ആചാരങ്ങളുടെ പ്രസക്തി

Wednesday 15 August 2018 1:17 am IST

ആചാരങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ? അവയില്‍ സദാചാരവും ദുരാചാരവും അനാചാരവും വേര്‍തിരിക്കപ്പെടുന്നതെങ്ങനെ? ഇക്കാര്യത്തില്‍ പല പ്രകാരങ്ങളിലും അഭിപ്രായമുണ്ടായിരിക്കും. ശബരിമലയിലെ സ്ത്രീ പ്രവേശം ആചാരത്തിന്റെ ഭാഗമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. നമ്മുടെ ഭരണഘടന നിലവില്‍ വരുന്നതിനും എത്രയോ മുമ്പ് തുടങ്ങിയ ആചാരമാണത്! ശബരിമലയില്‍ മാത്രമല്ല, എല്ലാ ഹൈന്ദവ ദേവാലയങ്ങളിലും പലവിധ ആചാരങ്ങളും നൂറ്റാണ്ടുകളായി നിലനിന്നു വരുന്നു.(ഇതര സമുദായങ്ങളുടെ ദേവാലയങ്ങളിലും ഈ സ്ഥിതിവിശേഷമുണ്ട്.) പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ രാത്രിയിലെ അത്താഴപൂജയ്ക്കു ശേഷമെ സ്ത്രീകള്‍ക്കു പ്രവേശനമുള്ളു. അതും നെയ്യമൃത് നടയില്‍ സമര്‍പ്പിക്കണം. 

പുതിയതായി വാങ്ങിയ ചെരിപ്പാണെങ്കിലും പാക്കറ്റില്‍ നിന്നുമെടുത്ത് കാലിലിട്ടാല്‍ ഒരു ദേവാലയത്തിലും പ്രവേശിക്കാന്‍ കഴിയല്ല. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കും പുല (വാലായ്മ) യുള്ളപ്പോള്‍ ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമില്ല. ഇക്കാര്യങ്ങളെല്ലാം കണ്ണടച്ച് വിമര്‍ശിക്കുന്നതിനു മുമ്പ് ഒന്നു മനസ്സിലാക്കണം. ഓരോ ക്ഷേത്രത്തലേയും ആചാര്യനായ തന്ത്രിക്ക് പിതൃസ്ഥാനമാണ് അവിടെയുള്ളത്. ജന്മം നല്‍കുന്നതോടെ അവസാനിക്കുന്നതല്ല ആ പിതൃ-പുത്ര ബന്ധം.അത് ശാശ്വതമാണ്. 

അതുകൊണ്ടുതന്നെ ആ ബന്ധം പാവനമായി ഇരുവരും കണക്കാക്കുന്നു. പുത്രന്റെ ഭവനത്തില്‍ ആരൊക്കെ എപ്പോഴൊക്കെ എങ്ങനെയൊക്കെ വരണമെന്ന് പിതാവാണ് നിശ്ചയിക്കുന്നത്. പുത്രന് മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. ഉണ്ടെങ്കില്‍ അതു ദേവപ്രശ്‌നത്തിലൂടെയാണ് അറിയുക. ഇത്രയും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അതു തന്നെ നല്ലത്. എന്നാല്‍ പിതൃ-പുത്ര ബന്ധത്തിന്റെ പവിത്രത അറിയാതെ, ഭവനത്തിന്റെ  സംരക്ഷകരായി ചമയുന്ന ഭരണകൂടമാണ് പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണം.

സമ്പ്രദായങ്ങള്‍ തന്നെയാണ് ആചാരങ്ങളാകുന്നത്. കോടതിയുടെ കാര്യംതന്നെ നോക്കാം. ന്യായാധിപന്‍ കോടതി ഹാളില്‍ പ്രവേശിക്കുമ്പോള്‍ സ്വയം കൈ കൂപ്പുന്നു. വക്കീലന്മാരും മറ്റും ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റ്  തിരിച്ചും വണങ്ങുന്നു. വക്കീലന്മാര്‍ക്ക് പ്രത്യേക വേഷമുണ്ട്. കോടതിയില്‍ ആരുംതന്നെ മുണ്ടു മടക്കി കുത്തി നില്‍ക്കാറോ ഇരിക്കാറോ ഇല്ല. ന്യായാസനത്തിനു മുന്നിലൂടെ മറുവശത്തേക്ക് തല കുനിച്ചേ പോകൂ. ആരും കാലിന്മേല്‍ കാല്‍കയറ്റി ഇരിക്കാറില്ല. വക്കീലന്മാര്‍ ആരും മിസ്റ്റര്‍ മുന്‍സിഫെന്നോ, മജിസ്‌ട്രേറ്റെ ന്നോ, ജഡ്ജിയെന്നോ അഭിസംബോധന ചെയ്യാറില്ല. അതാണ് കോടതിയിലെ സമ്പ്രദായം. അതുതന്നെയാണ് അവിടത്തെ ആചാരം. ആ ആചാരം ബഹുമാന സൂചകമാണ്. ദേവാലയങ്ങളിലും ബഹുമാന സൂചകമായി അത്തരം ചില ആചാരങ്ങളുണ്ടെന്ന് മനസ്സിലാക്കിയാല്‍ വിഷയം ഇവിടെ അവസാനിപ്പിക്കാം.

ടി. സംഗമേശന്‍, തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.