50 വർഷം മുമ്പത്തെ വഴിയിലൂടെ ഇനിയും?

Tuesday 14 August 2018 3:12 am IST

ഇടുക്കിയിലെ മലകള്‍ തുരക്കുന്ന മണ്ണുമാന്തികള്‍ മഹാ ദുരന്തങ്ങള്‍ക്കു വഴിവെക്കുമെന്ന് പലരും മുന്നറിയിപ്പു നല്‍കി. അവര്‍ വിദഗ്ദ്ധരായിരുന്നു, സാങ്കേതിക ജ്ഞാനികളായിരുന്നു, പ്രകൃതിസ്‌നേഹികളായിരുന്നു. പക്ഷേ, അവരുടെ ശബ്ദത്തിനും മേലേയായിരുന്നു ചില രാഷ്ട്രീയക്കാരുടെയും കച്ചവടക്കാരുടെയും അഭിപ്രായങ്ങള്‍. ഒടുവില്‍ കണ്ടത്, തകര്‍ന്ന വീടുകള്‍ക്കു മുകളിലെ മണ്ണുമാറ്റി മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ആ യന്ത്രങ്ങള്‍ മണ്ണുമാന്തുന്നതായിരുന്നു. 

പലപ്പോഴും അങ്ങനെയാണ്, നമ്മളില്‍ പലരും. ശാസ്ത്രം അറിയാം; ശാസ്ത്രീയമായി പ്രവര്‍ത്തിക്കില്ല. പ്രകൃതി സ്വഭാവം അറിയാം; പ്രകൃതിയെ വകവെക്കില്ല. ഒടുവില്‍ സര്‍വവും തകരുമ്പോള്‍ ശാസ്ത്രവും യുക്തിയും പറയും. ഓര്‍മകള്‍ക്ക് ആയുസ് കുറവായതുകൊണ്ടോ എന്തോ, പെട്ടെന്നുതന്നെ ലക്ഷ്യം തെറ്റിയ പഴയ മാര്‍ഗത്തിലേക്ക് പോകും. 

കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷകര്‍ വന്നുപോയി. നേരിട്ട് കാണാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി പ്രൊഫ. രാജ്‌നാഥ് സിങ് എത്തി, വിലയിരുത്തി. കേരളം 8316 കോടിരൂപയുടെ നഷ്ടം കണക്കാക്കി കേന്ദ്ര സഹായം ചോദിച്ചു. കേന്ദ്രം കേരള പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 'പ്രളയബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, പ്രത്യേക പാക്കേജ് വേണം...' ആവശ്യങ്ങള്‍ പലതാണ്. ലക്ഷ്യം, മൂന്നു പതിറ്റാണ്ടിനിടെ കേരളം നേരിട്ട വന്‍ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണമാണ്. 

വാസ്തവത്തില്‍ കേരളത്തിന്റെ പാക്കേജ്, സംസ്ഥാനമാണ് പ്രഖ്യാപിക്കേണ്ടത്. ഇനി കേരളം എങ്ങനെയാകണം? കേരള നവോദയത്തിന് പദ്ധതിയൊരുക്കണം. അത് 'രാഷ്ട്രീയ നവോദയ'മാകരുത്. വയനാട്ടില്‍, ഇടുക്കിയില്‍, പാലക്കാട്ട്, കുട്ടനാട്ടില്‍ എന്നല്ല, കേരളത്തിന്റെ മുഴുവന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും വികസനം, നിര്‍മാണ പ്രവര്‍ത്തനം, ഗാതാഗതം തുടങ്ങി എല്ലാ കാര്യങ്ങളിലും പുതിയ ആസൂത്രണം വേണം. അത് ഓരോ സ്ഥലത്തിന്റെയും സൗകര്യത്തിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്തവുമാകണം. ഇടുക്കിക്കുള്ള പദ്ധതിയുടെ മാനദണഡമാകരുത് കുട്ടനാടിന്. അതില്‍നിന്ന് വ്യത്യസ്തമായിരിക്കണം, തീര മേഖലയില്‍. 

