പാര്‍ട്ടിയില്‍ പ്രതിഷേധം; സിപിഎം രാമായണ പ്രഭാഷണം മാറ്റിവെച്ചു

Tuesday 14 August 2018 1:18 am IST

 

കണ്ണൂര്‍: പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായതോടെ സംസ്‌കൃത സംഘത്തിന്റെ പേരില്‍ സിപിഎം ഇന്നലെ നടത്താനിരുന്ന രാമായണ ചിന്തകള്‍ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം മാറ്റിവെച്ചു. കണ്ണൂരില്‍ നടക്കുന്ന പരിപാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. സുനില്‍ പി.ഇളയിടത്തിനെ മുഖ്യ പ്രഭാഷകനായും തെരഞ്ഞെടുത്തിരുന്നു. പരിപാടി പിന്നീട് നടക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നതെങ്കിലും എന്ത് കാരണം കൊണ്ടാണ് മാറ്റിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

കാലങ്ങളായി ഹൈന്ദവ സമൂഹം ഭക്ത്യാദരവോടെ തുടര്‍ന്ന് വരുന്ന രാമായണ മാസാചരണത്തെ പുതിയ ഭാഷ്യം നല്‍കി വിവാദത്തിലാക്കിയതിന് സിപിഎമ്മിനകത്ത് തന്നെ ഒരു വിഭാഗം ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സംസ്‌കൃത സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിലും സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ് രാമായണ ചിന്തകള്‍ എന്ന പരിപാടിയെന്ന് വ്യക്തമായിരുന്നു. ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങളുണ്ടായാല്‍ എളുപ്പത്തില്‍ കൈകഴുകാമെന്ന ധാരണയിലാണ് സംസ്‌കൃത സംഘത്തിന്റെ പേരില്‍ പരിപാടി സംഘടിപ്പിച്ചത്. 

നേരത്തെ ശോഭായാത്രയുടെ പേരില്‍ സിപിഎം ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച പ്ലോട്ട് അവതരിപ്പിക്കുകയും തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രത്തിലെ കൂടിപ്പിരിയല്‍ ചടങ്ങ് തെരുവില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം പരിപാടികള്‍ സിപിഎമ്മിന്റെ പേരിലും പാര്‍ട്ടി പോഷക സംഘടനയായ ബാലസംഘത്തിന്റെ പേരിലുമാണ് നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളേറ്റ് വാങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് തങ്ങള്‍ക്ക് നേരിട്ട് പങ്കില്ലെന്ന നിലപാടില്‍ പിന്‍വാതില്‍ നയത്തിലൂടെ സംസ്‌കൃതസംഘത്തിന്റെ പേരില്‍ രാമായണവുമായി ബന്ധപ്പെട്ട പരിപാടികളുമായി സിപിഎം രംഗത്ത് വന്നത്. 

എന്നാല്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ വര്‍ഷാവര്‍ഷം മുടങ്ങാതെ ആചാരത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും വീടുകളിലും വ്രതശുദ്ധിയോടെ നടത്തിവരുന്ന രാമായണത്തെ തെരുവില്‍ വലിച്ചിഴക്കുന്നത് വിമര്‍ശനത്തിനും പ്രതിഷേധത്തിനുമിടയാക്കുമെന്ന വിമര്‍ശനം സിപിഎമ്മിനകത്ത് തന്നെ ഉയര്‍ന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഇന്നലെ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചതെന്നാണ് സൂചന. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.