ഇടുക്കിയില്‍ കൊലുമ്പന്‍ കാട്ടിയ കാഴ്ച

Wednesday 15 August 2018 1:13 am IST
1932ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന് എത്തിയതാണ് തുടക്കം. നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന വനവാസിയെ അദ്ദേഹം കണ്ടുമുട്ടി. തുടര്‍ന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പനാണ് കുറവന്‍, കുറത്തി മലയിടുക്കിലൂടെ ആരെയും ആകര്‍ഷിച്ചുകൊണ്ട് പെരിയാര്‍ ഒഴുകുന്നത് കാണിച്ച് കൊടുക്കുന്നത്. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്‍പ്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിന് തോന്നി.

തൊടുപുഴ: ഇടുക്കിയിലെ കുടിയേറ്റ ചരിത്രത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇടുക്കി സംഭരണിക്ക് അതിലുള്ള പ്രാധാന്യം വിസ്മരിക്കാവുന്നതല്ല. മലങ്കര എസ്റ്റേറ്റ് പോലുള്ള സ്വകാര്യ തോട്ടങ്ങളാണ് ആദ്യകാലം മുതല്‍  ഉണ്ടായിരുന്നത്. തേയില, ഏലം മുതലായവയാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. 

1932ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന് എത്തിയതാണ് തുടക്കം.  നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന വനവാസിയെ അദ്ദേഹം കണ്ടുമുട്ടി. തുടര്‍ന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പനാണ് കുറവന്‍, കുറത്തി മലയിടുക്കിലൂടെ ആരെയും ആകര്‍ഷിച്ചുകൊണ്ട് പെരിയാര്‍ ഒഴുകുന്നത് കാണിച്ച് കൊടുക്കുന്നത്. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്‍പ്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിന് തോന്നി. ജോണിന്റെ സഹോദരന്മായ എഞ്ചിനീയര്‍മാരുടെ സഹായത്തോടെ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തിരുവിതാംകൂര്‍ സര്‍ക്കാര്‍ തള്ളി. പിന്നീട് ഇറ്റലി സ്വദേശികളും ഈ ആശയവുമായി എത്തി. അവസാനം 1961 ലാണ് കേന്ദ്ര ജലവൈദ്യുത വകുപ്പിന് വേണ്ടി ഇവിടെ പഠനം നടത്തി അണക്കെട്ടിന്റെ രൂപരേഖ തയാറാക്കുന്നത്. 1963ല്‍ ഇതിന് അംഗീകാരം കിട്ടി, കനേഡിയന്‍ സര്‍ക്കാര്‍ സഹായം കൂടി നല്‍കിയതോടെ പദ്ധതിയുടെ നടത്തിപ്പ് കെഎസ്ഇബി ഏറ്റെടുത്തു. ഐഎസ് 4562000 അനുസരിച്ചുള്ള എം- 40 കോണ്‍ക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

വൈരമണി ഗ്രാമം ഇല്ലാതായി

നിര്‍മാണത്തിന്റെ ഭാഗമായി അന്ന് പദ്ധതി പ്രദേശത്ത് താമസിച്ചിരുന്നവരെ പുനരധിവസിപ്പിച്ചിരുന്നു. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി അണക്കെട്ട് എന്നിവ അടുത്തടുത്താണെങ്കിലും വൈദ്യുതി ഉല്‍പ്പാദനം ഇവിടെ സാധ്യമല്ലാതെ വന്നതോടെയാണ് കുളമാവിലും അവിടെ നിന്ന് മൂലമറ്റത്തും വെള്ളമെത്തിക്കുന്നത്. ഇതിനായി മല തുരന്ന് വെള്ളം കൊണ്ടുപോയി അവിടെ ഭൂഗര്‍ഭ നിലയവും നിര്‍മിച്ചു. കിളിവള്ളിത്തോട്ടിലൂടെയാണ് കുളമാവില്‍ വെള്ളം എത്തിച്ചത്. ഇവിടെ കുളമാവ് ഡാമും നിര്‍മിച്ച് വെള്ളം കെട്ടി നിര്‍ത്തി. ഈ മേഖലയില്‍ ഉണ്ടായിരുന്ന വൈരമണി എന്ന ഗ്രാമം ഇതോടെ ഇല്ലാതായി. ഇവര്‍ പിന്നീട് കീരിത്തോട്, വണ്ണപ്പുറം മേഖലകളിലേക്ക് ചേക്കേറി. സ്ഥലംകൊടുത്ത് മാറിയവര്‍ പിന്നീട് ചെറുതോണി പുഴയിലും പദ്ധതി പ്രദേശത്തും വ്യാപക കയ്യേറ്റം നടത്തിയെങ്കിലും ഇതിനെതിരെ ആരും പ്രതികരിച്ചില്ല.

തൊഴില്‍ തേടിയെത്തിയവര്‍ സ്ഥിരതാമസക്കാരായി

1940ല്‍ കമ്മീഷന്‍ ചെയ്ത പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിനായാണ് ഇടുക്കിയിലേക്ക് ആദ്യം മദ്ധ്യകേരളത്തില്‍ നിന്നടക്കം ആളുകളെത്തുന്നത്.  

പള്ളിവാസലിന് ശേഷം നിര്‍മിച്ച മാട്ടുപ്പെട്ടി, കല്ലാര്‍, ചെങ്കുളം, ഇരട്ടയാര്‍ ജലവൈദ്യുത പദ്ധതികള്‍ ഇവിടേയ്ക്കുള്ള ആളുകളുടെ വരവിന് വേഗം കൂട്ടി. ഇവിടങ്ങളിലേക്കുള്ള ജനപ്രവാഹം ഇടുക്കി പദ്ധതിയുടെ ആരംഭത്തോടെ മാറിമറിഞ്ഞു. 15,000ല്‍ അധികം ആളുകളാണ് പദ്ധതിയുടെ ഭാഗമായി അന്ന് വിവിധ ഇടങ്ങളില്‍ നിന്ന് എത്തിയത്. ഇവരാണ് പിന്നീട് കുടിയേറ്റക്കാരായത്. കച്ചവടത്തിനും കൃഷിയ്ക്കുമായി എത്തിയവരും ഇവിടെ തന്നെ താമസമാക്കി. 1901ല്‍ കോട്ടയത്ത് ജനപ്പെരുപ്പം കൂടിയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലെത്തി.

ഒരു ഡസന്‍ ഡാം

 ചെറുതും വലുതുമായ ഒരു ഡസനിലധികം അണക്കെട്ടുണ്ട് ഇടുക്കിയില്‍.  മൂന്ന് ഡാമുകള്‍ ഉള്‍പ്പെടുന്ന ഇടുക്കി, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, പൊന്മുടി, നേര്യമംഗലം, കുണ്ടള, ചെങ്കുളം, പള്ളിവാസല്‍, ഇരട്ടയാര്‍, മലങ്കര എന്നിവയാണ് പ്രധാന അണക്കെട്ടുകള്‍. പെരിയാര്‍ നദിയിലും കൈവഴിയിലും അണകെട്ടി നിര്‍മിച്ചിരിക്കുന്നവയാണ് അധികവും. 1924ലെ  വെള്ളപ്പൊക്കത്തിന് ശേഷം ഇത്തരത്തിലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ഡാമുകള്‍ ചെയ്യുന്ന ഗുണങ്ങള്‍ വളരെ വലുതാണ്.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.