കീഴാറ്റൂര്‍ ബൈപ്പാസ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി വയല്‍ക്കിളികള്‍

Tuesday 14 August 2018 1:16 am IST

 

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിശോധനയ്‌ക്കെത്തിയ ദേശീയ പാത അതോറിറ്റി സംഘത്തെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ കയ്യേറ്റം ശ്രമിച്ചുവെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തുകയാണെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കീഴാറ്റൂരില്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ എത്തിയിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇവരെത്തിയത് ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടായിരുന്നില്ല. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നോഡല്‍ ഏജന്‍സിയിലെ ജീവനക്കാരന്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. സര്‍വ്വീസില്‍ നിന്ന് വിരമിച്ച അബ്ദുള്ളയ്ക്ക് ദേശീയപാത അതോറിറ്റിയുമായി ബന്ധമില്ല. നോഡല്‍ ഏജന്‍സിയുടെ പേരില്‍ കരഭാഗം അളന്ന് തിട്ടപ്പെടുത്താനെന്ന് പറഞ്ഞാണ് സംഘം പ്രദേശത്തെത്തിയത്. ജനങ്ങളില്‍ പ്രകോപനമുണ്ടാക്കി വയലില്‍ കൂടി തന്നെ ബൈപാസ് നിര്‍മ്മിക്കാനുള്ള സ്ഥലം എംഎല്‍എയുടെ സമ്മര്‍ദ്ധ തന്ത്രത്തിന്റെ ഭാഗമായാണ് സംഘമെത്തിയത്. കീഴാറ്റൂര്‍ വയല്‍ നികത്താതെ തന്നെ ദേശീയപാത നിര്‍മ്മിക്കുന്നതിന് ബദല്‍ നിര്‍ദ്ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയും തളിപ്പറമ്പ് തഹസില്‍ദാറും അറിയാതെ സംഘമെത്തിയതില്‍ ദുരൂഹതയുണ്ടെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.