രാമായണത്തുടിപ്പുമായി ഇതാ ഒരാൾ

Tuesday 14 August 2018 3:11 am IST
"ഒരു യാത്രയയപ്പ് വേളയില്‍ ടി.എസ്. അരുണിന് (കെഎസ്ആര്‍ടിസി, ഗുരുവായൂര്‍) ഗിരീഷ് (ഇടത്തേയറ്റം) രാമായണഗ്രന്ഥം നല്‍കുന്നു."

കുളിച്ചു ശുദ്ധമായി ചിങ്ങപ്പുലരിയിലേക്ക് കണ്‍തുറക്കുകയാണ്. രാമായണകാലത്തെ വിശുദ്ധിയുടെ ഊര്‍ജരേണുക്കള്‍ പുരണ്ട് പരിപൂതമായ മനസ്സോടെയാണ് മാബലിത്തമ്പുരാന്റെ പൊന്നോണം കുടികൊള്ളുന്ന മാസത്തിലേക്ക് നാം പദമൂന്നുന്നത്. 'രാ' മാഞ്ഞ അവസ്ഥയില്‍ നമുക്കിനി രാമപാദങ്ങളുടെ ബലമുണ്ടാവും.

 ആ ബലം ഇനിയുള്ള യാത്രകളില്‍ നമുക്ക് കുളിരും കൂട്ടുമാവും. രാവണമനസ്‌കരില്‍ രാമസന്ദേശം കടന്നുചെല്ലാന്‍ അല്‍പം സമയമെടുക്കും. രാവണനാവാനാണ് എളുപ്പമെന്നതിനാല്‍ രാമനിലേക്ക് എത്തിനോക്കാന്‍ പലര്‍ക്കും മടിയാണ്. ആ മടി മാറ്റാന്‍ പലതരത്തിലുള്ള പ്രവര്‍ത്തനങ്ങല്‍ നടത്തുന്നവരുണ്ട്; നിസ്വാര്‍ത്ഥമായി. എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടോ പുരസ്‌കാരം ലഭ്യമാവാനോ അത്തരക്കാര്‍ ശ്രമിക്കാറില്ല. എന്നാല്‍ അതെക്കുറിച്ച് നാലു പേര്‍ അറിഞ്ഞാല്‍ അത് രാമായണ സന്ദേശത്തിന് തന്നെ മിഴിവേകും.

വര്‍ഷങ്ങളായി രാമായണ മാസക്കാലത്ത് ഒരു ചെറുപ്പുക്കാരന്‍ മേല്‍സൂചിത താല്‍പ്പര്യവുമായി രംഗത്തുണ്ട്. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായ ഗിരീഷ് ആനേശ്വരം. കൂടുതല്‍ പേരെ കൊണ്ട് രാമായണം വായിപ്പിക്കുക, പ്രോത്സാഹിപ്പിക്കാനായി രാമായണം സമ്മാനമായി കൊടുക്കുക, ക്വിസ് പരിപാടി നടത്തുക തുടങ്ങിയവയാണ് മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഗിരീഷ് നടത്തിക്കൊണ്ടിരിക്കുന്നത്. രാമായണ മാസം തുടങ്ങിയാല്‍ പിന്നെ ഗിരീഷിന് പിടിപ്പതു പണിയാണ്.