കുട്ടനാട്ടില്‍ റബ്ബര്‍ക്കൃഷിക്ക് റബ്ബര്‍ബോര്‍ഡിലെ ചിലരും ചില രാഷ്ട്രീയ പ്രമാണിമാരും ചേര്‍ന്ന് ആലോചിച്ചപ്പോള്‍ അത് മുളയിലേ നുള്ളാന്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ തയാറായത് പല അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ടായിരുന്നു. കൃഷിക്കാര്യത്തില്‍ അങ്ങനെയൊരു തിരഞ്ഞെടുപ്പവകാശം തന്നാട്ടുകാര്‍ക്കുണ്ടായതുപോലെ വികസന പ്രവര്‍ത്തനങ്ങളിലും ഉണ്ടാവണം. അഥവാ, ആസൂത്രണവും നിര്‍വഹണവും നടത്തുന്നവര്‍ കവുങ്ങിനും തെങ്ങിനും ഒരേ തളപ്പിടരുത്. കേരളത്തെ പലപല തുണ്ടാക്കണമെന്നും എങ്കിലേ വികസനം സാധ്യമാകൂ എന്ന് വാദിക്കുന്നവര്‍ക്കും പക്ഷേ, ഇങ്ങനെയൊരു കാഴ്ചപ്പാടില്ല. കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നു തിരിച്ച് പണ്ട് താഴ്ന്ന ക്ലാസിലെ പാഠപുസ്തകങ്ങളില്‍ പഠിപ്പിച്ചിരുന്നത് വലിയ ഭൂമിശാസ്ത്രംതന്നെയായിരുന്നല്ലോ? ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കാന്‍ വിദഗ്ദ്ധര്‍ക്കേ കഴിയൂ. അടുത്ത നൂറ്റാണ്ട് മുന്നില്‍ക്കണ്ടാകണം വികസന പദ്ധതികള്‍. 

കുട്ടനാടിനെ ഉദാഹരിക്കാം. പാളിപ്പോയ കുട്ടനാടന്‍ പാക്കേജ് തുടങ്ങിയത് 1840 കോടിയില്‍. ഇടയ്ക്ക് അത് 3000 കോടിയായി. അവസാനം  4800 കോടിയിലെത്തി. ഒന്നും നടന്നതുമില്ല. കുട്ടനാട് പാക്കേജിന്റെ കാലം കഴിഞ്ഞപ്പോള്‍ അതു പിന്നെയും പുതുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതും ആവശ്യപ്പെടുന്നതും. അതായത് 1960 കളിലെ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും വികസന സങ്കല്‍പ്പങ്ങളുമാണ് അധികൃതര്‍ക്കുള്ളത്. ലോകത്ത് സാങ്കേതികവിദ്യയും സംവിധാനങ്ങളും സങ്കല്‍പ്പങ്ങളും മാറി. അതുപക്ഷേ നമ്മള്‍ അറിയുന്നില്ല, ഉള്‍ക്കൊള്ളുന്നില്ല, അതിനൊന്നും ശ്രമിക്കുന്നില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടിലാണ് വികസനം. 

കുട്ടനാട്ടിന്റെ വികസനപദ്ധതി 1954-ല്‍ തുടങ്ങി. മൂന്നുകാര്യങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു അന്നത്തെ തുടക്കം. തോട്ടപ്പള്ളി സ്പില്‍വേ: കടലിലേക്ക് കുട്ടനാട്ടിലെ നദികളിലെയും കായലുകളിലേയും വെള്ളമൊഴുക്കുക. 1955-ല്‍ പദ്ധതി ഭാഗികമായി നിലവില്‍വന്നു. 1958-ല്‍ ആലപ്പുഴ- ചങ്ങനാശേരി റോഡ് പണിതു. (എ-സി റോഡ് എന്ന് മാധ്യമങ്ങള്‍ ചുരുക്കിപ്പറയുമ്പോള്‍ കേരളത്തില്‍ റോഡും എസിയോ എന്ന് അമ്പരക്കുന്നവരുണ്ട്.) ഈ റോഡുനിര്‍മാണത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത എ-സി കനാല്‍. അതും വെള്ളം ഒഴുകിപ്പോകാന്‍ ലക്ഷ്യമിട്ടായിരുന്നു. പാതിവഴിയിലാണ്. വേമ്പനാട്ടുകായലിലെ വെള്ളം ഒഴുകി കടലിലേക്ക് പോകാനും തിരികെ കടല്‍വെള്ളം കായലില്‍ കടക്കാതിരിക്കാനും ലക്ഷ്യമിട്ടു നിര്‍മിച്ച തണ്ണീര്‍മുക്കം ബണ്ട്, 1976-ല്‍ പൂര്‍ത്തിയാക്കി. അതും പാതിവഴിയിലാണ്. 65 മുതല്‍ 50 വരെ വര്‍ഷം പഴക്കമുള്ള ഈ പദ്ധതികള്‍ പുതുക്കാനും അറ്റകുറ്റപ്പണികള്‍ ചെയ്യാനുമാണ് കേരളത്തിലെ ചില വിദഗ്ദ്ധരും വികസനവാദവീരന്മാരായ രാഷ്ട്രീയക്കാരും ഭരണക്കാരും ഇനിയും ആവശ്യപ്പെടുന്നത്. നമ്മുടെ അല്‍പ്പബോധം ഇങ്ങനെ വിളിച്ചു പറയുന്നതില്‍ ആര്‍ക്കും ഒരു കുറ്റബോധവുമില്ലല്ലോ എന്ന് അതിശയിക്കണം.  

