അറിവുകേടിന്റെ വിത്തിറക്കി; വിളഞ്ഞത് ദുരന്തങ്ങള്‍

Wednesday 15 August 2018 1:14 am IST
'' ...ചില പദ്ധതികള്‍ വിശദമായി തയാറാക്കാന്‍ മദ്രാസ് ഐഐടിക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഞങ്ങള്‍ പറഞ്ഞിട്ട് മാസങ്ങള്‍ പലതായി. പക്ഷേ, ഒന്നുമായില്ല, എങ്കിലും പ്രതീക്ഷയുണ്ട്...''

മ്പതുവര്‍ഷം മുമ്പ് ഡോ. എം.എസ്. സ്വാമിനാഥന്‍ തന്റെ അഭിമാന പദ്ധതിയായ കുട്ടനാടന്‍ പാക്കേജിനെക്കുറിച്ച് പറഞ്ഞു, ''കുട്ടനാട് വികസനത്തിന് അവസാന വണ്ടിയാണിത്. ഇത് സമഗ്രമായി നടപ്പാക്കിയാല്‍മതി. കുട്ടനാടിന്റെ രക്ഷയ്ക്ക് ഏകപരിഹാരമാണിത്. നാടിന്റെ കാര്‍ഷിക പൈതൃകം വീണ്ടെടുക്ക അത്ര എളുപ്പമല്ല, പക്ഷേ ചില പ്രതീക്ഷയുണ്ട്... ''

പദ്ധതി കേന്ദ്രം അംഗീകരിച്ച്, ആവശ്യമായ ഫണ്ട് നല്‍കാമെന്നേറ്റുകഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇനി സംസ്ഥാന സര്‍ക്കാര്‍ വേണ്ടത് ചെയ്താല്‍ മതിയെന്ന്. പക്ഷേ, കാര്യങ്ങള്‍ വേണ്ട രീതിയില്‍ പോയില്ല. ഇടയ്ക്ക് പദ്ധതി നടത്തിപ്പ് പാളം തെറ്റുന്നുവെന്ന് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, '' ...ചില പദ്ധതികള്‍ വിശദമായി തയാറാക്കാന്‍ മദ്രാസ് ഐഐടിക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഞങ്ങള്‍ പറഞ്ഞിട്ട് മാസങ്ങള്‍ പലതായി. പക്ഷേ, ഒന്നുമായില്ല, എങ്കിലും പ്രതീക്ഷയുണ്ട്...''

പിന്നെയും കാര്യങ്ങള്‍ നടക്കുന്നില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''കുട്ടനാടിനെ ലോകം ഉറ്റുനോക്കുകയാണ്. ആഗോളതാപനം മൂലം കടല്‍ ജലനിരപ്പ് ഉയരാന്‍ പോകുന്നുവെന്ന ആശങ്കകള്‍ക്കിടെ കുട്ടനാട്ടിലെ കൃഷി ലോകത്തിനു പാഠമാകാന്‍ പോവുകയാണ്.''

ഒരു ഘട്ടത്തില്‍ അദ്ദേഹത്തിനു പറയേണ്ടിവന്നു, കുട്ടനാട്ടിലെ കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനും രക്ഷയ്ക്കും വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തത്, പക്ഷേ ഉദ്ദേശിച്ച രീതിയിലല്ല നടപ്പാക്കുന്നത്, എന്ന്. 

ഡോ. സ്വാമിനാഥനെപ്പോലൊരാള്‍ തയറാക്കിയ റിപ്പോര്‍ട്ട് ശരിയാംവണ്ണം നടപ്പാക്കാന്‍ പറ്റാത്തവര്‍ പുതിയ പുതിയ റിപ്പോര്‍ട്ടുകളും പദ്ധതികളും ഉണ്ടാക്കിയിട്ടെന്തു കാര്യം. ശരിക്കും, കുട്ടനാടിന്റെ വികസനവണ്ടി കടന്നുപോയിരിക്കുകയാണ്. കുറ്റക്കാര്‍ ആരെന്നു ചോദിച്ചാല്‍ സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണി സര്‍ക്കാരുകള്‍ എന്നാണ് മറുപടി. 

1954 -ല്‍ സര്‍ക്കാരിന്റെ സ്‌പെഷല്‍ ചീഫ് എഞ്ചിനീയര്‍ പി.എച്ച്. വൈദ്യനാഥനും തിരു-കൊച്ചി ചീഫ് എഞ്ചിനീയര്‍ കെ.കെ. കര്‍ത്തായും ചേര്‍ന്ന് തയാറാക്കിയ ആദ്യ കുട്ടനാട് വികസന പദ്ധതിയും സ്വാമിനാഥന്‍ കമ്മിറ്റിയുടെ കുട്ടനാടന്‍ പാക്കേജും കഴിയുമ്പോള്‍, വിലയിരുത്തിയാല്‍ മനസിലാകും കുട്ടനാടിന്റെ വണ്ടി കടന്നുപോയോ എന്ന്. 

