യാസമില്ലാതെ തുടരുന്ന ഈ സമ്പ്രദായത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് കേരളം. വികസനവും വിദ്യാഭ്യാസവും കടന്നു ചെന്നിട്ടില്ലാത്ത മറുനാടന്‍ ഗ്രാമങ്ങളില്‍ തഴച്ചു വളര്‍ന്നിരുന്ന ഇത്തരം വിശ്വാസങ്ങള്‍ക്കും ചെയ്തികള്‍ക്കും ഇന്നും അവിടെ നല്ല വേരോട്ടമുണ്ട്. പക്ഷേ, അതുപോലെയല്ല പരിഷ്‌കൃത ജനതയുടെ നാടെന്ന് അഭിമാനിക്കുന്ന കേരളത്തിന്റെ സ്ഥിതി. 

ഇടുക്കിയിലെ മുണ്ടന്‍മുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചുമൂടിയതാണ് ഇത്തരത്തില്‍ സമീപകാലത്തുണ്ടായ പ്രധാന സംഭവം. ആഭിചാരക്കാരുടെ കുടിപ്പകയുടെ ഫലമായിരുന്നു. അധോലോക സംഘങ്ങലുടെ കുടിപ്പക തീര്‍ക്കലിനു തുല്യമായിരുന്നു ഭീകരത സൃഷ്ടിച്ച ആ കൊലപാതകങ്ങള്‍. ദിവസങ്ങള്‍ക്കകം അതിനു പിന്നിലെ രഹസ്യവും പ്രതികളേയും പോലീസ് കണ്ടെത്തിയെങ്കിലും നാലു ജീവന്‍ പൊലിഞ്ഞു എന്ന സത്യം ബാക്കി നില്‍ക്കുന്നു. റാന്നി വടശ്ശേരിക്കരയിലെ കോളജ് വിദ്യാര്‍ഥിയായിരുന്ന പതിനെട്ടുകാരി ആതിര ദുര്‍മന്ത്രവാദത്തിനിടെ പൊള്ളലേറ്റു മരിച്ചതു നാലു വര്‍ഷം മുന്‍പാണ്. ആയിടയ്ക്കു തന്നെയാണ് കരുനാഗപ്പള്ളിയില്‍ ഹസീനയും കൊണ്ടോട്ടിയിലെ ഇരുപത്താറുകാരി ശകുന്തളയും ആഭിചാരക്കൊലകള്‍ക്ക് വിധേയരായത്. ഇതെല്ലാം ദുര്‍മന്ത്രവാദത്തിന്റെ ബാക്കിപത്രമാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇടുക്കിയില്‍ നടന്ന കൂട്ടക്കുരുതി. 

സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ, അതു മറ്റുള്ളവരെ ചൂഷണം ചെയ്യാനോ മുതലെടുക്കാനോ ഉപദ്രവിക്കാനോ ആവരുത്. മാന്ത്രിക ഏലസ്സുകളും ചാത്തന്‍ സേവയും സാത്താന്‍ സേവയും അറബി ഏലസ്സുകളും സൂചിപ്പിക്കുന്നത് ഇതിനു ജാതിമത ഭേദമില്ലെന്നാണ്. വ്യാജ ആള്‍ദൈവങ്ങളും സിദ്ധന്‍മാരും സുരക്ഷിതരായി വിലസുന്ന നാടാണു നമ്മുടേത്. അവരെല്ലാം ഒരേ വിഭാഗത്തിലുള്ളവരാണെന്നല്ല പറയുന്നത്. പക്ഷേ, കപട നാണയങ്ങള്‍ കൂട്ടത്തില്‍ ഉണ്ടെന്നതു തീര്‍ച്ച. കൊള്ളയുടേയും ചൂഷണങ്ങളുടേയും മറ്റൊരു ലോകമായി ഇതിനെ ഇതുവരെ, അധികാരപ്പെട്ടവര്‍ കണക്കാക്കിയതായി തോന്നുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളായി കൈകാര്യം ചെയ്യുകയാണു പതിവ്. ഇതും സമൂഹത്തെ കാര്‍ന്നു തിന്നുന്നൊരു ശൃംഖലയാണ്. ആ നിലയ്ക്കുള്ള അന്വേഷണവും തുടര്‍ നടപടിയും തന്നെയാണ് ഇക്കാര്യത്തിലും വേണ്ടത്. 

