ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകളെല്ലാം തുറന്നു

Tuesday 14 August 2018 5:57 pm IST
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഉള്‍പ്പെടെ അതിശക്തമായ മഴ തുടരുന്നതിനാലാണ് നടപടി. നിലവില്‍ സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇത് ഇരട്ടിയാക്കുന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയരും.

തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു. ഇന്നലെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ആറ് മണിയോടെ വീണ്ടും തുറന്നത്.

അതിശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതോടെ സെക്കന്‍ഡില്‍ 600 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഉള്‍പ്പെടെ അതിശക്തമായ മഴ തുടരുന്നതിനാലാണ് നടപടി. നേരത്തെ സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ വെള്ളമായിരുന്നു ഒഴുക്കിവിട്ടിരുന്നത്. ഇത് ഇരട്ടിയാക്കിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയരും. പെരിയാറിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  പെരിയാറില്‍ ജലം ഉയരുന്നതോടെ ചെറുതോണി പാലം വീണ്ടും വെള്ളത്തിനടിയിലായേക്കും. 

അണക്കെട്ടിലെ ജലനിരപ്പ് 2,396.96 അടിയായി കുറഞ്ഞതോടെ രണ്ടു ഷട്ടറുകള്‍ തിങ്കളാഴ്ച വൈകിട്ട് അടച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഇത് 2,397.10 അടിയായി വര്‍ധിച്ചു. നീരൊഴുക്ക് ശക്തമായതിനാല്‍ വളരെ വേഗത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ഇതാണ് ഷട്ടറുകളെല്ലാം തുറക്കാന്‍ കെഎസ്ഇബിയെ നിര്‍ബന്ധിതമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.