സാങ്കേതിക വിദ്യകള്‍ മാറി, സങ്കല്‍പ്പങ്ങള്‍ മാറി. അര നൂറ്റാണ്ടു മുമ്പ് വിഭാവനം ചെയ്ത പദ്ധതികള്‍ ഇപ്പോഴും കൊണ്ടുനടക്കണമോ. പരിസ്ഥിതി എന്ന വാക്കോ സങ്കല്‍പ്പമോ ഇല്ലാഞ്ഞ കാലത്താണ് ആ മൂന്നു പദ്ധതികള്‍. ഇന്ന് കാലം മാറി. അതനുസരിച്ച് കാഴ്ചപ്പാടു മാറേണ്ടേ. ഡിജിറ്റല്‍ ഇന്ത്യയെന്ന വന്‍ വിപ്ലവ പദ്ധതിക്ക് ഇന്ത്യ കുതിക്കുമ്പോള്‍, അതിനുള്ള അവസരങ്ങള്‍ ഒരുക്കുമ്പോള്‍ ഇനിയും കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കാത്ത, ഐടിയില്‍ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനമാണ് നമ്മളെന്ന് ഓര്‍മ്മിക്കണം. 

പരിസ്ഥിതി മുഖ്യമായ വികസനം വേണം ആസൂത്രണം ചെയ്യാന്‍. മലനാട്ടിലെ പരിസ്ഥിതിയല്ല തീരപ്രദേശത്തിന്. ടെക്‌നോളജിമാറി, തൊഴിലവസങ്ങള്‍ ഉണ്ടാക്കാനല്ല പദ്ധതികള്‍; ആവരുത്. ചില തൊഴിലുകള്‍ ചെയ്യാനാളില്ലാത്ത കാലത്താണ് നാമിന്ന്. 

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളും ആകെ പ്രദേശത്തിന്റെ അവസ്ഥകളും മനസിലാക്കിവേണം ഇതെല്ലാം ചെയ്യാന്‍. ഉദാഹരണത്തിന് തോട്ടപ്പള്ളിയില്‍ സ്പില്‍വേ നിര്‍മിച്ചപ്പോള്‍ കുട്ടനാട്ടിലെ അഞ്ചു നദികളില്‍ പ്രതിവര്‍ഷം ഒഴുകുന്ന വെള്ളം കടലിലേക്ക് ഒഴുകുന്നതിനെക്കുറിച്ചേ ആലോചിച്ചുള്ളു. 

കിഴക്കന്‍ മലയോരത്തില്‍ പെയ്യുന്ന മഴവെള്ളം ഒലിച്ചുവരുമ്പോള്‍ പുഴവെള്ളം എത്രയളവില്‍ കൂടുമെന്ന കാര്യം വേണ്ടത്ര ഗൗരവത്തില്‍ പഠിച്ചില്ല. കായലിനെക്കുറിച്ച് അറിഞ്ഞത്ര കടലിനെ അറിഞ്ഞില്ല. എ-സി റോഡുണ്ടാക്കിയപ്പോള്‍ യാത്രാ സൗകര്യത്തെക്കുറിച്ച് ചിന്തിച്ചു. പക്ഷേ, റോഡ് തടസം സൃഷ്ടിക്കുമ്പോള്‍ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം പരിഗണിച്ചില്ല. 

തണ്ണീര്‍മുക്കത്തെ ബണ്ടിന്റെ നിര്‍മാണം കഴിഞ്ഞാല്‍ 700 മീറ്റര്‍ വീതിയിലേ വെള്ളം ഒഴുകിപ്പോകൂ എന്ന കണക്ക് നിര്‍മാണവേളയില്‍ പരിഗണിച്ചില്ല. അതില്‍ രണ്ട് ഷട്ടറുകള്‍ മാത്രമാണ് നിര്‍മിച്ചത്. ശേഷിക്കുന്ന ഭാഗം ബണ്ടിന്റെ നിര്‍മാണ ലക്ഷ്യത്തിനുതകിയില്ല. അമ്പതുവര്‍ഷത്തെ ആ ആസൂത്രണങ്ങള്‍ പോലും പൂര്‍ണമായി യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന സത്യം തിരിച്ചറിഞ്ഞുവേണം അടുത്ത പാക്കേജും പ്ലാനിങ്ങുകളും. 

(തുടരും)

കാവാലം ശശികുമാർ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.