ഇരിട്ടി ടൗണ്‍ വികസനം: കയ്യേറ്റങ്ങള്‍ അളന്ന് മാര്‍ക്ക് ചെയ്തു

Tuesday 14 August 2018 2:04 am IST

 

ഇരിട്ടി: തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ വികസനം ലക്ഷ്യമിട്ടുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. പുതിയ പാലം വരുന്നതോടെ റോഡിലെ അലൈന്‍മെന്റില്‍ വലിയ മാറ്റം വരും. ഇതിനായി ടൗണിലെ റവന്യൂ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള ശ്രമമാണ് ആരംഭിച്ചത്. ഇത്തരം കയ്യേറിയ ഭാഗങ്ങള്‍ കെഎസ്ടിപി, റവന്യൂ, സര്‍വകക്ഷി, വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ അളന്ന് മാര്‍ക്ക് ചെയ്തു. 

 മുന്‍പ് നടന്ന റവന്യൂ കെഎസ്ടിപി സര്‍വേയില്‍ ടൗണില്‍ ഇരിട്ടി പാലം മുതല്‍ പയഞ്ചേരിവരെ നിരവധി കയ്യേറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങള്‍ കഴിഞ്ഞ ആഴ്ച നടന്ന വ്യാപാരി സംഘടനകളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗത്തില്‍ റവന്യൂ, കെഎസ്ടിപി നഗരസഭാ അധികൃതര്‍ വിശദീകരിച്ചിരുന്നു. അന്നത്തെ തീരുമാനപ്രകാരമാണ് ഇന്നലെ സംയുക്തമായി കെട്ടിട ഉടമകളെയും വ്യാപാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് ടൗണിലെ റവന്യൂ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങളും മറ്റുനിര്‍മ്മിതികളും അളന്ന് മാര്‍ക്ക് ചെയ്തത്. 

 ടൗണ്‍ വികസനത്തിന് ഉപയോഗിക്കേണ്ട സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങളുടെ മുന്‍വശം കൂട്ടി നിര്‍മ്മിച്ച് പലരും വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. കയ്യേറിയ സ്ഥലം ഏറ്റെടുക്കാതെ കെഎസ്ടിപിറോഡ് വികസനത്തിന്റെ ഭാഗമായുള്ള നഗരവികസനം സാധ്യമാകില്ലെന്ന് കണ്ടെത്തിയതോടെയാണ് കയ്യേറ്റം ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനവുമായി അധികൃതര്‍ മുന്നോട്ടുപോയത്. 

 നേരത്തെ സര്‍വ്വെ വിഭാഗം കണ്ടെത്തി അടയാളപ്പെടുത്തിയ ഭാഗത്ത് സംശയം പ്രകടിപ്പിച്ച കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും റവന്യൂ റെക്കോഡ് പ്രകാരമുള്ള സ്ഥലത്തിന്റെ മാപ്പ് സഹിതം തഹസില്‍ദാര്‍ കെ.കെ.ദിവാകരനും താലൂക്ക് സര്‍വ്വെ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തിന്റെ ഘടന വിശദീകരിച്ചു കൊടുത്തു. പരിശോധനക്ക് താലൂക്ക് ഹെഡ് സര്‍വ്വെയര്‍ ടി.പി.മുഹമ്മദ് ഷരീഫ്, സര്‍വ്വെയര്‍ ബി.കെ.സുരേഷ്, കെഎസ്ടിപി എഞ്ചിനീയര്‍ കെ.വി.സതീശന്‍, നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍, ജില്ലാ പഞ്ചയാത്ത് അംഗം തോമസ് വര്‍ഗ്ഗീസ്, വ്യാപാരി പ്രതിനിധികളായ റെജിതോമസ്, കെ.അബ്ദുറഹ്മാന്‍, കുഞ്ഞിമൂസ്സഹാജി, പി.കെ.മുസ്തഫഹാജി, ഹാഷിം, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ കെ.ശ്രീധരന്‍,  ബിനോയ്കുര്യന്‍, പായം ബാബുരാജ്, കെ.മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. ഓണം കഴിയുന്നതോടെ കയ്യേറിയ സ്ഥലത്തെ നിര്‍മ്മിതികള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു നീക്കണം.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.