ക്ഷീരകര്‍ഷകര്‍ ജപ്തിഭീഷണിയില്‍: വ്യാപക പ്രതിഷേധം

Tuesday 14 August 2018 1:21 am IST

 

നടുവില്‍: ജില്ലാ ബാങ്കില്‍ നിന്നും വായ്പയെടുത്ത് പശുക്കളെ വാങ്ങിയ കര്‍ഷകര്‍ക്കെതിരെ ജപ്തി ഭീഷണിയുമായി ബാങ്ക് അധികൃതര്‍. ആലക്കോട്, കാര്‍ത്തികപുരം, മണക്കടവ് മേഖലകളിലെ നൂറുകണക്കിന് കര്‍ഷകരാണ് ജപ്തി ഭീഷണിയില്‍ കഴിയുന്നത്. ജെഎല്‍ജി ഗ്രൂപ്പുകള്‍ മുഖാന്തിരം 2016 ല്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്നും പശുക്കളെ വാങ്ങാന്‍ വായ്പയെടുത്ത കര്‍ഷകരാണ് കടക്കെണിയിലായതിനെ തുടര്‍ന്ന് ജപ്തി നടപടികള്‍ നേരിടുന്നത്. 

അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് മൂന്നര ലക്ഷം രൂപയാണ് വായ്പ നല്‍കിയിരുന്നത്. 36 തുല്യ ഗഡുക്കളായി 2019 ജൂണ്‍ 30 ന് മുമ്പ് അടച്ചുതീര്‍ക്കണമെന്ന വ്യവസ്ഥയോടെയായിരുന്നു വായ്പ നല്‍കിയിരുന്നത്. എന്നാല്‍ ക്ഷീരമേഖലയിലെ പ്രതിസന്ധികള്‍ മൂലം വായ്പ കൃത്യമായി തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കാലാവധി കഴിഞ്ഞതോടെ ക്ഷീരകര്‍ഷകര്‍ ജപ്തി നടപടി നേരിടുന്നത്. ബാങ്കിന്റെ വ്യവസ്ഥകള്‍ പ്രകാരം നടത്തിയ പശുവളര്‍ത്തല്‍ വന്‍ നഷ്ടത്തില്‍ കലാശിച്ചതാണ് തിരിച്ചടവ് മുടങ്ങാന്‍ കാരണമായത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്‍ വില കൊടുത്ത് വാങ്ങിയ പശുക്കളില്‍ പലതും മലയോരത്തെ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചത്തുപോവുകയും ചിലതിന് ഉദ്ദേശിച്ചത്ര പാല്‍ കിട്ടാതെ വന്നതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറുകയായിരുന്നു. തിരിച്ചടവ് കാലാവധിക്ക് മുന്നേ തവണകള്‍ കൃത്യമായി അടച്ചില്ല എന്ന കാരണം പറഞ്ഞ് ജപ്തി നടപടികളിലേക്ക് നീങ്ങിയ ബാങ്കിന്റെ നിലപാടില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.