കേന്ദ്രസഹായം: കണക്ക് പെരുപ്പിച്ച് കാട്ടുന്നത് തിരിച്ചടിക്കും

Tuesday 14 August 2018 3:13 am IST

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം രാജ്യം ഉണ്ടെന്ന സന്ദേശം നല്‍കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മടങ്ങിയത്. അടിയന്തരസഹായമായി നല്‍കിയ 160.5 കോടിക്കു പുറമെ 100 കോടി കൂടി ഉടന്‍ നല്‍കാന്‍ കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ സഹായം നല്‍കുമെന്ന് അറിയിച്ചു. എന്നിട്ടും കേന്ദ്രം പാതകം ചെയ്തു എന്ന തരത്തിലാണ് പ്രചാരണം.

മഴക്കെടുതിയില്‍ 8316 കോടിയുടെ നഷ്ടക്കണക്കാണ് കേരളം കേന്ദ്രമന്ത്രിയുടെ മുന്‍പില്‍ വെച്ചത്. 1220 കോടി കേന്ദ്രം നല്‍കണമെന്നും ആവശ്യപ്പെട്ടു. അതിനാല്‍ കേന്ദ്ര സഹായം വളരെ കുറഞ്ഞു പോയി എന്ന തോന്നലാണ് ഉണ്ടായിരിക്കുന്നത്.

ദുരന്തങ്ങളെ കേന്ദ്രസഹായം അടിച്ചെടുക്കാനുള്ള മാര്‍ഗമായി കേരളം കാണുന്നത് തിരിച്ചടിയാണ് ഉണ്ടാക്കുക. കേരളം നല്‍കുന്ന കണക്കിനെ സംശയത്തോടെ മാത്രം നോക്കാന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകും. അതിനാല്‍ അര്‍ഹതപ്പെട്ടതുപോലും കിട്ടാത്ത സാഹചര്യം ഉണ്ടാകും.

ഓഖി ദുരന്ത സമയത്തും ഇതായിരുന്നു അവസ്ഥ. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖ പ്രകാരം  ദുരിതാശ്വാസത്തിന് ആദ്യം ആവശ്യപ്പെട്ടത് 422 കോടി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് മുഖ്യമന്ത്രി നല്‍കിയ നിവേദനത്തിലെ ആവശ്യം 1,843 കോടിയുടെ പാക്കേജായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത് 7,380 കോടിയുടെ പാക്കേജും. പ്രധാനമന്ത്രിക്കു പ്രതിപക്ഷം നല്‍കിയ നിവേദനത്തിലെ ആവശ്യം 

2,000 കോടിയുടെ പാക്കേജ്. ലത്തീന്‍ കത്തോലിക്ക സഭയുടെ ആവശ്യം 3,500 കോടിയും. വ്യക്തമായ കണക്കുകളോ പദ്ധതികളോ ഇല്ലാതെ വെറുതെ കേന്ദ്രത്തോട് കോടികള്‍ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രം എത്ര കൊടുത്താലും കുറഞ്ഞുപോയി എന്നു വരുത്താനുള്ള തന്ത്രമായിരുന്നു പിന്നില്‍. 

അതേ സമീപനമാണ് പ്രളയ ദുരിതത്തോടും. ദുരിതത്തിന്റെ കണക്കെടുക്കാന്‍ ഒരു മാസമെങ്കിലും എടുക്കുമെന്നാണ് ചീഫ് സെക്രട്ടറി പറഞ്ഞത്.  അതാണ് യാഥാര്‍ഥ്യവും. പിന്നെ ആര് എങ്ങനെ 8,316 കോടിയുടെ നഷ്ടം എന്ന കണ്ടെത്തി എന്നതിന് ഉത്തരമില്ല. 

ദുരിതാശ്വാസമാണെങ്കിലും മറ്റ് സഹായമാണെങ്കിലും കേന്ദ്രത്തില്‍ നിന്ന് കിട്ടണമെങ്കില്‍ ഏറെ നടപടിക്രമങ്ങളുമുണ്ട്. ഇത് അറിയാത്തവരല്ല കേരളത്തിലെ ഉദ്യോഗസ്ഥര്‍. എന്നിട്ടും ദുരിതം ഒഴിയും മുമ്പ് കണക്കു നിരത്തി പണം ആവശ്യപ്പെടുന്നത് കേരളത്തെ സ്വയം അപഹാസ്യപ്പെടുത്തുകയാണ്.

പി. ശ്രീകുമാര്‍ 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.