ദുരിതാശ്വാസ നിധിയിലേക്ക് ബിജെപി ജനപ്രതിനിധികള്‍ രണ്ടാഴ്ചത്തെ വേതനം നല്‍കും

Tuesday 14 August 2018 4:46 pm IST
വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ കാര്യത്തില്‍ കേന്ദ്രത്തെ സമീപിച്ചതെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. കൃത്യമായ കണക്ക് നിരത്തി ആവശ്യമായ തുക കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ സാധിക്കും. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന തുക അതിനുമാത്രം ഉപയോഗിക്കണം. സുനാമി, ഓഖി ദുരിതാശ്വാസ നിധികളുടെ കാര്യത്തിലുണ്ടായ അനുഭവം ആവര്‍ത്തിക്കരുത്.

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് കേന്ദ്രത്തില്‍ വിവിധ പദവിയിലെത്തിയ പ്രവര്‍ത്തകരുള്‍പ്പെടെ ബിജെപി യുടെ ജനപ്രതിനിധികള്‍ രണ്ടാഴ്ചത്തെ വേതനം നല്‍കുമെന്ന്  സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ സേവാഭാരതിക്കോ പണം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ 10000 ത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍  ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്തുണ്ട്.. രാഷ്്ടീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി മാത്രമാണ് ദുരിതാശ്വാസ പ്രവര്‍ത്തനരംഗത്ത് സജിവമായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു.

വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ കാര്യത്തില്‍ കേന്ദ്രത്തെ സമീപിച്ചതെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. കൃത്യമായ കണക്ക് നിരത്തി ആവശ്യമായ തുക കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ സാധിക്കും. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന തുക അതിനുമാത്രം ഉപയോഗിക്കണം. സുനാമി, ഓഖി ദുരിതാശ്വാസ നിധികളുടെ കാര്യത്തിലുണ്ടായ അനുഭവം ആവര്‍ത്തിക്കരുത്.  സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരതുക പണമായി തന്നെ നേരിട്ടു നല്‍കണം.

 ഏറ്റവും ഹീനമായ കുറ്റം ആരോപിക്കപ്പെട്ട ജലന്ധര്‍ ബിഷപ്പിനെതിരെ നിയമം അനുശാസിക്കുന്ന വിധം നടപടിയെടുക്കുന്നതില്‍ സര്‍ക്കാരിന് കൈവിറയ്ക്കുകയാണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. കൊലപാതകത്തെക്കാള്‍ കുറ്റമായ ബലാല്‍സംഗമാണ് ബിഷപ്പിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. നിയമത്തിനുമുന്നില്‍ നിന്ന് വഴുതിമാറാന്‍ അദ്ദേഹത്തിന് അവസരമൊരുക്കുന്നത് അംഗീകരിക്കാനാവില്ല.മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ജലന്ധറില്‍ നടന്ന ആക്രമണം ആശങ്ക ഉണ്ടാക്കുന്നതാണെന്നും  ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപി സംസ്ഥാന ഭാരവാഹികളെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് ചോദ്യത്തിനു മറുപടിയായി സംസ്ഥാന പ്രസിഡന്റ്  പറഞ്ഞു. ഘട്ടംഘട്ടമായിട്ടായിരിക്കും പ്രഖ്യാപനം. ഭാരവാഹികളെ പ്രഖ്യാപിക്കുന്നത് പ്രസിഡന്റിന്റെ വിവേചനാധികാരമാണ്. ബിജെപി പ്രസിഡന്‍ഷ്യല്‍ പാര്‍ട്ടി ആണ്.

മുന്‍ പ്രസിഡന്റ് നിയോഗിച്ച ഭാരവാഹികളെ ആജീവനാന്തം നിലനിറുത്തണമെന്നില്ല. പി.പി.മുകുന്ദന്‍ ഇപ്പോഴും ബിജെപിയിലെ പ്രാഥമിക അംഗമാണ്. അദ്ദേഹത്തിന് എന്തെങ്കിലും ചുമതല കൊടുക്കണമെങ്കില്‍ പാര്‍ട്ടിയുടെ കേന്ദ്രസംസ്ഥാന തലത്തില്‍ ആലോചിച്ചു ചെയ്യും. കോണ്‍ഗ്രസ് വിട്ട് പ്രമുഖര്‍ ബിജെപിയിലേക്ക് വരുമെന്നും ശ്രീധരന്‍ പിള്ള  പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.