444 വില്ലേജുകളെ ദുരന്തബാധിതമായി പ്രഖ്യാപിച്ചു

Tuesday 14 August 2018 2:02 pm IST
വെള്ളപ്പൊക്കത്തില്‍ രണ്ടു ദിവസത്തിലധികം വെള്ളംകെട്ടി നിന്ന വീടുകള്‍ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ 10,000 രൂപ സഹായധനം നല്‍കും. പൂര്‍ണമായി വീട് തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.

തിരുവനന്തപുരം: 251 വില്ലേജുകളെ കൂടി ദുരന്തബാധിതമായി പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നേരത്തെ 193 വില്ലേജുകളെ ദുരന്തബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ കണക്ക് അനുസരിച്ച് 444 വില്ലേജുകള്‍ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുകയാണ്. 

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലകള്‍ തോറും മന്ത്രിമാരുടെ നേതൃത്വത്തില്‍ സാമനതകളില്ലാത്ത പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക രംഗത്തെയാളുകളും സഹായത്തിന് ഒപ്പം ചേര്‍ന്നുവെന്നും എല്ലാവരോടും സര്‍ക്കാരിന്‍റെ നന്ദി അറിയിക്കുയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ രണ്ടു ദിവസത്തിലധികം വെള്ളംകെട്ടി നിന്ന വീടുകള്‍ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ 10,000 രൂപ സഹായധനം നല്‍കും. പൂര്‍ണമായി വീട് തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഉരുള്‍പൊട്ടല്‍ മൂലമുള്ള ദുരന്തങ്ങള്‍ കാരണം സ്വന്തം ഭൂമിയില്ലാതായവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് സെന്റ് വരെ വാങ്ങുന്നതിന് ആറ് ലക്ഷം രൂപ നല്‍കും. ഇവര്‍ക്ക് വീടുവയ്ക്കാന്‍ നാല് ലക്ഷം രൂപ അധികമായും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സര്‍ക്കാര്‍ നല്‍കുന്ന ദുരിതാശ്വാസതുകയില്‍ നിന്നും കമ്മീഷന്‍ ഈടാക്കരുതെന്ന് ബാങ്കിംഗ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടും. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകളില്‍ പണം സര്‍ക്കാര്‍ നിക്ഷേപിക്കുമ്പോള്‍ ബാങ്കുകള്‍ പിഴ ചുമത്തിയാല്‍ ദുരന്തത്തില്‍പെട്ട പാവങ്ങള്‍ക്ക് ഒന്നും ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കാനാണ് ബാങ്കിംഗ് സമിതിയെ സര്‍ക്കാര്‍ സമീപിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആളുകള്‍ നല്‍കുന്ന സംഭാവനകള്‍ക്കും കമ്മീഷന്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയത്തില്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് പുതിയ രേഖകള്‍ ലഭിക്കുന്നതിന് ഫീസ് ഒഴിവാക്കും. രേഖകള്‍ നല്‍കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ സര്‍ക്കാര്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. രേഖകള്‍ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ അദാലത്തുകള്‍ നടത്തുന്നത്. സെപ്റ്റംബര്‍ മൂന്ന് മുതല്‍ 15 വരെയായിരിക്കും സംസ്ഥാനത്തെ വിവിധ മേഖലകളില്‍ അദാലത്തുകള്‍ നടത്തുക. സെപ്റ്റംബര്‍ 30 വരെ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഫീസില്ലാതെ പുതിയവ സ്വന്തമാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. രേഖകള്‍ നഷ്ടപ്പെട്ടവര്‍ പുതിയതിന് അപേക്ഷിക്കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ ഫീസ് വാങ്ങാന്‍ പാടില്ല. അക്ഷയ കേന്ദ്രങ്ങളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം മൂലം മത്സ്യബന്ധന ഉപകരണങ്ങള്‍ നശിച്ച തൊഴിലാളികള്‍ക്ക് പുതിയവ വാങ്ങുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. കൃഷി വന്‍തോതില്‍ നശിച്ച സാഹചര്യത്തില്‍ പുതിയ കൃഷിയിറക്കുന്നതിന് സര്‍ക്കാര്‍ വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യും. കൃഷിക്കാര്‍ക്ക് നല്‍കുന്ന മറ്റ് സഹായങ്ങള്‍ക്ക് പുറമേയായിരിക്കും വിത്തുകള്‍ സൗജന്യമായി നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.