നിലമ്പൂരിൽ ഉരുൾപൊട്ടി; കോഴിക്കോട്ട് പാലം ഒലിച്ചു പോയി

Tuesday 14 August 2018 3:17 am IST

നിലമ്പൂര്‍: കനത്തമഴയില്‍ നിലമ്പൂര്‍ ആഢ്യന്‍പാറയ്ക്ക് സമീപം പന്തീരായിരം തേന്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കാഞ്ഞിരപുഴ നിറഞ്ഞുകവിഞ്ഞൊഴുകി. നേരത്തെ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നശിച്ച മതില്‍മൂല കോളനിയിലടക്കം മലവെള്ളപ്പാച്ചിലുണ്ടായി. 

നമ്പൂരിപ്പൊട്ടി കാലിക്കടവിന് സമീപമുള്ള ഒമ്പത് വീടുകളില്‍ വീണ്ടും വെള്ളം കയറി കേടുപറ്റി. കാലിക്കടവ് പാലവും മൂടി. നമ്പൂരിപ്പൊട്ടി പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് ഞായറാഴ്ചയോടെ വീടുകളിലേക്ക് മാറിയിരുന്നു. ഇതിനിടയിലാണ് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായത്. ആഢ്യന്‍പാറക്കു സമീപം മീന്‍മുട്ടി, ഒറ്റത്താണി മല എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് ജിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട്ട് തിരുവമ്പാടിയില്‍ മറിപ്പുഴ പാലം ഒലിച്ചു പോയി. മുക്കം മലയോര മേഖലയില്‍ നിന്നുള്ള ജലപ്രവാഹം മൂലം മുത്തപ്പന്‍ പുഴയിലും ഇരുവഞ്ഞിപ്പുഴയിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. പാലക്കാട് ജില്ലയിലും ശക്തമായ മഴയാണ് ലഭിച്ചത്. ഇതോടെ മലമ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.