പള്ളൂര്‍ അക്രമക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ സിപിഎം-പോലീസ് ധാരണ

Tuesday 14 August 2018 1:17 am IST

 

പാനൂര്‍: പളളൂര്‍ അക്രമക്കേസിലെ പ്രതികളെ ഒഴിവാക്കാന്‍ സിപിഎം-പോലീസ് രഹസ്യ ധാരണ. സിപിഎം പ്രാദേശിക നേതാവ് കണ്ണിപൊയില്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്ന് പളളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ അഞ്ഞൂറിലേറെ പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ബിജെപി ഓഫീസ്, പോലീസ് വാഹനം എന്നിവ കത്തിച്ചതും വീടാക്രമണം, വ്യാപാരസ്ഥാപനങ്ങള്‍ തകര്‍ത്തത് തുടങ്ങിയ സംഭവങ്ങളിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. 60 പേരെ തിരിച്ചറിഞ്ഞെന്ന് പോലീസ് തന്നെ വ്യക്തമാക്കുമ്പോഴും നിലവില്‍ മുപ്പത് പേരെ മാത്രമാണ് അറസ്റ്റു ചെയ്തത്. 

എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മാഹിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായുണ്ടാക്കിയ രഹസ്യധാരണയില്‍ പ്രതികളെ ഒഴിവാക്കി കേസ് അട്ടിമറിക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം കരീക്കുന്നില്‍ നിന്നും രജീഷ് എന്ന സിപിഎം പ്രവര്‍ത്തകനെ സിഐ ഷണ്‍മുഖദാസ് പിടികൂടിയെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ധത്തില്‍ വിട്ടയക്കുകയായിരുന്നു. പള്ളൂര്‍ ലോക്കല്‍സെക്രട്ടറി ടി.സി.പ്രദീപന്‍, ലോക്കല്‍കമ്മറ്റി അംഗങ്ങളായ വടക്കന്‍ ജനാര്‍ദ്ധനന്‍, രാജന്‍ എന്ന ബ്ലാക്കന്‍ രാജന്‍ തുടങ്ങി 30 സിപിഎം പ്രവര്‍ത്തകരെ കേസില്‍ ഉള്‍പ്പെടുത്തരുതെന്ന് എ.എന്‍.ഷംസീര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സിപിഎം നേതാവ് വടക്കന്‍ ജനാര്‍ദ്ധനന്റെ ബന്ധു ബാബു വധക്കേസിന്റെ അന്വേഷണ സംഘത്തിലുണ്ട്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ അകാരണമായി വിളിച്ചു ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതിന് പിന്നില്‍ ഈ പോലീസുകാരനാണ്. പളളൂരില്‍ നടന്ന അക്രമത്തിലെ പ്രതികളെ പിടികൂടാതെ പോലീസ് കാണിക്കുന്ന തെറ്റായ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടിക്കും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സിപിഎം അക്രമികള്‍ക്ക് വേണ്ടി എ.എന്‍.ഷംസീര്‍ അടക്കമുളള ജനപ്രതിനിധികള്‍ ഇടപ്പെട്ടതും പൊതുചര്‍ച്ചയായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.