ദിനേശ്; ഒരു വിജയഗാഥ

Wednesday 15 August 2018 1:00 am IST
വൈവിദ്ധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കൈവെച്ച മേഖലകളിലെല്ലാം വിജയക്കൊടിപാറിച്ച ദിനേശ് ബീഡി സഹകരണ സംഘം ഇന്ന് കേരളത്തിന് പ്രതിവര്‍ഷം അഞ്ച് കോടി രൂപയുടെ വിദേശ നാണ്യം നേടിത്തരുന്ന 80 കോടി രൂപയുടെ വിറ്റുവരവുളള സ്ഥാപനമായി മാറി കഴിഞ്ഞതായി സ്ഥാപനത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്ന ചെയര്‍മാന്‍ മുന്‍ വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടര്‍കൂടിയായ സി.രാജന്‍ പറഞ്ഞു. 19 സ്ഥാപനങ്ങള്‍ ഇന്ന് ദിനേശ് സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യസംസ്‌കരണം, കുടനിര്‍മാണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അപ്പാരല്‍സ് തുടങ്ങിയ മേഖലകളെല്ലാം വിജയക്കൊടി പാറിച്ച് സംഘം മുന്നോട്ടുപോവുകയാണ്.

പേരും പ്രശസ്തിയും കോടികളുടെ വിറ്റുവരവും ഉണ്ടായിരുന്ന പല വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും കാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊളളാനാവാതെയും, വ്യത്യസ്തമായ കാരണങ്ങളാലും അടച്ചുപൂട്ടിയ ചരിത്രമുളള നാടാണ് കേരളം. എന്നാല്‍ എത്ര വലിയ പ്രതിസന്ധികളേയും  വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ അതിജീവിക്കാനും വിജയിക്കാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് വര്‍ഷങ്ങളുടെ ചരിത്രമുളള കണ്ണൂരിലെ ദിനേശ് എന്ന സഹകരണ സ്ഥാപനം.

ബീഡി നിര്‍മ്മാണ-വിപണനത്തിലൂടെ സഹകരണ രംഗത്ത് വിസ്മയം സൃഷ്ടിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സഹകരണസംഘമായി മാറിയ സ്ഥാപനമായിരുന്നു കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിനേശ് ബീഡി സഹകരണ സംഘം. 1969-ല്‍ 3000 തൊഴിലാളികളുമായി പ്രവര്‍ത്തനം ആരംഭിച്ച സഹകരണ സംഘം എണ്‍പതുകളില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സഹകരണ സംഘമായി മാറി. എന്നാല്‍ പുകയില ഉപയോഗം കുറഞ്ഞതോടെ സ്ഥാപനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി. കേരള ദിനേശ് ബീഡി വര്‍ക്കേഴ്‌സ് സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്നേറ്റത്തിന് 1990-കളോടെ രാജ്യത്തെമ്പാടും വളര്‍ന്നുവന്ന പുകയില വിരുദ്ധ പ്രചാരണങ്ങളും സര്‍ക്കാര്‍ നടപടികളും ആരോഗ്യബോധവത്കരണ പ്രവര്‍ത്തനങ്ങളും തടസ്സമായി. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും പുകയിലവിരുദ്ധ പ്രചാരണം സര്‍ക്കാര്‍ തലത്തിലും സാമൂഹ്യതലത്തിലും ആരംഭിക്കുകകൂടി ചെയ്തപ്പോള്‍ ഒരു ജനകീയ പ്രസ്ഥാനമെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് കേരള ദിനേശ് ബീഡി ഉല്‍പ്പാദനത്തിലും വിപണനത്തിലും കുറവു വരുത്തി. തദ്ദേശ-വിദേശ സിഗരറ്റുകളുടെ തള്ളിക്കയറ്റം ബീഡി വിപണിയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരുന്നു.

