പിതാവിന്റെ ദേഹത്ത് ചെങ്കൊടി പുതപ്പിക്കരുത്; സോമനാഥ് ചാറ്റര്‍ജിയുടെ മകൾ

Monday 13 August 2018 11:01 pm IST

കൊൽക്കത്ത:  മുന്‍ലോക്‌സഭാ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിക്കേണ്ടെന്ന് മകൾ. 2008 ല്‍ പാര്‍ട്ടിയില്‍ പുറത്താക്കപ്പെട്ട തന്റെ പിതാവ് ഒരിക്കല്‍പോലും സി.പി.എമ്മുമായി പൊരുത്തപ്പെടാൻ തയ്യാറായില്ലെന്ന് സോമനാഥ് ചാറ്റര്‍ജിയുടെ മകള്‍ അനുശില ബാസു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി പതാക പുതപ്പിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും സാധ്യമല്ലായെന്ന മറുപടി മാത്രമാണ് തങ്ങള്‍ നല്‍കിയതെന്നും അനുശില ബാസു വ്യക്തമാക്കി. 

‘തന്റെ പിതാവിനെ പാര്‍ട്ടി പുറത്താക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓഫിസിനോട് ചേര്‍ന്നുള്ള മുറിയില്‍ ഞാനുണ്ടായിരുന്നു. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, ഇനിമുതല്‍ ഒരു സര്‍വ്വതന്ത്ര സ്വതന്ത്രനായി വിഹരിക്കാമല്ലോ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അപ്പോഴും പ്രതീക്ഷയോടെ പറഞ്ഞു. എന്നെ പുറത്താക്കില്ല. ഒരുപക്ഷേ സസ്‌പെന്‍ഷനായിരിക്കും. എന്നാല്‍, ഞാന്‍ കടുപ്പിച്ച് പറഞ്ഞു താങ്കളെ പുറത്താക്കി  അപ്പോൾ കണ്ണീര്‍ വരുന്നത് ഞാന്‍ കണ്ടതാണ്’ എന്ന് അനുശില ബാസു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിങ്കളാഴ്ച്ച രാവിലെ അന്തരിച്ച സോമനാഥ് ചാറ്റര്‍ജിയുടെ മൃതദേഹം ഹൈക്കോടതിയിലും പിന്നെ ബംഗാള്‍ അസംബ്ലി ഹാളിലും പൊതുദര്‍ശനത്തിന് വെച്ചശേഷം സി.പി.എം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പൊതുദര്‍ശനം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ സോമനാഥ് ചാറ്റര്‍ജിയുടെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുടുംബാംഗങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.