സ്വാതന്ത്ര്യം; സംസ്‌കാരത്തിന്റെ വീണ്ടെടുപ്പ്

Wednesday 15 August 2018 1:15 am IST
ജനതയുടെ സംസ്‌കാരത്തിന്റെ വീണ്ടെടുപ്പാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം. പാരതന്ത്ര്യത്തില്‍ ഹനിക്കപ്പെടുന്നത് നമ്മുടെ സംസ്‌കാരം തന്നെയാണ്. സംസ്‌കാരത്തിന്റെ വീണ്ടെടുപ്പുണ്ടാകുമ്പോള്‍ നമ്മള്‍ സ്വതന്ത്രരാകുന്നു. സമൂഹത്തിന്റെയും സമൂഹമെന്ന പ്രസ്ഥാനത്തില്‍ വന്നുചേരുന്ന വ്യക്തികളടങ്ങുന്ന ചെറു നീര്‍ച്ചാലുകളുടെയും സമന്വയമാണ് സംസ്‌കാരം. സമൂഹമാവശ്യപ്പെടുന്ന സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. ഭാരതമെന്നത് മഹത്തായ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന വാക്കാണ്. ഈശ്വരന് തുല്യമാണ് ആ വാക്ക്.

സ്വാതന്ത്ര്യം എന്റെ നോട്ടത്തില്‍ ജനതയുടെ അവകാശമാണ്. ഒരു ജനതയെ രൂപപ്പെടുത്തുന്നത് ഭൂമി ശാസ്ത്രപരമായ പരിധികളല്ല. സാംസ്‌കാരിക പാരമ്പര്യമാണ്. ആ പാരമ്പര്യത്തില്‍ പങ്കുചേരുന്നവരാണ് എല്ലാവരും. അതില്‍ വര്‍ണ്ണവര്‍ഗ്ഗ ജാതിമത ഭേദങ്ങള്‍ അപ്രധാനമാണെന്നാണ് ഞാന്‍ കരുതുന്നത്. നമ്മുടെ പൗരസ്ത്യ ജനപഥത്തെ സംബന്ധിച്ചിടത്തോളം അതിന് അഭിമാനമായി നിലകൊള്ളുന്ന സ്വാതന്ത്ര്യത്തിന്റെ അടയാളങ്ങളുണ്ട്. സംസ്‌കാരം എന്ന മഹാപദം കൊണ്ട് അടയാളപ്പെടുത്തുന്ന ദര്‍ശനത്തില്‍ പലധാരകള്‍ ഒഴുകിയെത്തും. കാലങ്ങളില്‍ നിന്നും ദേശഭേദങ്ങളില്‍ നിന്നുമൊക്കെ ചെറുധാരകളായി കടന്നു വന്ന്  മഹാപ്രവാഹം സംഭവിക്കുന്നു. ഒരു മഹാനദിക്ക് അനേകം കൈവഴികളുണ്ട്. അവയെല്ലാം നദിയില്‍ ഉള്‍ച്ചേരുകയാണ്. കൈവഴികള്‍ അനേകമുണ്ടെങ്കിലും നദി ഒന്നാണ്. ഒരു പേരില്‍ മാത്രമാണത് അറിയപ്പെടുന്നതും.

