മഴക്കെടുതി: നഷ്ടപരിഹാരം കാലതാമസമില്ലാതെ അര്‍ഹര്‍ക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് റവന്യൂ മന്ത്രി

Tuesday 14 August 2018 1:46 am IST

 

കണ്ണൂര്‍: മഴക്കെടുതി മൂലം വീടും കൃഷിയും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുക കാലതാമസമില്ലാതെ അര്‍ഹരയാവര്‍ക്കു മാത്രം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

എന്തെങ്കിലും സമ്മര്‍ദ്ദത്തിനു വഴങ്ങി അര്‍ഹതയില്ലാത്തവരുടെ കരങ്ങളിലേക്ക് അത് ചെന്നെത്തുന്ന അവസ്ഥയുണ്ടാവരുത്. അതേസമയം ന്യായമായും നഷ്ടപരിഹാരം ലഭിക്കേണ്ട ഒരാള്‍ക്കും അത് വൈകരുതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എത്രയും വേഗം നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിക്കണം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായി തീര്‍ന്ന വീടുകള്‍ ആരീതിയില്‍ തന്നെ പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് തിരിച്ചുപോവുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കണം. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സ്ഥലങ്ങളിലെ വീടുകള്‍ വാസയോഗ്യമാക്കുന്നതിനും  പരിസരം മാലിന്യമുക്തമാക്കുന്നതിനും സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എസ്പി ജി ശിവവിക്രം, സബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.