വൈവിധ്യവല്‍ക്കരണം ഇവിടെ തുടങ്ങുന്നു

ഇതോടെ സഹകരണ സംഘത്തെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് വരുന്ന തൊഴിലാളികള്‍ പ്രതിസന്ധിയിലായി. തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറഞ്ഞതോടെ  ധാരാളം പേര്‍ മറ്റ് തൊഴിലുകള്‍ തേടിപ്പോയി. ഒറ്റയടിക്ക് ഇത്രയധികം തൊഴിലാളികളെ പുനധിവസിപ്പിക്കുകയെന്നത് മാനേജ്‌മെന്റിന് മുന്നില്‍ ചോദ്യചിഹ്നമായി. ഇതോടെ തൊഴിലാളികളുടെയും പ്രസ്ഥാനത്തിന്റെയും നിലനില്‍പ്പിനായി മാനേജ്‌മെന്റ് വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. 

1996-ലാണ് പ്രതിസന്ധികളെ അതിജീവിക്കാന്‍ ദിനേശ് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലേക്ക് കടന്നത്. പിന്നീടങ്ങോട്ട് ദിനേശിന്റെ വളര്‍ച്ച പറഞ്ഞറിയിക്കാനാവാത്ത വിധത്തിലായിരുന്നു. സൊസൈറ്റി അധികൃതര്‍ ദീര്‍ഘവീക്ഷണത്തോടെ തുടക്കമിട്ട വൈവിധ്യവല്‍ക്കരണമെന്ന ആശയം യുക്തമായ തീരുമാനമായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു സ്ഥാപനത്തിന്റെ മുന്നേറ്റം. 20 വര്‍ഷങ്ങള്‍ക്കിപ്പുറമെത്തിനില്‍ക്കെ കേരളത്തിന്റെ പ്രത്യേകിച്ച് ഉത്തര മലബാറിന്റെ വ്യത്യസ്ത മണ്ഡലങ്ങളില്‍ ദിനേശിന്റെ നാമം നിറഞ്ഞുനില്‍ക്കുന്നു. നിലവില്‍ നൂറില്‍ അധികം ഉത്പന്നങ്ങള്‍ ദിനേശില്‍നിന്ന് പുറത്തിറങ്ങുന്നു. കുട നിര്‍മാണം, അപ്പാരല്‍സ്, ഐടി രംഗത്ത് ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിസ്റ്റം തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഏറ്റവും ഒടുവില്‍ ദിനേശ് കഫേയെന്ന പേരില്‍ ഹോട്ടല്‍ രംഗത്തേക്കും ദിനേശ് ചുവടുവച്ചു കഴിഞ്ഞു. പിണറായിയിലും തലശ്ശേരിയിലും സ്ഥാപിച്ച കഫേകള്‍ക്ക് പിന്നാലെ കഴിഞ്ഞ മാസം പയ്യന്നൂരിലും വിശാലമായ സൗകര്യങ്ങളോടെ ദിനേശ് കഫേ പ്രവര്‍ത്തനം ആരംഭിച്ചു.

 വൈവിദ്ധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കൈവച്ച മേഖലകളിലെല്ലാം വിജയക്കൊടിപാറിച്ച സംഘം ഇന്ന് കേരളത്തിന് പ്രതിവര്‍ഷം അഞ്ച് കോടി രൂപയുടെ വിദേശ നാണ്യം നേടിത്തരുന്ന 80 കോടി രൂപയുടെ വിറ്റുവരവുളള സ്ഥാപനമായി മാറി കഴിഞ്ഞതായി സ്ഥാപനത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്ന ചെയര്‍മാന്‍ മുന്‍ വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടര്‍കൂടിയായ സി.രാജന്‍ പറയുന്നു. 19 സ്ഥാപനങ്ങള്‍ ഇന്ന് ദിനേശ് സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യസംസ്‌കരണം, കുടനിര്‍മാണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അപ്പാരല്‍സ് തുടങ്ങിയ മേഖലകളെല്ലാം വിജയക്കൊടി പാറിച്ച് സംഘം മുന്നോട്ടുപോവുകയാണ്. കേരള സമ്പദ്‌വ്യവസ്ഥയില്‍ എക്കാലത്തും അതുല്യമായ സ്ഥാനം കേരള ദിനേശ് എന്ന ബീഡി തൊഴിലാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച സഹകരണ സ്ഥാപനത്തിനുണ്ട്.  1980 കാലഘട്ടത്തില്‍ 42000 തൊഴിലാളികള്‍ക്ക് ജീവിതോപാധി നല്‍കി സഹകരണ പ്രസ്ഥാനത്തിനു തന്നെ മാതൃകയായി.120 കോടിയുടെ വിറ്റുവരവ് അക്കാലത്ത് സംഘത്തിനുണ്ടായിരുന്നു.