ജനതയുടെ സംസ്‌കാരത്തിന്റെ വീണ്ടെടുപ്പാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം. പാരതന്ത്ര്യത്തില്‍ ഹനിക്കപ്പെടുന്നത് നമ്മുടെ സംസ്‌കാരം തന്നെയാണ്. സംസ്‌കാരത്തിന്റെ വീണ്ടെടുപ്പുണ്ടാകുമ്പോള്‍ നമ്മള്‍ സ്വതന്ത്രരാകുന്നു. സമൂഹത്തിന്റെയും സമൂഹമെന്ന പ്രസ്ഥാനത്തില്‍ വന്നുചേരുന്ന വ്യക്തികളടങ്ങുന്ന ചെറു നീര്‍ച്ചാലുകളുടെയും സമന്വയമാണ് സംസ്‌കാരം. സമൂഹമാവശ്യപ്പെടുന്ന സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. ഭാരതമെന്നത് മഹത്തായ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന വാക്കാണ്. ഈശ്വരന് തുല്യമാണ് ആ വാക്ക്. ദേശം ഒറ്റപ്പെട്ട് നില്‍ക്കുന്ന പ്രതിഭാസമല്ല. അതിനെ രൂപപ്പെടുത്തുന്ന വിവിധങ്ങളായ ആത്മബോധങ്ങളുണ്ട്.  

നമ്മുടെ രാജ്യം സ്വാതന്ത്ര്യം അവകാശപ്പെടുന്നു. ആത് ഭൂമിശാസ്ത്രപരമായ സുരക്ഷിതത്വത്തിന്റെ കവചമല്ല. മറിച്ച് നമ്മുടെ പാരമ്പര്യങ്ങളില്‍ നിന്ന് സാന്ദ്രീഭവിക്കുന്ന സംസ്‌കാരം അവകാശപ്പെടുന്ന അധികാരമാണ്. ഈ തിരിച്ചറിവ് സ്വാതന്ത്ര്യ ചിന്തകളില്‍ പ്രാമുഖ്യം അര്‍ഹിക്കുന്നതാണ്.

നമ്മുടെ രാജ്യം പലകാലങ്ങളില്‍ പലതരം അധിനിവേശങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെ   സംസ്‌കാരം അതിന്റെ സ്വത്വം നിലനിര്‍ത്തിയിരുന്നതായി സൂക്ഷ്മ പഠനത്തില്‍ ഗ്രഹിക്കാനാകും. ലോകം പിടിച്ചടക്കിയ അലക്‌സാണ്ടര്‍ അടക്കമുള്ള ചക്രവര്‍ത്തിമാരും മധ്യഏഷ്യയില്‍ നിന്ന് ഇന്ത്യയെ കീഴടക്കാന്‍ വന്ന ഭരണാധികാരികളും ഈ നാടിന്റെ മേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ബ്രിട്ടീഷുകാര്‍ വന്നു. അവര്‍ നമ്മുടെ വിഭവങ്ങളെ ചൂഷണം ചെയ്തു. എന്നാല്‍ ഈ ചൂഷണങ്ങള്‍ക്കും കൊള്ളകള്‍ക്കുമെല്ലാം ഇടയില്‍ കവര്‍ന്നെടുക്കാന്‍ കഴിയാതെ സംസ്‌കാരത്തിന്റെ മഹാപാരമ്പര്യം ഭാരതത്തിന് കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞു. ലോകത്തിനെ തന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണത്. 

നമ്മുടെ ബാഹ്യസമ്പത്തും അതിന്റെ ധാരകളും കവര്‍ന്നെടുക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, മഹാവേദങ്ങള്‍ അനുഭവപ്പെടുത്തുന്ന ബ്രഹ്മസത്യവും നാം പുരാണങ്ങളില്‍ വായിച്ചെടുക്കുന്ന മാനവദര്‍ശനവും ഉപനിഷത്തുക്കളില്‍ ഉള്‍ക്കൊണ്ടിട്ടുള്ള സത്യത്തിന്റെയും പ്രകാശത്തിന്റെയും അമര്‍ത്യതയുടെയും സന്ദേശങ്ങളും ഇല്ലാതായില്ല. ഇവയ്‌ക്കൊന്നും ഒരു ഹാനിയും വരുത്താന്‍ ബാഹ്യശക്തികള്‍ക്ക് കഴിഞ്ഞില്ല. 