കൃഷിക്ക് ചെലവ്കൂടി. വിളവ് കൂടിയെന്നത് വാസ്തവം. രാസവളവും കീടനാശിനിയും യന്ത്ര സംവിധാനവും ഒക്കെയായപ്പോള്‍ ഒരേക്കറില്‍ അഞ്ചു മുതല്‍ 15 വരെ ക്വിന്റല്‍ നെല്ലുകിട്ടിയിരുന്നിടത്ത് ഏഴുമുതല്‍ 20 വരെ ക്വിന്റലായി വിളവ്. പക്ഷേ, കൃഷിയിട വിസ്തൃതി കുറയുകയാണ്. ഏക്കറിന് കൃഷിച്ചെലവ് പാട്ടമുള്‍പ്പെടെ കണക്കാക്കിയാല്‍ അരലക്ഷം രൂപ വരും. നെല്ലുവിലയും വിളവും ഒത്തുകിട്ടിയാല്‍ ലാഭമൊന്നുമില്ലെങ്കിലും കൃഷിചെയ്ത് അധ്വാനിച്ച് ജീവിക്കുന്നുവെന്ന് അഭിമാനിക്കാം. അത്രമാത്രം. കര്‍ഷകന്റെ വരുമാനം 2020-ല്‍ ഇരട്ടിയാക്കല്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലെ മോദി സര്‍ക്കാരിന് കുട്ടനാട്ടില്‍ അത് സാധ്യമാക്കണമെങ്കില്‍ ഭഗീരഥ പ്രയത്‌നം വേണ്ടിവരും. 

കുട്ടനാട് പാക്കേജില്‍ പെടുത്തി കുട്ടനാട്ടുകാര്‍ക്ക് കോഴി, താറാവ്, വാത്ത, കാട തുടങ്ങിയ പക്ഷികളേയും ആട്, പോത്ത്, പശു തുടങ്ങിയ മൃഗങ്ങളേയും വളര്‍ത്താന്‍ പദ്ധതി തയാറാക്കി വിതരണം ചെയ്തു. തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവന്ന പക്ഷികളും മൃഗങ്ങളും കാലാവസ്ഥാമാറ്റം താങ്ങാനാവാതെ ചത്തൊടുങ്ങി. മുമ്പു പറഞ്ഞതുപോലെ 'കാട്ടിലേത്തടി, തേവരുടെ ആന' എന്നായിരുന്നു പദ്ധതി ആസൂത്രകര്‍ക്കും നടത്തിപ്പുകാര്‍ക്കും മനോഭാവം. 

നെല്ല് സംഭരണം വലിയ 'വിപ്ലവ'മായി സര്‍ക്കാരുകള്‍ കൊട്ടിഘോഷിച്ചു. ഇടനിലക്കാരെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, നെല്ല് കൊടുക്കല്‍- വാങ്ങല്‍ ഇടപാടിലെ ഇടനിലക്കാര്‍ പുതിയ ഇടപാടുകൡലേക്ക് ചുവടുമാറ്റിയതു മാത്രമാണ് മിച്ചം. കേന്ദ്ര സര്‍ക്കാര്‍ രാസവളം സബ്‌സിഡി കര്‍ഷകന് നേരിട്ടു നല്‍കിയത് കര്‍ഷകര്‍ക്ക് നേട്ടമായി. വിള ഇന്‍ഷുറന്‍സ് പദ്ധതി, കാര്‍ഷിക വായ്പാ പദ്ധതികള്‍, നഷ്ടപരിഹാര മാനദണ്ഡങ്ങളിലെ മാറ്റം, ഗ്രാമീണ വിപണിയുടെ ഇന്റര്‍നെറ്റ് സംയോജനം, കാര്‍ഷിക വിജ്ഞാന സഹായം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ സഹായകമായപ്പോള്‍ കൊയ്യാനാളില്ലാത്ത പാടങ്ങളില്‍ തമിഴ്‌നാട്ടില്‍നിന്ന് കൊയ്ത്തുയന്ത്രങ്ങള്‍ വന്നു. അവര്‍ കര്‍ഷകരുടെ ലാഭവിഹിതം കൊണ്ടു പോയി. സ്വകാര്യ മില്ലുടമകള്‍ നെല്ല് സംഭരിച്ച് ഉല്‍പ്പന്നങ്ങളാക്കി ലാഭം കൊയ്തു. കുട്ടനാട്ടില്‍ ഉണ്ടാക്കാമായിരുന്ന സംഭരണ-സംസ്‌കരണ സംവിധാനങ്ങളൊന്നും ഒരു സര്‍ക്കാരിന്റെയും പരിഗണനയില്‍ വന്നില്ല. പാക്കേജില്‍ പെടുത്തുകയോ പാക്കേജിന്റെ പണം വകമാറ്റിയപ്പോള്‍ ഇത്തരം കര്‍ഷക സഹായ പദ്ധതികള്‍ക്ക് വിനിയോഗിക്കുകയോ ചെയ്തില്ല. കൈയും കെട്ടി വരമ്പത്തു നോക്കിനിന്നു.