 വീട്ടില്‍ അപൂര്‍വമായേ ഉണ്ടാവൂ. അതിന്റെ ഫലമായി സമൂഹ രാമായണ പാരായണം, സമൂഹാരാധന തുടങ്ങിയവയൊക്കെ ഓരോ വര്‍ഷവും കൂടിക്കൂടി വരികയാണ്. 'രാ' മാഞ്ഞവര്‍ അതിനായി ഗിരീഷിന് കൈമെയ് മറന്ന് സഹായിക്കുന്നു. ഇതുകൊണ്ടെന്ത് നേട്ടമെന്ന് ചോദിച്ചാല്‍ ഗിരീഷ് നിഷ്‌കളങ്കമായി ചിരിക്കും. ആ ചിരിയിലുണ്ട് രാമായണസന്ദേശത്തിന്റെ പ്രകാശമാനമായ മുഖം. ഇത്തരം ഗിരീഷുമാര്‍ നാടുമുഴുവന്‍ നിറയുന്ന അവസ്ഥ വന്നാല്‍ രാവണമനസ്‌കരുടെ എണ്ണം കുറഞ്ഞുവരുമെന്നതിന് എന്ത് സംശയം.

തൃപ്രയാറിനടുത്ത് ആനേശ്വരം ശിവക്ഷേത്രത്തില്‍ (ആനേശ്വരത്തപ്പന്‍) രാമായണ മാസാചരണം നടത്തുന്നതിനായാണ് ഗിരീഷ് വായിച്ചു തുടങ്ങിയത്. അച്ഛമ്മയുടെ മരണസമയത്ത് രാമായണം വായിച്ചതില്‍ നിന്നാണ് അതിനുള്ള ധൈര്യം കിട്ടിയത്. ഏതായാലും 24 വര്‍ഷമായി ഗിരീഷും രാമായണവും തമ്മില്‍ അഭേദ്യമായ കൂട്ടാണ്. പുരാണപ്രശ്‌നോത്തരി, സേതുബന്ധനസ്മരണ പുതുക്കുന്ന ചിറകെട്ടോണം, നാലമ്പലം തീര്‍ത്ഥയാത്ര, ശബരിസല്‍ക്കാരം, പ്രഭാഷണം, രാമായണ വിതരണം, രാമായണ ഏകാഹയജ്ഞം എന്നിവയൊക്കെ ഗിരീഷിന്റെ ഉത്സാഹത്തില്‍ നടന്നുവരികയാണ്. സാമൂഹിക പ്രവര്‍ത്തനത്തില്‍ ഗിരീഷിന് എന്നും ഒരു വേറിട്ട വഴിയുണ്ട്. ആ വഴിക്ക് ഊടുംപാവുമായി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ രാമായണ സംസ്‌കാരം തന്നെ. 

ഏറ്റവും ഒടുവില്‍ അത് സുന്ദരകാണ്ഡത്തിന്റെ നൃത്താവിഷ്‌കാരത്തില്‍ എത്തിനില്‍ക്കുകയാണ്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഈ വരുന്ന ഡിസംബര്‍ രണ്ടിനാണ് ഇതു നടക്കുക. ആദ്യമായാവും കൃതിക്ക് മലയാളക്കരയില്‍ നൃത്തഭാഷ്യമൊരുങ്ങുന്നത്. നരനെ നാരായണനാക്കാന്‍ പ്രാപ്തമാക്കുന്നതാണ് രാമായണം. ഗിരീഷിന്റെ വിപുലവും വിശാലവുമായ പ്രവര്‍ത്തനപദ്ധതികളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി അത് വ്യക്തമാവാന്‍. പ്രശംസനീയമായി ജോലി ചെയ്യുമ്പോള്‍ തന്നെ ഇതൊക്കെ എങ്ങനെ നടക്കുന്നുവെന്നോര്‍ത്ത് അത്ഭുതം കൂറാതെ വയ്യ. അവിടെയാണ് രാമായണം ഗിരീഷിന് കരുത്തും കൂട്ടുമാവുന്നത്.

