മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം നല്‍കി

Tuesday 14 August 2018 10:51 am IST
ജലനിരപ്പ് 142 അടിയിലെത്തിയാല്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കും. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് തമിഴ്‌നാടുള്ളത്.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 136.40 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ ആദ്യഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കി. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. 

ജലനിരപ്പ് 142 അടിയിലെത്തിയാല്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കും. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് തമിഴ്‌നാടുള്ളത്. ജലനിരപ്പ് 136 അടിയില്‍ നിന്നും 142 ലേക്കും തുടര്‍ന്ന് 152ലേക്കും ഉയര്‍ത്തണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്. 2014ലെ സുപ്രീംകോടതി വിധിയോടെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്തുകയായിരുന്നു.

തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ പറ്റാത്തവിധം മഴ കൂടുകയാണെങ്കില്‍ മാത്രമെ അണക്കെട്ടിന്റെ സ്പി‌ല്‍‌വേ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കി അണക്കെട്ടിലെക്ക് വെള്ളം ഒഴുക്കാന്‍ തമിഴ്‌നാട് തയാറാവുകയുള്ളൂ. സ്പില്‍‌വേ വഴി വെള്ളം ഒഴുക്കുകയാണെങ്കില്‍ അത് പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ഭീഷണിയാകും. 400 ഘനയടി വീതം വെള്ളം കൊണ്ടുപോകാന്‍ ശേഷിയുള്ള നാല് പെന്‍‌സ്റ്റോക് പൈപ്പുകളിലൂടെയാണ് തമിഴ്‌നാട് ആദ്യം വെള്ളം കൊണ്ടുപോവുക. പിന്നീട് ഇറച്ചിപ്പാലം കനാലിലൂടെയും വെള്ളം ഒഴുക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.