വികസനത്തിന്റെ പുതിയ ചക്രവാളം

ഇന്ന് സംഘത്തിന്റെ കീഴില്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലായി 18 പ്രൈമറി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. െ്രെപമറി സംഘങ്ങളില്‍ അയ്യായിരത്തിലധികം തൊഴിലാളികളാണുള്ളത്. ഒരു വര്‍ഷത്തില്‍ 180 കോടി ബീഡി ഉല്‍പ്പാദിപ്പിക്കുന്നു. കേരള ദിനേശിന്റെ എല്ലാ സ്ഥാപനങ്ങളിലുമായി പ്രത്യക്ഷത്തില്‍ 7000-ത്തിലധികവും പരോക്ഷമായി മൂന്നിരട്ടി പേരുമാണ് ജോലി ചെയ്യുന്നത്.

ഭക്ഷ്യസംസ്‌കരണ മേഖലയിലൂടെയാണ് ദിനേശ് വൈവിധ്യവല്‍ക്കരണത്തിന് തുടക്കം കുറിക്കുന്നത്. മലബാറിന്റെ രുചിപ്പെരുമ തിരിച്ചറിഞ്ഞ ഉല്‍പ്പന്നങ്ങളാണ് ആദ്യം വിപണിയിലെത്തിച്ചത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ മായംചേര്‍ത്ത് മാറാരോഗങ്ങള്‍ സാധാരണക്കാരന് സമ്മാനിക്കുന്ന ഇക്കാലത്ത് ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ ദിനേശ് ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് മാനേജ്‌മെന്റും ഉപഭോക്താക്കളും പറയുന്നു.  ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ കര്‍ശന നിയന്ത്രണത്തില്‍ പായ്ക്കുചെയ്ത് നല്‍കുന്ന രീതി (ഭാരത സര്‍ക്കാര്‍ ഗുണമേന്മ മാനദണ്ഡമായ അഗ്മാര്‍ക്ക്) ദിനേശിന്റെ ഉല്‍പ്പന്നങ്ങളുടെ പ്രത്യേകതയാണ്. ഫ്രൂട്ട് പ്രൊഡക്ട് ഓര്‍ഡര്‍, എച്ച്എസിസിപി തുടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്ന ഗുണമേന്മാ സര്‍ട്ടിഫിക്കറ്റുകളും ദിനേശിനുണ്ട്. ഭക്ഷ്യോല്‍പ്പന്നങ്ങളെല്ലാം ബാക്ടീരിയ രഹിത പായ്ക്കിംഗിലൂടെയാണ് ജനങ്ങളിലെത്തുന്നത്. ഇവയുടെ സംസ്‌കരണം ചകിരി, ചിരട്ട എന്നിവ കത്തിച്ചുണ്ടാകുന്ന ആവിയിലാണ്. ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന കറിപൗഡറുകള്‍, മസാലകള്‍, ശുദ്ധമായ അസ്സല്‍ തേങ്ങാപ്പാല്‍, ഒറിജിനല്‍ മാംഗോ പള്‍പ്പില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മാംഗോ ഡ്രിംഗ്, അച്ചാര്‍, ജാം, സ്‌ക്വാഷ് തുടങ്ങിയവ ദിനേശിന്റെ ഉല്‍പ്പന്നങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

