നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. തുടര്‍ന്ന് റണ്‍വേയിലെ ഏതാനും ലൈറ്റുകള്ക്ക കേടുപാട് പറ്റി. ആളപായം ഉണ്ടായിട്ടില്ല. ഇന്നു പുലര്‍ച്ചെ 4.25ന് യാത്രക്കാരെ ആശങ്കയിലാഴ്ത്തിയ സംഭവം. കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന കുവൈറ്റ് എയര്‍വെയ്സിന്റെ കെ.യു 357 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 3.50ന് എത്തേണ്ട വിമാനം അര മണിക്കൂറിലേറെ വൈകി 4.25നാണ് ഇറങ്ങിയത്.
163 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുമ്പോള്‍ ശക്തമായ കാറ്റിലും മഴയിലും പെട്ടു വിമാനം മധ്യരേഖയില്‍നിന്ന് ഏതാനും മീറ്റര്‍ വലത്തോട്ടു മാറിയാണു ലാന്‍ഡു ചെയ്തത്. വിമാനം ഉടന്‍ നിയന്ത്രണത്തിലാക്കാന്‍ പൈലറ്റിനു കഴിഞ്ഞു. തുടര്‍ന്നു സാധാരണ പോലെ ബേയിലെത്തിച്ചു യാത്രക്കാരെയിറക്കി. വിമാനത്തിന്റെ ചിറകിടിച്ച് റണ്‍വേയിലെ അഞ്ചു ലൈറ്റുകള്‍ നശിച്ചു. ഇവ അടിയന്തിരമായി നന്നാക്കി.
പിന്നീട് വിമാനം സാധാരണ പോലെ ബേയിലെത്തിച്ച് യാത്രക്കാരെ ഇറക്കുയായിരുന്നു.വിമാനം പരിശോധനകള്‍ പൂര്‍ത്തിയാക്കി 9.30ന് കുവൈറ്റിലേക്ക് പോയി.
ഇക്കഴിഞ്ഞ ജൂലൈ 13നും സമാനസംഭവമുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ ഇറങ്ങിയ ഖത്തര്‍ എയര്‍വെയ്സ് വിമാനമാണു റണ്‍വേയില്‍നിന്നു തെന്നിമാറിയത്. വിമാനം നിലംതൊട്ട ശേഷം മുന്നോട്ടു നീങ്ങുന്നതിനിടെ, മഴയില്‍ ഒരു വശത്തേക്കു തെന്നുകയായിരുന്നു. ആര്‍ക്കും അപകടമില്ല. ഒരു ലീഡ് ഇന്‍ ലൈറ്റ് തകര്‍ന്നിരുന്നു.