മുനമ്പം ബോട്ട് അപകടം: ക്യാപ്റ്റനടക്കം മൂന്ന് കപ്പല്‍ ജീവനക്കാര്‍ കസ്റ്റഡിയില്‍

Wednesday 15 August 2018 1:10 am IST
മര്‍ക്കന്റൈന്‍ മറൈന്‍ വിഭാഗത്തിന്റെ ആത്യാധുനിക പരിശോധനാ സംവിധാനത്തിലാണ് എംഎംഡി (മര്‍ക്കന്റൈന്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) റിപ്പോര്‍ട്ട് തയാറാക്കിയത്. ഷിപ്പിങ് മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ ജീവനക്കാരുടെ അറസ്റ്റ്. ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ കീഴിലുള്ള എണ്ണക്കപ്പലാണ് എം.വി.ദേശ് ശക്തി.

മട്ടാഞ്ചേരി: മുനമ്പത്ത് പുറംകടലില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്നത്  എം.വി.ദേശ് ശക്തി എന്ന കപ്പല്‍ ഇടിച്ചതു മൂലമെന്ന്  സ്ഥിരീകരിച്ചു. സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റന്‍, സെക്കന്‍ഡ് ഓഫീസര്‍, സീമെന്‍ എന്നിവരെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇവരെ ബുധനാഴ്ച കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യും.

മര്‍ക്കന്റൈന്‍ മറൈന്‍ വിഭാഗത്തിന്റെ ആത്യാധുനിക പരിശോധനാ സംവിധാനത്തിലാണ് എംഎംഡി (മര്‍ക്കന്റൈന്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) റിപ്പോര്‍ട്ട് തയാറാക്കിയത്. ഷിപ്പിങ് മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ ജീവനക്കാരുടെ അറസ്റ്റ്. ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ കീഴിലുള്ള എണ്ണക്കപ്പലാണ് എം.വി.ദേശ് ശക്തി.  

 കൊച്ചിക്ക് പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെ നങ്കൂരമിട്ട് കിടക്കുകയായിരുന്ന ഓഷ്യാനിക് ബോട്ടാണ് കപ്പലിടിച്ച് തകര്‍ന്നത്. ഈ മാസം ഏഴിന് പുലര്‍ച്ചെ നടന്ന അപകടത്തില്‍ ബോട്ട് നിശ്ശേഷം തകര്‍ന്നു. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് നാവികസേന ദേശ് ശക്തി മംഗലാപുരം തുറമുഖത്തും രണ്ടു കപ്പലുകള്‍ മുംബൈയിലും നങ്കൂരമിടീച്ചു. 

അപകടത്തില്‍ ഒരു മലയാളിയടക്കം അഞ്ച് പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. കോസ്റ്റല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. മട്ടാഞ്ചേരി സിഐ എസ്.സന്തോഷിന്റെ നേതൃത്വത്തില്‍ എംഎംഡി മറൈന്‍ പോലീസ്, മറൈന്‍എന്‍ഫോഴ്‌സ്‌മെന്റ്, സയന്റിഫിക്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫലമുണ്ടായില്ല. തുടര്‍ന്ന് മുംബൈയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധ സംഘം കപ്പലിന്റെ അടിത്തട്ടില്‍ വീഡിയോ റിക്കാര്‍ഡിങ്ങ് സംവിധാനത്തില്‍ നടത്തിയ പരിശോധനയാണ് അപകടം വരുത്തിയത് ദേശ് ശക്തിയെന്ന് സ്ഥിരീകരിക്കാനായത്. ഒരാഴ്ച നീണ്ട പരിശോധന വിജയം കണ്ട ആശ്വാസത്തിലാണ് പോലീസ് സംഘം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.