ഐടി രംഗത്തേക്ക് സൊസൈറ്റി കാല്‍വയ്പ് നടത്തുന്നത് 1999-ലാണ്. ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിസ്റ്റം (ഡിഐടിഎസ്) എന്ന ഈ സ്ഥാപനം കോ ഓപ്പറേറ്റീവ് ബാങ്കിംഗ് സോഫ്റ്റ്‌വെയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേഷന്‍, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം എന്നിവയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. സംസ്ഥാനത്തെ നിരവധി സഹകരണ ബാങ്കുകളിലും അവയുടെ ശാഖകളിലും ഇവിടെനിന്ന് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. മറ്റു വ്യവസായ സ്ഥാപനങ്ങള്‍ക്കും ദിനേശ് ഐടിയുടെ സേവനം ലഭിക്കുന്നു. കോര്‍ബാങ്കിംഗ് രംഗത്തും ഡിഐടിഎസ് ഏറെ മുന്നേറിക്കഴിഞ്ഞു. 

ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണിയിലേക്കും

ദിനേശിന്റെ മറ്റ് പ്രധാനപ്പെട്ട മേഖലകളാണ് കുടനിര്‍മാണവും അപ്പാരല്‍സും. കുടനിര്‍മാണ യൂണിറ്റിന്റെ തുടക്കം 2000-ത്തിലും അപ്പാരല്‍സിന്റേത് 2007-ലുമായിരുന്നു. ദിനേശ് അപ്പാരല്‍സില്‍ നിന്ന് വിവിധ വര്‍ണ്ണത്തിലും തരത്തിലുമുള്ള ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തുന്നത്. ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പന സാധാരണക്കാരന് അനുയോജ്യമായ വിലയ്ക്ക് തിരഞ്ഞെടുക്കാവുന്ന തരത്തിലാണ്. സില്‍ക്ക് ബോര്‍ഡ് സര്‍ട്ടിഫിക്കേഷനുള്ള സില്‍ക്ക് ഷര്‍ട്ടുകള്‍, ലേഡീസ് ഫാഷന്‍ ഡ്രസ്സുകള്‍, കിഡ്‌സ് ഫാഷന്‍ ഡ്രസുകള്‍ മുതലായവ കഴിവുറ്റ ഡിസൈനര്‍മാരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മിക്കുന്നത്. ഉത്സവ സീസണുകളില്‍ 30 മുതല്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടിലാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്നത്. സൊസൈറ്റിയുടെ അപ്പാരല്‍ യൂണിറ്റുകളിലും ഉപയോഗിക്കുന്നത് അത്യാധുനിക യന്ത്രങ്ങളാണ്. ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും യൂറോപ്പ്, ദുബായ്, ജര്‍മനി എന്നിവിടങ്ങളിലേക്ക്് കയറ്റുമതി ചെയ്യുന്നു. കോട്ട, സിന്തറ്റിക്, സില്‍ക്ക് തുണികളിലുള്ള ദിനേശ് ഷര്‍ട്ടുകള്‍ക്കും വിപണിയില്‍ ആവശ്യക്കാരേറെ. ഓറിയോള്‍ എന്ന സില്‍ക്ക് ഷര്‍ട്ടിന് സില്‍ക്ക് ബോര്‍ഡിന്റെ ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈ അവാര്‍ഡ് രാജ്യത്ത് ആദ്യമായി സ്വന്തമാക്കുന്നത് ദിനേശാണ്. ദിനേശ് ഡ്യൂക്, എം ജാക് തുടങ്ങിയ ബ്രാന്‍ഡുകളിലാണ് ഷര്‍ട്ട് വിപണിയിലെത്തുന്നത്. 