****************************************

രാമായണം ആര്‍ക്കും വായിക്കാം. ആരാണ് പറഞ്ഞത്, ഇന്നയിന്ന ആളുകള്‍ക്കേ വായിച്ചുകൂടു എന്ന്. നമ്മുടെ കായംകുളം എംഎല്‍എ പ്രതിഭാഹരിയുടെ ചോദ്യം ന്യായമാണ്. മനസ്സില്‍ നിന്ന് ഇരുട്ട് മായണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആര്‍ക്കും മേപ്പടി ഗ്രന്ഥം പാരായണം ചെയ്യാം. കുറച്ചുകാലം അങ്ങനെ ചെയ്താല്‍ നിശ്ചയമായും ഇരുട്ടു മായും. അതിനുള്ള തെളിവുകൂടിയാണ് പ്രതിഭാഹരി. അവര്‍ക്കുള്ളില്‍ നിറഞ്ഞുനിന്ന ഇരുട്ട് പതുക്കെപ്പതുക്കെ പടികടന്നു പോവുകയാണ്. 

ജനങ്ങളുടെ സങ്കടം കണ്ട് അവര്‍ക്ക് സഹിക്കാനാവുന്നില്ല. കരച്ചില്‍ വരുന്നു. അത് രാമായണ വായനകൊണ്ട് കിട്ടിയതുതന്നെ, എന്ത് സംശയം. ഇനിയിതാ ഒന്നുകൂടി എംഎല്‍എ പറഞ്ഞുവെക്കുന്നു: 'ഞാന്‍ എന്റെ രാമനെയും എന്റെ രാവണനെയും കുറിച്ചാണ് വായിച്ചത്. എല്ലാ ഗ്രന്ഥങ്ങളും വായിക്കാറുണ്ട്. പൊതുപ്രവര്‍ത്തകര്‍ ഇതെല്ലാം വായിക്കുകയും ഉള്‍ക്കൊള്ളുകയും വേണം'. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായല്ലോ. നമ്മള്‍ പറയുന്ന രാമായണവും എംഎല്‍എ പറയുന്ന രാമായണവും തമ്മില്‍ വ്യത്യാസമുണ്ട്. ഇക്കാര്യത്തില്‍ നമുക്ക് ചീനാ നേതാവിന്റെ അഭിപ്രായം ഒന്നു കൂടി ഓര്‍മ്മിക്കാം. പൂച്ച കറുത്താലെന്ത്, വെളുത്താലെന്ത്, എലിയെ പിടിച്ചാല്‍ പോരേ? മതി. അതു മതി. നമുക്ക് രാമായണം വായിച്ചാല്‍ മതി. എങ്ങനെ വായിച്ചാലും ഏതു വ്യാഖ്യാനം അവലംബിച്ചാലും കൊള്ളാം. വേണ്ടത് മനസ്സിലെ ഇരുട്ട് മാറല്‍ മാത്രമാണ്. 

ഇരുട്ടു മാറിയാല്‍ വെളിച്ചം വരും. അപ്പോള്‍ കാര്യങ്ങള്‍ക്കൊക്കെ നല്ല തെളിമയുണ്ടാവും. എംഎല്‍എമാര്‍ക്ക് ജനങ്ങളുടെ വികാരവിചാരങ്ങള്‍ നേരാംവണ്ണം മനസ്സിലാവും. അവരുമായി ആത്മാര്‍ത്ഥമായി സംവദിക്കാനാവും. അത്തരം നല്ല കാലങ്ങളിലേക്കുള്ള കൈത്താങ്ങായി മാറണം രാമായണം എന്നതിനാണല്ലോ മാനവികതയുള്‍ക്കൊള്ളുന്ന സംഘടന രാമായണ മാസാചരണത്തിന് ആഹ്വാനം ചെയ്തതും അത് നന്നായി നടക്കാന്‍ എല്ലാ പരിശ്രമം നടത്തുന്നതും. സുരാസുര പോരില്‍ ആര് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയാന്‍ രാമായണ മാസാചരണം പോലെ മറ്റെന്തുണ്ട് ഈ നാട്ടില്‍?

