മധുര കേന്ദ്രീകരിച്ച് പടയൊരുക്കത്തിന് അഴഗിരി

Wednesday 15 August 2018 1:26 am IST
ഡിഎംകെ കുടുംബത്തില്‍ വഴക്ക് ഉറപ്പായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ആരും പ്രതീക്ഷിച്ചില്ല. പക്ഷേ, അഴഗിരിക്ക് അറിയാം കാത്തിരുന്നാല്‍ നഷ്ടം തനിക്കു തന്നെയായിരിക്കുമെന്ന്. ഇന്നലെ എക്‌സ്‌ക്യൂട്ടീവില്‍ അംഗങ്ങള്‍ അല്ലാതിരുന്നിട്ടും എംഎല്‍എമാരേയും എംപിമാരെയും യോഗത്തിലേക്കു വിളിച്ചത് കരുണാനിധിക്ക് ആദരവ് അര്‍പ്പിക്കാനല്ല, തനിക്കു പിന്തുണ ഉറപ്പിക്കാനുള്ള എം.കെ. സ്റ്റാലിന്റെ നീക്കമാണ് എന്നു നന്നായി അറിയാമായിരുന്നു അഴഗിരിക്ക്.

ചെന്നൈ: ഇപ്പോള്‍ ഇതു വേണമായിരുന്നോ എന്നു ചോദിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഏറെയുണ്ടെങ്കിലും രണ്ടും കല്‍പ്പിച്ചാണ് മുത്തുവേല്‍ കരുണാനിധി അഴഗിരി. ഡിഎംകെയുടെ എല്ലാമെല്ലാമായിരുന്ന കരുണാനിധിയുടെ വിയോഗത്തിന്റെ വേദന മാറുംമുമ്പ് പാര്‍ട്ടിയില്‍ അധികാരത്തര്‍ക്കത്തിന്റെ പടയൊരുക്കം നടത്തുന്നു അഴഗിരി. ഇന്നലെ പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചേരുന്നതിനു തൊട്ടു തലേന്നാണ് അഴഗിരി രംഗത്തു വന്നത്. 

ഡിഎംകെ കുടുംബത്തില്‍ വഴക്ക് ഉറപ്പായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ആരും പ്രതീക്ഷിച്ചില്ല. പക്ഷേ, അഴഗിരിക്ക് അറിയാം കാത്തിരുന്നാല്‍ നഷ്ടം തനിക്കു തന്നെയായിരിക്കുമെന്ന്. ഇന്നലെ എക്‌സ്‌ക്യൂട്ടീവില്‍ അംഗങ്ങള്‍ അല്ലാതിരുന്നിട്ടും എംഎല്‍എമാരേയും എംപിമാരെയും യോഗത്തിലേക്കു വിളിച്ചത് കരുണാനിധിക്ക് ആദരവ് അര്‍പ്പിക്കാനല്ല, തനിക്കു പിന്തുണ ഉറപ്പിക്കാനുള്ള എം.കെ. സ്റ്റാലിന്റെ നീക്കമാണ് എന്നു നന്നായി അറിയാമായിരുന്നു അഴഗിരിക്ക്. അതു കൊണ്ടു തന്നെയാണ് പാര്‍ട്ടിയില്‍ പിന്തുണ തനിക്കാണെന്ന തരത്തിലുള്ള പ്രസ്താവനയുമായി അഴഗിരി പോരാട്ടത്തിനു തുടക്കമിട്ടത്.

മധുര കേന്ദ്രീകരിച്ച് ശക്തമായ അടിത്തറയുണ്ട് അഴഗിരിക്ക്. പാര്‍ട്ടി സംഘടനാ സെക്രട്ടറിയായിരുന്ന കാലത്തും മധുരയായിരുന്നു അഴഗിരിയുടെ തട്ടകം. 2014ല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തായപ്പോഴും ഈ മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്ന് അണികള്‍ ഒഴുകിപ്പോയില്ല. അഴഗിരി മധുരയില്‍ എത്തുന്നതിന് കാത്തിരിക്കുകയാണ് അവര്‍. 

സംസ്ഥാനത്താകെ നിരവധി സമ്മേളനങ്ങള്‍ വിളിച്ച് പിന്തുണ തെളിയിക്കുമെന്ന് അഴഗിരിയുടെ അടുത്ത അനുയായിയായ കെ. ഇസക്കിമുത്തു പറയുന്നു. 

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലത്ത് പോലീസിനെ ഉപയോഗിച്ച് ഡിഎംകെയെ വേട്ടയാടിയപ്പോള്‍ ചെറുത്തു നിന്നത് അഴഗിരി മാത്രമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ അഭിപ്രായമുണ്ട്. പലയിടത്തും ഡിഎംകെ പകച്ചുനിന്നപ്പോള്‍ മധുര കേന്ദ്രീകരിച്ച് അഴഗിരി ശക്തമായി തിരിച്ചടിച്ചു. ഇക്കാര്യം സ്റ്റാലിനോട് അടുപ്പമുള്ളവരും സമ്മതിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.