വെളിച്ചമാണ് ഏറ്റവും നല്ല പോലീസ് എന്ന് അര്‍ഥം വരുന്ന ഒരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍. കുറ്റ കൃത്യങ്ങള്‍ക്കു മറപിടിക്കുന്നത് ഇരുട്ടാണല്ലോ. നിയമവ്യവസ്ഥയും നിയമ പരിപാലനവും അവിടെ വെളിച്ചമായി കടന്നു ചെല്ലണമെന്ന് അര്‍ഥം. മനസ്സിലെ ഇരുട്ടിനും ഇതു ബാധകമാണ്. അന്ധവിശ്വാസംകൊണ്ട് ഇരുട്ടുനിറഞ്ഞുപോയ മനസ്സുകളിലേയ്ക്ക് വെളിച്ചം വീശിയേ ഇത്തരം പ്രവണതകളെ മറികടക്കാനാകൂ. ദുര്‍മന്ത്രവാദം അടക്കമുള്ള ദുരാചാരങ്ങളുടെ നിരര്‍ഥകത ചൂണ്ടിക്കാട്ടി ബോധവല്‍ക്കരിക്കുകയും അതു ചിലരുടെ മുതലെയുപ്പുമാത്രമാണെന്ന സത്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുകയാണ് യഥാര്‍ഥ പ്രതിവിധി. പക്ഷേ, അതിനു സമയമെടുക്കും. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന നിസ്സഹായാവസ്ഥയില്‍ നിന്നായിരിക്കുമല്ലോ ഇത്തരം ഇരകള്‍ ജനിക്കുന്നത്. 

മനസ്സില്‍ രൂഢമൂലമായിക്കഴിഞ്ഞ വിശ്വാസങ്ങളില്‍ നിന്നു പുറത്തുകടക്കാന്‍ തലമുറതന്നെ മാറേണ്ടിവന്നേക്കാം. മാത്രമല്ല, തത്പര കക്ഷികളുടെ പ്രതിപ്രവര്‍ത്തനം ഉണ്ടാവുമെന്നതു തീര്‍ച്ചയാണു താനും. അതിനൊക്കെ കാത്തിരിക്കുന്നതിനു മുന്‍പ് ശക്തമായ നിയമ നടപടികളിലൂടെ ഇതിനെ നേരിടുകയാണു ഭരണ സംവിധാനത്തിനു ചെയ്യാനാവുന്നത്. ഇതിന്റെയൊക്കെ പേരില്‍ ഇനിയൊരു കൊലപാതകമോ കുരുതിയോ നടക്കാന്‍ ഇടവരരുത്. ആള്‍ക്കൂട്ടക്കൊലയേയും ദുരഭിമാനക്കൊലയേയും ബലാത്സംഗക്കൊലയേയും പോലെ തന്നെ ഇതിനും കടുത്ത ശിക്ഷതന്നെ നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കുകയും അതിനൊപ്പം തന്നെ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി കണ്ടെത്തുകയും വേണം. സമൂഹത്തിന്റെ എല്ലാ തലത്തിലേയ്ക്കും മേഖലകളിലേയ്ക്കും വെളിച്ചം വീശണമെന്നു ചുരുക്കം. ഇത്തരം ആഭിചാര ക്രിയകള്‍ തൊഴിലാക്കിയവരെ കണ്ടെത്തുകയും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ അവരുടെ താവളങ്ങളില്‍ പരിശോധന നടത്തുകയും ചെയ്യാന്‍ പോലീസിന് അധികാരം നല്‍കണം. തീവ്രവാദികളുടേയും കള്ളപ്പണക്കാരുടേയും പൂഴ്ത്തി വായ്പുകാരുടേയും ഇടങ്ങളില്‍ നടത്തുന്നതിനു സമാനമായ നടപാടി തന്നെവേണം. ഇനി പച്ചപിടിക്കാത്തവിധം വേരോടെ പിഴുതെടുക്കുകയും വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.