അതിനാലാണ് അനേകായിരം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഭാരതത്തിന്റെ അധ്യാത്മിക ദര്‍ശനത്തിന് യാതൊരു ഗ്ലാനിയും സംഭവിക്കാതെ നിലനില്‍ക്കുന്നത്. നാം എപ്പോഴും 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന മാനവ ദര്‍ശനം ഉദ്‌ഘോഷിക്കുന്നു. 'മാതാ പിതാ ഗുരു ദൈവം' എന്ന സന്ദേശം ലോകത്തെ പഠിപ്പിച്ചു. എല്ലാ ജീവജാലങ്ങളും സ്രഷ്ടാവിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്നതാണെന്ന അദ്വൈത ദര്‍ശനത്തെ മുറുകെ പിടിച്ചു. ഇങ്ങനെ അവിച്ഛിന്നമായ ഒരു ദര്‍ശന ധാര വിശ്വ സംസ്‌കാരത്തിന്റെ മറ്റൊരു മുഖത്തും പ്രകാശം നിറയ്ക്കുന്നതായി ഞാന്‍ അനുഭവിച്ചിട്ടില്ല. 

അതിനാലാണ് ഏറ്റവും ഒടുവില്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും ദേശീയ ഐക്യത്തിനും സംസ്‌കാര പുനഃസ്ഥാപനത്തിനും വേണ്ടി നടത്തിയ സമരത്തില്‍ സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന ഗീതാ രഹസ്യം ഉള്‍ക്കൊണ്ട ലോകമാന്യ തിലകനെ പോലുള്ള മഹാത്മാക്കള്‍ ഉപദര്‍ശനം ചെയ്തത്. മഹാത്മാ ഗാന്ധിയെ പോലെ അധ്യാത്മിക ബോധം തികഞ്ഞ യഥാര്‍ത്ഥ ദേശീയ നേതാക്കള്‍ അഹിംസയെ രാഷ്ട്ര സംസ്‌കൃതിയുടെ മുഖ ദര്‍ശനമായി ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയതാണ്. ഇക്കാരണങ്ങളാല്‍ നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുന്നു, ഭാരതം ഒരു ദേശമല്ല, രാജ്യമല്ല, സംസ്‌കാരത്തിന്റെ ശക്തിസ്ഥലിയാണെന്ന്. ആ സംസ്‌കാരം നമ്മുടെ വേദങ്ങളില്‍ നിന്ന് ഉറവപൊട്ടി പുരാണേതിഹാസങ്ങളിലൂടെ വികസിച്ച്, ഈ ഭൂമിയിലേക്ക് കടന്നു വന്ന എല്ലാ വിശിഷ്ട ദര്‍ശനങ്ങളുടെയും ശാകല്യമായി പരിണമിച്ചിരിക്കുന്നതാണ്. എല്ലാം ഉള്‍ക്കൊള്ളുന്ന പ്രബുദ്ധത, എല്ലാവരെയും ബഹുമാനിക്കുന്ന മഹനീയ ദര്‍ശനം, ഈ വേദ ഭൂമിക ഉള്‍ക്കൊള്ളുന്നതിനാലാണ് സനാതന മൂല്യങ്ങളെ മുറുകെ പിടിക്കുന്നത്.  സദ് ഭാവനകളെ ബോധപൂര്‍വ്വം വികസിപ്പിച്ചെടുക്കുന്നു.  അമ്മയും അച്ഛനും ഗുരുവും ഈശ്വര പൂര്‍ണ്ണിമ അനുഭവപ്പെടുത്തുന്നു എന്ന് ആഹ്ലാദ പൂര്‍വ്വം ഓര്‍മ്മിക്കുന്നു.