****************************************

കലയായാലും കൊലയായാലും അത്  ആദ്യം രൂപപ്പെടുക മനസ്സിലാണ്. മനസ്സിലൂടെ മസിലിലെത്തുമ്പോള്‍ ശാരീരിക ആക്രമണമായി. അത് നാക്കിലെത്തുമ്പോള്‍ മാനസികാക്രമണവും. ഏതു കൊലപാതകിയിലും കലയുടെ അംശം കയറിവന്നാല്‍ ആയത് നിലയ്ക്കുമെന്ന് മാത്രമല്ല സമൂഹത്തിന് മാതൃകയാവുന്ന ആചാര്യനുമാവും. രാമായണ മാസം ആയതിനാല്‍ നമുക്ക് ആ രത്‌നാകരനെ ഒന്ന് ഓര്‍ത്താല്‍ അതൊക്കെ മണി മണിപോലെ മനസ്സിലാവും. ക്രൂരകൊലപാതകിയില്‍ നിന്ന് മഹാമനീഷിയിലേക്ക് ഉയരാന്‍ അദ്ദേഹത്തിനായത് 'രാമ' ജപത്തിലൂടെയാണ്. അതിലെ കാവ്യാംശവും കലാംശവും കൊലപാതക മനസ്സിനെ വിമലീകരിച്ചു. എന്നാല്‍ കലയുണ്ടെന്ന് നാം കരുതുന്ന ചിലര്‍ നേരെ തിരിച്ചാണ്.

പണ്ട് കാസര്‍കോട്ടെ തെരുവോരത്ത് തുണിയഴിച്ചിട്ട് കോമാളിക്കളി കളിച്ചയാള്‍ ഇപ്പോള്‍ മറ്റൊരു കളിയുമായാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനവേളയില്‍ രംഗത്തെത്തിയത്. മഹാനടന വീഥിയിലെ വിസ്മയ വ്യക്തിത്വത്തിനെതിരെയായിരുന്നു ആ 'കൊലാകാരന്റെ' കൈക്കസര്‍ത്ത്. മഹാനടനോടുള്ള കലിപ്പിനെക്കാള്‍ ഉപരി ആ നടന്‍ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തിനെതിരെയാണ് 'കൊലാകാരന്‍' ഉറഞ്ഞുതുള്ളിയത്. 

നേരെയങ്ങ് തീര്‍ക്കാന്‍ മനസ്സ് പറഞ്ഞത് പൊടുന്നനെ സാധിക്കാത്തതിനാല്‍ കൈയാംഗ്യം കൊണ്ട് വെടിവെച്ച് കലിപ്പ് തീര്‍ത്തു. ചന്ദ്രനുദിച്ചുയരുമ്പോള്‍ ചില ജീവികള്‍ക്കുണ്ടാകുന്ന അസ്വസ്ഥതയാണ് ഇവിടെ 'കൊലാകാര'നുമുണ്ടായത്. എല്ലാം കഴിഞ്ഞ് മേപ്പടി സംഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ തനിക്കൊന്നും ഓര്‍മ്മയില്ലെന്നും എന്തൊക്കെയോ സംഭവിച്ചു പോയെന്നുമാണ് തട്ടിവിട്ടത്. ഇങ്ങനെ നേരും നെറിവും വെള്ളിയാഴ്ചയുമില്ലാത്തയാള്‍ കലാകാരന്മാര്‍ക്കൊപ്പം ഇടപഴകുന്നത് പന്തിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നത് നന്ന്. ഒന്നുമില്ലെങ്കില്‍ ഏതെങ്കിലും മനോരോഗവിദഗ്ധന്റെയടുത്ത് അതിയാനെ എത്തിക്കാനെങ്കിലും ശ്രദ്ധിക്കണം. എന്ത്, എപ്പോള്‍, എങ്ങനെ, എവിടെ എന്ന് അറിയാത്തവര്‍ കലയെ കൊലയാക്കുമെന്ന് പറയാതെ തന്നെ അറിയാവുന്നതല്ലേ?

**************************************** 

കെ മോഹൻദാസ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.