ജീപ് കോമ്പസിനെ അനുകരിച്ച് ഹ്യുണ്ടായി ക്രെറ്റ

Wednesday 15 August 2018 1:03 am IST

കോമ്പാക്ട് എസ്യുവി ശ്രേണിയില്‍ ഏറ്റവുമധികം പ്രചാരമുള്ള മോഡലുകളിലൊന്നാണ് ഹ്യുണ്ടായി ക്രെറ്റ. കാണാന്‍ ചന്തം ധാരാളം. കരുത്തന്‍ എഞ്ചിനുകളുടെയും പ്രീമിയം പരിവേഷത്തിന്റെയും പിന്‍ബലത്തില്‍ ഹ്യുണ്ടായി എസ്യുവി വിപണിയില്‍ ആരാധകരെ സമ്പാദിച്ചു. അടുത്തിടെ അവതരിച്ച ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ കൂടുതല്‍ പക്വതയും ആധുനികതയും ക്രെറ്റ കൈയടക്കുകയും ചെയ്തു. 

അതേസമയം പുതിയ ക്രെറ്റ ഫെയ്സ്ലിഫ്റ്റ് വന്നതോടെ തങ്ങളുടെ എസ്യുവി പഴഞ്ചനായെന്നു പഴയ ക്രെറ്റ ഉടമകള്‍ക്ക് തോന്നിത്തുടങ്ങുകയാണ്. അതുകൊണ്ടായിരിക്കണം പഴയ ക്രെറ്റയെ പുതുക്കാന്‍ ഉടമകള്‍തന്നെ മുന്നോട്ടുവരുന്നത്. ജീപ് കോമ്പസിനെ അനുകരിക്കാന്‍ ശ്രമിച്ച ഹ്യുണ്ടായി ക്രെറ്റയാണ് ഇക്കൂട്ടത്തില്‍ വിരുതന്‍. ജീപ് കുടുംബത്തില്‍നിന്നാണ് താനെന്നു പറഞ്ഞുവയ്ക്കാനുള്ള ക്രെറ്റയുടെ ശ്രമം ചിത്രങ്ങളില്‍ വ്യക്തമായി കാണാം. 

ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിപില്‍ ഓട്ടോമോട്ടീവാണ് ക്രെറ്റയുടെ ഈ രൂപമാറ്റത്തിന് പിന്നില്‍. ജീപ് മുഖം വേണമെന്നുണ്ടെങ്കില്‍ ഗ്രില്ലില്‍നിന്നു തുടങ്ങണം എല്ലാ പണികളും. ഇവര്‍ ചെയ്തതും ഇതുതന്നെ. ക്രെറ്റയുടെ ഗ്രില്ലിനെ എടുത്തുമാറ്റി. പകരം ഏഴു സ്ലാറ്റ് ജീപ് ഗ്രില്ലിനെ എസ്യുവിയുടെ മുന്നില്‍ പ്രതിഷ്ഠിച്ചു. കോമ്പസിന്റെ മാതൃകയില്‍ ഏഴു സ്ലാറ്റ് ഗ്രില്ലിന് ചുറ്റും ക്രോം അലങ്കാരങ്ങള്‍ കാണാം. ഗ്രില്ല് കഴിഞ്ഞാല്‍ അടുത്തത് മുന്‍ബമ്പര്‍. കസ്റ്റം നിര്‍മ്മിത ബമ്പറില്‍ ഫോഗ്ലാമ്പ് ശൈലി വേറിട്ടു നില്‍ക്കുന്നു. 

ആകെ നാലായിരം രൂപയാണ് ക്രെറ്റയെ 'ജീപ്പാക്കി' മാറ്റിയതിനുള്ള ചെലവ്. ഇതില്‍ 2,400 രൂപ ഗ്രില്ലിന് മാത്രമുള്ളതാണ്. ഗ്രില്ലും ബമ്പറും ഒഴികെ വേറെ മാറ്റങ്ങളൊന്നും ക്രെറ്റയ്ക്ക് ലഭിച്ചിട്ടില്ല. ജീപ് കോമ്പസായി മാറാന്‍ ഹ്യുണ്ടായി ക്രെറ്റയ്ക്ക് കഴിഞ്ഞോയെന്ന കാര്യം സംശയമാണ്. ഗ്രില്ല് മാറ്റി നിര്‍ത്തിയാല്‍ വിദൂര സാമ്യം പോലും ക്രെറ്റയും കോമ്പസും തമ്മിലില്ല. എന്തായാലും പുതുക്കിയ ബമ്പര്‍ എസ്യുവിയുടെ രൂപഭാവത്തെ സ്വാധീനിക്കുന്നുണ്ട്. മോഡല്‍ കൂടുതല്‍ സ്പോര്‍ടിയായെന്നു സമ്മതിക്കേണ്ടി വരും. 

മറ്റു മാറ്റങ്ങളെന്നും ഈ ക്രെറ്റ അവകാശപ്പെടുന്നില്ല. മൂന്നു എഞ്ചിന്‍ പതിപ്പുകളിലാണ് ഹ്യുണ്ടായി ക്രെറ്റ വില്‍പനയ്ക്ക് എത്തുന്നത്. പ്രാരംഭ 1.6 ലിറ്റര്‍ പെട്രോള്‍ പതിപ്പ് 121 ബിഎച്ച്പി കരുത്തും 151 എന്‍എം ടോര്‍ക്യുവും പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായും ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനല്‍ ഫീച്ചറായും ക്രെറ്റയില്‍ ഹ്യുണ്ടായി നല്‍കുന്നുണ്ട്. 1.4 ലിറ്റര്‍, 1.6 സിആര്‍ഡിഐ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനുകളാണ് ക്രെറ്റ ഡീസല്‍ നിരയില്‍. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്യുവും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. 126 ബിഎച്ച്പി കരുത്തും 260എന്‍എം ടോര്‍ക്യുവും 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പു പരമാവധി രേഖപ്പെടുത്തും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ 1.6 ലിറ്റര്‍ ഡീസല്‍ ക്രെറ്റയില്‍ ലഭ്യമാണ്. 9.43 ലക്ഷം രൂപ മുതലാണ് പുതിയ ക്രെറ്റ ഫെയ്സ്ലിഫ്റ്റിന് വില തുടങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.