കുട്ടനാടിന്റെ മറ്റൊരു ഖനിയായിരുന്നു മത്സ്യബന്ധന മേഖല. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടെ അത് തകര്‍ന്നു പോയി. ജൈവ വൈവിധ്യ സംരക്ഷണത്തില്‍ വലിയ പരാജയം സംഭവിച്ചു. വര്‍ഷം 16000 ടണ്‍ മത്സ്യം സംഭരിച്ചിരുന്നത് നാലിലൊന്നായി, 4000 ടണ്ണിലെത്തി. ഏറ്റവും വിശിഷ്ടവും വിലപിടിച്ചതുമായ ആറ്റുകൊഞ്ച് വര്‍ഷം 400 ടണ്‍ ഉല്‍പ്പാദിപ്പിച്ച് ശേഖരിച്ചിരുന്നത് ഇന്ന് 15 ടണ്ണായി. തണ്ണീര്‍മുക്കം ബണ്ട് ഉണ്ടാക്കിയ കാര്‍ഷിക നഷ്ടങ്ങളില്‍ ചിലതാണിത്. ബണ്ടുകള്‍ നിര്‍മിക്കുമ്പോള്‍ ഫിഷിങ് ലാഡര്‍ നിര്‍ബന്ധമാണ്, പക്ഷേ തണ്ണീര്‍മുക്കത്ത് അതില്ല. 

ഇവിടെ സുപ്രധാനവിഷയമുണ്ട്. ഏതു പാക്കേജ് വന്നാലും, ഏതു സര്‍ക്കാര്‍ വന്നാലും, എന്തെല്ലാം സഹായം കിട്ടിയാലും കുട്ടനാടെന്നല്ല, സംസ്ഥാനംതന്നെ രക്ഷപെടണമെങ്കില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയും തീരുമാനവും വേണം. കുട്ടനാട് പാക്കേജ് നടത്തിപ്പ് 12 വകുപ്പുകളുടെ ഏകോപനത്തിലും തീരുമാനത്തിലും സമ്മതത്തിലുംകൂടി വേണമായിരുന്നു. പാക്കേജ് നടത്തിപ്പിന് പ്രത്യേകം ഓഫീസും തുറന്ന് വലിയൊരു വിഭാഗം ജീവനക്കാരെയും അതിന് നിയോഗിച്ചിരുന്നു. ചിലര്‍ സര്‍ക്കാര്‍ ജീവനക്കാര്‍. ഡെപ്യൂട്ടേഷനില്‍ വന്നവര്‍. താല്‍ക്കാലിക ജീവനക്കാര്‍. പ്രത്യേക തസ്തികകള്‍ പോലും സൃഷ്ടിച്ചു. പക്ഷേ, 12 വകുപ്പുകളും യോജിച്ച് തീരുമാനങ്ങള്‍ എടുത്തിട്ടില്ല. മൂപ്പിളമത്തര്‍ക്കങ്ങള്‍, വിവിധ വകുപ്പുകള്‍ ഭരിക്കുന്ന വ്യത്യസ്ത പാര്‍ട്ടികളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍, ഇതൊക്കെ കഴിഞ്ഞപ്പോള്‍ പാക്കേജിന്റെ കാലാവധി കഴിഞ്ഞുപോയി. കേരളത്തിലെ ഏതു പദ്ധതിക്കും സംഭവിച്ചിട്ടുള്ള, ബാധ അതിനും ഉണ്ടായി. 

ഇനി വരുന്ന പദ്ധതികള്‍ക്കും സംഭവിക്കാവുന്നത്.

ഒരു തണ്ണീര്‍ത്തട സംരക്ഷ നിയമംകൊണ്ട് കുട്ടനാടിനെയും കേരളത്തിലെ കൃഷിയേയും രക്ഷിച്ചേക്കാമെന്ന് കരുതുന്നതുപോലെ വിഡ്ഢിത്തം വേറേയില്ല. കാര്‍ഷിക വിപ്ലവവും ഭൂപരിഷ്‌കരണ വിപ്ലവവും ഉണ്ടാക്കിയ നേട്ടങ്ങളിലെ കോട്ടങ്ങള്‍ കൂട്ടുകയേ ഉള്ളു. കാര്‍ഷിക വിപ്ലവം അമിത രാസവള-കീടനാശനി പ്രയോഗത്തിന് കാരണമായി. ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നതുപ്രകാരം കുട്ടനാട്ടിലെ ചില മഹാമാരികള്‍ക്കും അജ്ഞാത രോഗങ്ങള്‍ക്കും കാരണം അതുമാണ്. അഞ്ഞൂറേക്കര്‍ പാടം അഞ്ചോ ആറോ പേര്‍ തീരുമാനിച്ച് കൃഷി നടത്തിയപ്പോഴും ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി അര ഏക്കര്‍ അഞ്ഞൂറു പേര്‍ കൃഷിചെയ്തപ്പോഴും ഉണ്ടായത് കാര്‍ഷിക നേട്ടമോ എന്നതും പുനര്‍വിചാരണ ചെയ്യേണ്ടതാണ്, അത് പാക്കേജിന്റെ വിഷയമല്ലെങ്കിലും. 

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.