കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരും വാര്‍ഡന്മാരും ഏറ്റുമുട്ടി: നാലുപേര്‍ക്ക് പരിക്ക്

Tuesday 14 August 2018 1:53 am IST

 

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരും വാര്‍ഡന്മാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടു തടവുകാര്‍ക്കും രണ്ടു വാര്‍ഡന്മാര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച സന്ധ്യയോടെ തടവുകാരെ തിരിച്ച് സെല്ലിലേക്ക് കയറ്റുന്നതിനിടെ മുഹമ്മദ്ഷാഫി, രാഹുല്‍ എന്നീ ശിക്ഷാ തടവുകാര്‍ സെല്ലില്‍ കയറാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഡന്മാരായ ചന്ദ്രശേഖരന്‍, രമേശന്‍ എന്നിവര്‍ ഇവരെ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്ക് നേരെ അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റ വാര്‍ഡന്മാര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം ആശുപത്രി വിട്ടു. 

ഇതേത്തുടര്‍ന്ന് ഒരു സംഘം തടവുകാര്‍ ശിക്ഷാ തടവുകാരായ മുഹമ്മദ് ഷാഫിയെയും രാഹുലിനെയും ആക്രമിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാര്‍ഡന്മാരുമായി സംഘര്‍ഷമുണ്ടാക്കിയ ശിക്ഷാ തടവുകാര്‍ സ്ഥിരമായി ജയിലില്‍ സംഘര്‍ഷമുണ്ടാക്കുന്നത് പതിവാണെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. വാര്‍ഡന്മാരെ ആക്രമിച്ച തടവുകാരെ അതീവ സരുക്ഷയുളള ജയിലിനകത്തുവെച്ച് മറ്റു തടവുകാര്‍ മര്‍ദ്ദിച്ച സംഭവവും വിവാദമായിട്ടുണ്ട്. തങ്ങളെ സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി മര്‍ദ്ദനമേറ്റ തടവുകാര്‍ മൊഴിനല്‍കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് തടവുകാര്‍ ആവശ്യപ്പെട്ടതോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം വാര്‍ഡന്മാരായ ചന്ദ്രശേഖരന്‍, രമേശന്‍ എന്നിവരെ അക്രമിച്ച സംഭവത്തില്‍ തടവുകാരായ മുഹമ്മദ്ഷാഫി, രാഹുല്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.