അയ്യങ്കുന്നില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഇരുപതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു രണ്ടു നടപ്പാലങ്ങള്‍ ഒലിച്ചു പോയി

Tuesday 14 August 2018 1:45 am IST

 

ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. ഉരുപ്പുംകുറ്റി ഏഴാം കടവില്‍ ഇന്നലെ വൈകുന്നേരം ആറു മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങള്‍ ഒറ്റപെട്ടു. കുണ്ടൂര്‍ പുഴ കവിഞ്ഞൊഴുകി രണ്ടു നടപ്പാലങ്ങള്‍ ഒലിച്ചുപോയി. മേഖലയിലെ കൃഷിയിടങ്ങളും നശിച്ചു. 

മേഖലയില്‍ രണ്ടിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കുന്നില്‍ സണ്ണി എന്നയാളുടെ പറമ്പിലും വനത്തിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് കുണ്ടൂര്‍ പുഴ കരകവിഞ്ഞു. എന്നാല്‍ ആളപായമില്ല. പോലീസും ഫയര്‍ഫോഴ്‌സും റവന്യു വകുപ്പും സ്ഥലത്തെത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ അയ്യന്‍കുന്ന് പഞ്ചായത്ത് ഉള്‍പ്പെടെ മലയോര മേഖലയിലെ പല സ്ഥലങ്ങളും ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീതിയില്‍ തന്നെ ആണ് ഉള്ളത്. 

അയ്യന്‍കുന്ന്, ഉളിക്കല്‍ പഞ്ചായത്തുകളില്‍ ഇന്നലെയും മഴ ശക്തമായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടില്‍ ദുരിതാശ്വാസ ക്യാമ്പിള്‍ താമസിപ്പിച്ചവരെ ഇന്ന് സ്വന്തം വീടുകളിലേക്കോ, വാടക വീടുകളിലേക്കോ മാറ്റാന്‍ കഴിയുമെന്ന് തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍ പറഞ്ഞു. അതേസമയം മേഖലയില്‍ ഇടവിട്ട് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.