കണ്ണൂര്‍ വിമാനത്താവളം: കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം 18ന്

Tuesday 14 August 2018 1:27 am IST

 

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം  18ന് ചേരും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ലൈസന്‍സ് മാത്രം ലഭിക്കാന്‍ ബാക്കി നില്‍ക്കെ വിമാനത്താവളത്തിന്റെ ഉദ്ഘാടനം എന്നു നടത്തണമെന്ന് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നറിയുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ഏതു ദിവസവും ഉദ്ഘാടനം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഏതാനും ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നടക്കുന്ന യോഗത്തില്‍ ഉദ്ഘാടനമുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യും.

കിയാലിന്റെ ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ത്ഥം 19ന് അമേരിക്കയിലേക്ക് പോവുകയാണ്. അതിനാല്‍ 18 ന്റെ യോഗത്തില്‍ ഉദ്ഘാടന തിയ്യതി തീരുമാനിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം നിര്‍ണായകമാണ്. കാലിബ്രേഷന്‍ നടത്തുകയും ലൈസന്‍സ് ലഭ്യമാക്കുകയും ചെയ്യേണ്ടത് അതോറിറ്റിയാണ്. ഉദ്ഘാടനം കഴിഞ്ഞ് വാണിജ്യസര്‍വീസിനായി അധികദിവസം കാത്തുനില്‍ക്കുന്നത് പ്രയാസമാണെന്നതിനാല്‍ ഒക്ടോബറില്‍ തയ്യാറാകുന്ന വ്യോമയാന കലണ്ടര്‍കൂടി പരിഗണിച്ചാവും തിയ്യതി നിശ്ചയിക്കുകയെന്നറിയുന്നു.

കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിനുമുമ്പ് പ്രവര്‍ത്തനസജ്ജമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ വിമാനത്താവളം ഉദ്ഘാടനം ചെയ്യാം. തിയ്യതി സംസ്ഥാന സര്‍ക്കാരും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനും ചേര്‍ന്നാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു കഴിഞ്ഞ ദിവസം  അറിയിച്ചിരുന്നു.

ഒക്ടോബര്‍ ഒന്നിനുമുമ്പ് കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ അനുമതിയും നല്‍കും. തുടക്കത്തില്‍ത്തന്നെ മൂന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടാകും. ജെറ്റ് എയര്‍വേസ്, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് താത്പര്യം കാട്ടിയിരിക്കുന്നത്. കണ്ണൂര്‍-അബുദാബി (ജെറ്റ് എയര്‍വേസ്), കണ്ണൂര്‍-ദമാം (ഗോ എയര്‍), കണ്ണൂര്‍-ദോഹ (ഇന്‍ഡിഗോ) എന്നീ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കാണ് അനുമതി നടപടികള്‍ പുരോഗമിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ ഉടന്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. അടുത്ത ശീതകാലസമയക്രമം ഒക്ടോബറിലാണ് തുടങ്ങുന്നത്. ഇതില്‍ കണ്ണൂരില്‍നിന്നുള്ള സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യോമയാന സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. നാവികേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട അവസാനവട്ട പ്രവര്‍ത്തികള്‍ വിമാനത്താവള പ്രദേശത്ത് നടന്നുകൊണ്ടിരിക്കുകയാണ്.

  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.