നമ്മുടെ നാടിന്റെ മഹത്വം തിരിച്ചറിയുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും അവരുടെ കര്‍മ്മങ്ങള്‍ക്ക് പ്രമാണമായി തീരേണ്ടത് ഈ ഉദാത്ത ദര്‍ശനമാണ്. ലാഘവ ബുദ്ധിയോടെ നമുക്ക് നമ്മുടെ സംസ്‌കാരത്തെ വളര്‍ത്തേണ്ട വിവിധ വിഷയങ്ങളെ സമീപിക്കാന്‍ കഴിയില്ല. നമ്മുടെ കലയും സാഹിത്യവും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ആധ്യാത്മിക ദര്‍ശനങ്ങളുമെല്ലാം ഈ തത്വത്തില്‍ കേന്ദ്രീകൃതമാകണം. സ്ത്രീ അമ്മയാണെന്നും അമ്മ ദൈവമാണെന്നും പറയുമ്പോള്‍ അതൊരു കാലഹരണപ്പെട്ട ആശയമാണെന്ന് ചിന്തിക്കുന്നവര്‍ സ്ത്രീകളെ ആക്ഷേപിച്ചുകൊണ്ട് എഴുത്തുവഴികളില്‍ സഞ്ചരിക്കുന്നു. അതിനെ എതിര്‍ക്കുമ്പോള്‍ ഭോഗ സംസ്‌കാരത്തിന്റെയും ലാഭ നഷ്ടങ്ങളുടെയും കണക്കുകളില്‍ ഭ്രമിക്കുന്നവര്‍ക്ക് അലോസരമുണ്ടാകും. സ്വയം ന്യായീകരിക്കാന്‍ അവര്‍ സ്വകല്പിത ന്യായങ്ങള്‍ അന്വേഷിക്കും. പൂര്‍വ്വ സൂരികളെ അനവസരത്തിലും അര്‍ത്ഥവികല്പത്തിലും ഉദാഹരിക്കും.

ഇത്തരം ജല്പനങ്ങള്‍ താത്കാലികമാണ്. മഹാ ദര്‍ശനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് പൊതുവെ അസുഖകരമെങ്കിലും അതില്‍ നിരാശപ്പെടേണ്ടതില്ല. എല്ലാ വിഭ്രാമക സന്ധികളെയും അതിജീവിച്ച് നിലനില്‍ക്കേണ്ടതാണ് നമ്മുടെ സംസ്‌കാരം.  എത്രയോ വന്‍ ശക്തികളുടെ ആക്രമണങ്ങളെ ഭാരത സംസ്‌കാരം അതിജിവിച്ചിട്ടുണ്ട്. നമ്മുടെ സംസ്‌കാരത്തിനു മുന്നില്‍ അവരുടെയെല്ലാം കൊടിപ്പടങ്ങള്‍ താഴ്ന്നിറങ്ങി. നമ്മുടെ സംസ്‌കാരത്തിന്റെ പതാക എപ്പോഴും ഉയര്‍ന്നു തന്നെ നിന്നു. ഉദയസൂര്യനെ നോക്കി ജംബൂകങ്ങള്‍ ഓരിയിടുന്നതുകൊണ്ട്, ഉഷസ്സെന്ന സത്യം പ്രകാശം ചൊരിയാതിരിക്കുന്നില്ല.

