കണ്ണൂര്‍ വിമാനത്താവളം; അന്തിമ പരിശോധന വൈകുന്നു വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് തുടങ്ങുന്നത് വൈകും

Tuesday 14 August 2018 1:19 am IST

 

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്തിമ പരിശോധന വൈകുന്നതിനാല്‍ സപ്തംബര്‍ മാസത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വ്വീസ് ആരംഭിക്കില്ല. ലൈസന്‍സ് കിട്ടിയാലും വിമാനക്കമ്പനികളുടെ ഒക്ടോബറിലെ ഷെഡ്യൂളുകളില്‍ സ്ഥാനം പിടിച്ചാല്‍ മാത്രമേ സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയൂ. ഒക്ടോബറിലാണ് ലോകത്തെ എല്ലാ യാത്രാ വിമാനങ്ങളുടേയും രണ്ടാം അര്‍ദ്ധവര്‍ഷത്തെ കലണ്ടര്‍ നിശ്ചയിക്കുന്നത്. അഗസ്തിലോ സപ്തംബര്‍ ആദ്യമോ ലൈസന്‍സ് കിട്ടിയാല്‍ ഒക്ടോബര്‍ വരെ കാത്തിരിക്കണം. 

ഈ മാസം അവസാനത്തോടെ വിമാനത്താവളത്തിലെ മിനുക്കുപണികള്‍ പൂര്‍ത്തിയാകും. ലൈസന്‍സ് ലഭിക്കേണ്ട പ്രധാന പരിശോധനയാണ് ഇനി വേണ്ടത്. കാലിബ്രേഷന്‍ വിമാനം പറന്ന് റണ്‍വേയില്‍ ഘടിപ്പിച്ച ഐഎല്‍എസിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചതിനു ശേഷമാണ് ലൈസന്‍സ് നല്‍കുന്ന കാര്യം വ്യോമയാന വകുപ്പ് തീരുമാനിക്കുന്നത്. മഴ ശക്തമായതോടെ കാലിബ്രേഷന്‍ പരിശോധന നീണ്ടുപോവുകയാണ്. 

രാജ്യാന്തര വിമാനത്താവളമാകുന്നതിന്റെ ഭാഗമായി സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാസേന ഈ മാസം അവസാനം പദ്ധതി പ്രദേശത്തെത്തിച്ചേരും. സപ്തംബര്‍ 15 ന് മുമ്പ് ലൈസന്‍സ് അനുവദിക്കുമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സിഐഎസ്എഫ് സുരക്ഷാച്ചുമതല ഏറ്റെടുക്കുന്നത്. രാജ്യാന്തര വിമാനത്താവളങ്ങള്‍ക്ക് കസ്റ്റംസ് സംവിധാനവും സിഐഎസ്എഫ് സുരക്ഷയും നിര്‍ബദ്ധമാണ്. കസ്റ്റംസിന്റെ വിവിധ തലത്തിലുള്ള പരിശോധനകള്‍ പൂര്‍ത്തീകരിക്കാനുമുണ്ട്. നിലവില്‍ ഇവിടെയെത്തുന്ന സിഐഎസ്എഫ് അംഗങ്ങള്‍ക്ക് കൂത്തുപറമ്പ് വലിയ വെളിച്ചത്താണ് താല്‍ക്കാലികമായി താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.