വിദ്യാഭ്യാസസ്ഥാപന ബസ്സുകളില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ജിപിഎസ് നിര്‍ബന്ധം

Wednesday 15 August 2018 1:18 am IST

തിരുവനന്തപുരം: ഒക്ടോബര്‍ ഒന്നുമുതല്‍ ജിപിഎസ് ഘടിപ്പിക്കാത്ത വിദ്യാഭ്യാസസ്ഥാപന ബസ്സുകള്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. 

പദ്ധതി നടപ്പാക്കുന്നതിനും മേല്‍നോട്ടത്തിനുമായി സി-ഡാക്കുമായി ചേര്‍ന്ന് 'സുരക്ഷാമിത്ര' എന്ന പേരില്‍ വാഹന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു.

  വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ആസ്ഥാനത്ത് കേന്ദ്രീകൃത നിരീക്ഷണ കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കും. എല്ലാ ആര്‍ടി ഓഫീസുകളിലും പ്രത്യേക നിരീക്ഷണ സംവിധാനവും ഉണ്ടാകും. 

ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നതുവഴി മോട്ടോര്‍ വാഹന വകുപ്പ്, നാഷണല്‍ എമര്‍ജന്‍സി റെസ് പോണ്‍സ് ടീം, വാഹന ഉടമ, സ്‌കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ക്ക് വാഹനത്തിന്റെ സഞ്ചാരപഥം, സമയം, വേഗം തുടങ്ങിയവ നിരീക്ഷിക്കാം. ടില്‍റ്റ് സെന്‍സറുകള്‍ വഴി സ്‌കൂള്‍ വാഹനങ്ങള്‍ 40 ഡിഗ്രിയിലധികം ചരിഞ്ഞാല്‍ അടിയന്തര അപായ സന്ദേശങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകും.

    അത്യാഹിതങ്ങള്‍, അമിതവേഗം, ബുദ്ധിമുട്ടുകള്‍, ഉപദ്രവങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അടിയന്തിര സന്ദേശം നല്‍കാന്‍ പാനിക് ബട്ടണും ഉണ്ട്. ഈ സംവിധാനം ദുരുപയോഗം ചെയ്താല്‍ നിയമപരമായി ശിക്ഷിക്കും. പാനിക് ബട്ടണ്‍ വിച്ഛേദിക്കാനോ കേടുവരുത്താനോ ശ്രമിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കും.

   വിദ്യാഭ്യാസസ്ഥാപന വാഹനമായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളിലാകും ആദ്യഘട്ടം എന്ന നിലയ്ക്ക് പദ്ധതി നടപ്പിലാക്കുക. പിന്നീട് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന എല്ലാത്തരം വാഹനങ്ങളിലും ഈ സംവിധാനം നിര്‍ബന്ധമാക്കും.

   ഇതുസംബന്ധിച്ച സംശയങ്ങള്‍ക്ക് പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ദക്ഷിണമേഖലാ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് എം. സുരേഷ് (8281786097), ദേശസാത്കൃത വിഭാഗം ആര്‍ടിഒ പി.എം. ഷാജി (8547639015) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.