രണ്ടാമനായി ഇ. പി. ജയരാജന്‍; നഷ്ടം എ. കെ. ബാലനു മാത്രം

Wednesday 15 August 2018 1:12 am IST
ബാലനെ തഴയുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് ഉയരുന്നുണ്ട്. പട്ടിക വര്‍ഗക്കാരനായതിനാലാണ് തരം താഴ്ത്തല്‍ എന്നു പോലും വ്യഖ്യാനിക്കപ്പെടുന്നു. ബാലനെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ല. നിയമസഭയില്‍ ബാലന്റെ അഭിപ്രായത്തെ അവഗണിച്ച ഒന്നിലധികം സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: മന്ത്രി സഭയില്‍ ഇ.പി.ജയരാജന്‍ വീണ്ടും എത്തുമ്പോള്‍ നഷ്ടം എ. കെ ബാലനു മാത്രം. മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരന്‍ എന്ന പദവി ബാലനു നഷ്ടമായി. ഒപ്പം കൈയിലുണ്ടായിരുന്ന ഒരു വകുപ്പും പോയി. പാര്‍ലമെന്ററികാര്യം ബാലന്റെ വകുപ്പാണ്. ചീഫ് വിപ്പ് വരുന്നതോടെ പാര്‍ലമെന്ററികാര്യത്തിന് മന്ത്രി വേണ്ടാതാകും. 

ബാലനെ തഴയുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് ഉയരുന്നുണ്ട്. പട്ടിക വര്‍ഗക്കാരനായതിനാലാണ് തരം താഴ്ത്തല്‍ എന്നു പോലും വ്യഖ്യാനിക്കപ്പെടുന്നു. ബാലനെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ല. നിയമസഭയില്‍ ബാലന്റെ അഭിപ്രായത്തെ അവഗണിച്ച ഒന്നിലധികം സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി അമേരിക്കയില്‍ പോയപ്പോള്‍ ചുമതല കൈമാറാതിരുന്നതും ബാലന് നല്‍കേണ്ടിവരും എന്നതിനാലാണ്.  മുഖ്യമന്ത്രി വീണ്ടും അമേരിക്കന്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഇത്തവണ ചുമതല കൈമാറേണ്ടി വരും.  ജയരാജനെ ധൃതിപിടിച്ച് വീണ്ടും മന്ത്രിയാക്കിയതും ഈ സാഹചര്യം മുന്നില്‍ കണ്ടാണ്.

മന്ത്രിയായി  ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍  ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.  സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രമുഖ വ്യക്തികളും അനുമോദിക്കാനെത്തി. പ്രതിപക്ഷം  സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. രാജ്ഭവനില്‍ നിന്ന് സെക്രട്ടേറിയറ്റിലെത്തിയ മന്ത്രി രാവിലെ 10.45ന് ഓഫീസിലെത്തി ചുമലതയേറ്റു. വ്യവസായം, കായികം, യുവജനം വകുപ്പുകളാണ്.

സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ളോക്കില്‍ മൂന്നാം നിലയിലെ 216ാം നമ്പര്‍ മുറിയാണ് അനുവദിച്ചിരിക്കുന്നത്. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. 

 തെറ്റുപറ്റിയാല്‍ തിരുത്തുക എന്നതാണ് തന്റെ സമീപനമെന്നും തെറ്റുകള്‍ പറ്റാതെ മുന്നോട്ട് പോകുമെന്നും ജയരാജന്‍ പിന്നീട് മീറ്റ് ദ പ്രസില്‍ പറഞ്ഞു. തന്റെ പൊതുപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് ഇനിയുമുണ്ടാവുക. അഴിമതിക്കാരെ പൊതുമേഖല സ്ഥാപനത്തിന്റെ ചുമതലയില്‍ വച്ചുപൊറുപ്പിക്കില്ല. അഴിമതിരഹിതമായ ഭരണമായിരിക്കും വ്യവസായ വകുപ്പിലുണ്ടാവുക. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തമാശ മാത്രമാണ്. അവര്‍ സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിച്ചത് ജനങ്ങള്‍ വിലയിരുത്തട്ടെ. ജയരാജന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.