ആധുനിക ഇന്ത്യയില്‍ നമ്മെ അസ്വസ്ഥരാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇല്ലാതില്ല. പലവിഭാഗങ്ങളിലായി തിരിഞ്ഞ് ഓരോരുത്തരും സ്വന്തം അവകാശങ്ങളെയും അധികാരങ്ങളെയും കുറിച്ച് കൂടുതല്‍ ആവേശത്തോടെ ശക്തമായി സംസാരിക്കുന്ന പ്രവണത ഏറിവരുന്നു. ഇത് അസഹിഷ്ണുത വര്‍ദ്ധിപ്പിക്കും. മറ്റുള്ളവരുടെ അവകാശം എന്ന വിഷയം വരുമ്പോള്‍ വേറിട്ട ചിന്തയും തീരുമാനവും ഉണ്ടാകുന്നത് ശരിയല്ല. മറ്റുള്ളവരുടെയും അവകാശത്തിനുവേണ്ടി സംസാരിക്കുകയും നാമോരുരത്തരും മറ്റൊരാളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ രംഗത്തിറങ്ങുകയും വേണം. അപ്പോഴാണ് ഭാരതത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തില്‍ വസിക്കാന്‍ നമ്മള്‍ പ്രാപ്തരാകുന്നത്. മറ്റുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കണം. ഒപ്പം ഏതൊരാളുടെയും ആവിഷ്‌കാരം സംസ്‌കാരത്തിനെതിരും സംസ്‌കാരത്തിനുനേരെയുള്ള കടന്നുകയറ്റവുമാണെങ്കില്‍ പ്രതിരോധിക്കുകയും വേണം. സ്വാതന്ത്ര്യം സ്‌നേഹത്തിന്റെ പ്രവാഹമാണ്. അത് ഭൂമിയെ ഉലച്ച്, ജീവജാലങ്ങളെ പിഴുതെറിഞ്ഞ്, കുലം കുത്തി, സമൂഹത്തിന്റെ നിലനില്‍പ്പിനും രാഷ്ട്രത്തിന്റെ പുരോഗതിക്കും അപകടകരമായി തീരാതെ സൂക്ഷിക്കണം. ഓരോ പൗരനും ഈ തിരിച്ചറിവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സംസ്‌കാരത്തിന് നാം നല്‍കുന്ന ലളിതമായ ഭാഷാന്തരമാണല്ലോ, തിരിച്ചറിവ്!

നമ്മുടെ നാട് ഏകത്വത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. വൈവിധ്യങ്ങള്‍ ഉണ്ട്. പക്ഷേ, സത്യം ഏകമാണ്. ആ ഏക സത്യമാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ സത്യവും ആഴവും. കാലം കടന്നു പോകുമ്പോറും ഭാരത സംസ്‌കാരത്തിന്റെ പ്രബുദ്ധത കൂടുതല്‍ കൂടുതല്‍ ശക്തമാകുകയും ഒരു മനസ്സോടെ, ഒരു ശബ്ദത്തോടെ ഇന്ത്യന്‍ ജനത ചിന്തിക്കുന്ന, സംസാരിക്കുന്ന, പ്രവര്‍ത്തിക്കുന്ന  ഏക സത്യത്തിന്റെ കാലത്തേക്ക് നമ്മുടെ സ്വാതന്ത്ര്യബോധം നമ്മെ നയിക്കുക തന്നെ ചെയ്യും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

സംസ്‌കാരത്തിന്റെ ഉദ്യാനത്തില്‍ പല തരത്തിലുള്ള ചെടികളുണ്ട്. അവയിലെല്ലാം വ്യത്യസ്തങ്ങളായ പൂക്കളും. പക്ഷേ, ഈ പൂക്കള്‍ പൊഴിക്കുന്നത് സുഗന്ധമാണ്. ആ സുഗന്ധം നമ്മെ ഒരുപോലെ ഉണര്‍ത്തുന്നു. ഉന്മേഷം പകരുന്നു. ഭാരതത്തിലെ ജനമനസ്സുകള്‍ ഒരുപോലെ ഉണര്‍ന്ന് സ്വാതന്ത്ര്യത്തിന്റെ ശരിയായ അര്‍ത്ഥവും ചൈതന്യവും ഉള്‍ക്കൊള്ളുകയും ഹിമവാന്റെ നാട്ടില്‍, ഗംഗയുടെ നാട്ടില്‍, ടോഗോറിന്റെ ഗീതികള്‍ കേട്ട് പുതിയൊരു മാനവികതയുടെ സന്ദേശവാഹകരായി മുന്നേറാന്‍ ഇടയാകട്ടെ എന്നാണ് ഈ സ്വാതന്ത്ര്യദിനത്തിലും പ്രാര്‍ത്ഥനാ പൂര്‍വ്വം ചിന്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.