അള്‍ട്രാ വയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന വര്‍ണ്ണക്കുടകള്‍, ത്രീഫോള്‍ഡ്, ടു ഫോള്‍ഡ്, ഫൈവ് ഫോള്‍ഡ്, നാനോ, ഫാന്‍സി, വാലന്റയിന്‍ കുടകള്‍ തുടങ്ങി വിവിധ തരത്തിലുള്ള മുപ്പതോളം കുടകളാണ് ദിനേശ് നിര്‍മിക്കുന്നത്. കൂടാതെ ഡിറ്റര്‍ജന്റുകള്‍, സോപ്പുകള്‍ മുതലായവയും വിപണിയിലെത്തിക്കുന്നു. ഇതിനെല്ലാമുപരി കേരള ദിനേശിന് പയ്യാമ്പലത്ത് ഒരു സൂപ്പര്‍മാര്‍ക്കറ്റും, കണ്ണൂര്‍ നഗര ഹൃദയത്തില്‍ എയര്‍ കണ്ടീഷണിംഗ് സൗകര്യമുള്ള മനോഹരമായ ഓഡിറ്റോറിയവുമുണ്ട്.  250 സീറ്റുകളുള്ള ബാല്‍ക്കണി സൗകര്യം കൂടാതെ ആയിരം പേര്‍ക്കിരിക്കാവുന്നതാണ് ഓഡിറ്റോറിയം. വീഡിയോ കോണ്‍ഫറന്‍സ്, ലെക്ച്ചര്‍ റൂം, ക്ലാസ് റൂം എന്നിവയെല്ലാമാണ് മറ്റ് സവിശേഷതകള്‍. കെ.പ്രഭാകരന്‍ സംഘത്തിന്റെ  സെക്രട്ടറിയും എം.സന്തോഷ് കുമാര്‍ മാര്‍ക്കറ്റിംഗ് മാനേജരുമാണ്. 

വെല്ലുവിളികളെ നേരിട്ടും വിജയം

സംസ്ഥാനത്തിനകത്തും പുറത്തുമുളള സ്വകാര്യ സംരംഭകര്‍ കൃത്യമായി എക്‌സൈസ് നികുതി അടയ്ക്കാതെ, നിയമപ്രകാരമുള്ള കൂലി കൊടുക്കാതെ വ്യവസായ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനാല്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സഹകരണ സ്ഥാപനമെന്ന നിലയില്‍  നിയമ വ്യവസ്ഥകളെല്ലാം കൃത്യമായി പാലിച്ച് നിര്‍മ്മാണവും വിപണനവും നടത്തുന്ന വന്‍ വെല്ലുവിളികളാണ് ദിനേശിന് നേരിടേണ്ടി വരുന്നത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് വര്‍ഷങ്ങളായി വര്‍ഷതോറും നല്ലൊരു തുക ലാഭത്തിലാണ് സ്ഥാപനം മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ചെയര്‍മാന്‍ രാജന്‍ സാക്ഷ്യപ്പെടുത്തുന്നു.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങളുടെ പ്രവര്‍ത്തന മികവിന് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ്  ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ അസോച്ചം ദേശീയ അവാര്‍ഡ് 2014 മുതല്‍ തുടര്‍ച്ചയായി കണ്ണൂര്‍ ദിനേശ് ബീഡി സഹകരണ സംഘത്തെ തേടിയെത്തുകയുണ്ടായി. ഉല്‍പ്പാദനം, വിപണനം, തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍, നികുതി നിയമങ്ങളുടെ പാലനം, വരവ് ചെലവ് കണക്കുകളിലെ വ്യക്തത തുടങ്ങിയവ പരിഗണിച്ചാണ് ദിനേശിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. കൂടാതെ ദിനേശ് കറിപൗഡറുകള്‍ക്ക് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ അഗ്മാര്‍ക്ക് കൂടാതെ മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും ഫുഡ് ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ്, എസ്എ/8000 സോഷ്യല്‍ അക്കൗണ്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് തുടങ്ങിയവസ്ഥാപനത്തെത്തേടി എത്തിയിട്ടുണ്ട്.

ബീഡി ഉത്പാദന മേഖലയില്‍ ജോലി ചെയ്തിരുന്നവരെ പുനരധിവസിപ്പിക്കുകയെന്ന കഠിനമായ ദൗത്യം സധൈര്യം ഏറ്റെടുത്ത വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ വിജയഗാഥ രചിച്ച് വ്യവസായ രംഗത്ത് മാതൃകാ സ്ഥാപനമായി നിലകൊളളുകയാണ് കേരളാ ദിനേശ് ബീഡി സഹകരണ സംഘം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.