കരുതലോടെ കേന്ദ്രം

Tuesday 14 August 2018 3:14 am IST

കേരളത്തില്‍ സംജാതമായിരിക്കുന്ന പ്രകൃതിദുരന്തങ്ങളില്‍ അതീവശ്രദ്ധയോടും, ജാഗ്രതയോടും കരുതലോടുമുള്ള ഇടപെടലാണ് കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതിന്റെ തെളിവാണ് കേന്ദ്ര മന്ത്രിമാര്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതും വിദഗ്ധസംഘത്തിന്റെ ആവര്‍ത്തിച്ചുള്ള കേരളസന്ദര്‍ശനവും. 

സൈന്യത്തിന്റെ അവസരോചിതമായ ഇടപെടലുകളും നാം കണ്ടതാണല്ലോ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവിചാരിതമായി സംഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ സമ്പത്ത് ഘടനയ്ക്ക് ആവശ്യമായ സമാശ്വാസങ്ങള്‍ അതാത് കാലയളവില്‍ത്തന്നെ കേന്ദ്രവിഹിതം നല്‍കുന്നതില്‍ ഒട്ടുംകാലതാമസം വരുത്തിയിട്ടില്ല. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് മാത്രം അതില്‍ വലിയ താല്‍പ്പര്യമില്ല. കോടിക്കണക്കിന് രൂപയാണ് ഓരോവര്‍ഷവും സംസ്ഥാനത്തിന് നഷ്ടമാകുന്നത്. ആസൂത്രണത്തിന്റെ പോരായ്മയും ദീര്‍ഘവീക്ഷണമില്ലായ്മയും മൂലം പദ്ധതിവിഹിതത്തില്‍ വന്‍നഷ്ടങ്ങളാണുണ്ടാകുന്നത്.

രാഷ്ട്രീയ അസഹിഷ്ണുതയോ അന്ധമായ കേന്ദ്രവിരുദ്ധനിലപാടോമൂലം അര്‍ഹമായ കാര്യങ്ങള്‍പോലും നേടിയെടുക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ പിറകിലാണ് കേരളം. കേന്ദ്രസര്‍ക്കാരിന്റെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമാണുതാനും. കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാ സംസ്ഥാനങ്ങളെയും തുല്യതയോടെ കാണാനും ഭാരതത്തിലെ മുഴുവന്‍ ജനങ്ങളുടെയും ക്ഷേമഐശ്വര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുവാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. 

കേരളതീരത്ത് ആഞ്ഞടിച്ച് വന്‍ ദുരന്തം സൃഷ്ടിച്ച ഓഖിചുഴലിക്കാറ്റ് വന്നപ്പോള്‍ സംസ്ഥാന ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേട് നാം നേരില്‍ കണ്ടറിഞ്ഞതാണ്. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം കൊടുക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റ് പരാജയപ്പെട്ടതിന്റെ നേര്‍തെളിവാണ് തീരദേശവാസികളുടെ പ്രതിഷേധ തിരമാലകള്‍ക്ക് മുമ്പില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പോലും കഴിയാതെ ഇവരുടെ ശകാര വര്‍ഷങ്ങള്‍ ഏറ്റുവാങ്ങി ഇളിഭ്യരായി കേരളാ മുഖ്യമന്ത്രിക്കും, വകുപ്പ്മന്ത്രിക്കും, ഉദ്യോഗസ്ഥ പരിവാരങ്ങള്‍ക്കും മടങ്ങേണ്ടിവന്നത്. അതുപോലെ തന്നെയാണ് ഇപ്പോഴത്തെ അവസ്ഥയും. 

മഴയിലും പ്രളയത്തിലും സകലതും നഷ്ടപ്പെട്ട് കൊടിയ ദുരിതത്തിലായവരുടെ പരാതി കേള്‍ക്കാന്‍ തയാറാകാത്ത, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനങ്ങള്‍ പൊട്ടിത്തെറിച്ചു. ഇനിയെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം.

രവീന്ദ്രവര്‍മ്മ അംബാനിലയം, കോട്ടയം

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.