രണ്ടു ദിവസം കൊണ്ട് ബാങ്കില്‍ നിന്ന് 94 കോടി തട്ടി

Wednesday 15 August 2018 1:27 am IST

പൂനെ: പൂനെ കോസ്‌മോസ് ബാങ്കില്‍ നിന്ന് രണ്ടു ദിവസം കൊണ്ട് 94 കോടി രൂപ തട്ടിയെടുത്തു. എടിഎം കാര്‍ഡുകളുടെ വ്യാജന്‍ ചമച്ചും വൈറസുകള്‍ കടത്തിവിട്ട് കമ്പ്യൂട്ടര്‍ സര്‍വര്‍ ഹാക്ക് ചെയ്തുമാണ് തട്ടിപ്പ് അരങ്ങേറിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളില്‍ ഒന്നാണിത്.

ആഗസ്റ്റ് 11ന് 76 കോടിയും 12ന് 15 കോടിയുമാണ് അക്കൗണ്ടുകളില്‍ നിന്ന് വിദേശത്തെ അക്കൗണ്ടുകളിലേക്ക് മാറ്റിയെടുത്തത്. തട്ടിപ്പ് കണ്ടെത്തിയതോടെ സര്‍വറുകളും ഓണ്‍ലൈന്‍ ഇടപാടുകളും എടിഎമ്മുകളും അടച്ചു.

ഇടപാടുകള്‍ നടത്താന്‍ ഹാക്കര്‍മാര്‍ സമാന്തര സംവിധാനം ഒരുക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇടപാടുകള്‍ക്ക് കമ്പ്യൂട്ടര്‍ അനുമതി ചോദിക്കുമ്പോള്‍ ഈ സമാന്തര സംവിധാനം ഉപയോഗിച്ച് അനുമതി നല്‍കി. വിസ, റൂപെ കാര്‍ഡുകളുടെ വ്യാജന്‍ നിര്‍മിച്ചാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയത്. പതിനയ്യായിരത്തോളം ഇടപാടുകളാണ് ഇങ്ങനെ നടത്തിയത്. ആഗസ്റ്റ് 11ന് രണ്ടു മണിക്കൂര്‍ 13 മിനിറ്റു കൊണ്ട് 13.5 കോടി തട്ടിപ്പുകാര്‍ ഹോങ്ങ്‌കോങ്ങിലെ ഒരു ബാങ്കിലേക്ക് മാറ്റി. 400 മുതല്‍ 450 വരെ അക്കൗണ്ടുകളിലൂടെയാണ് ഇവര്‍ ഈ ഇടപാടുകള്‍ നടത്തിയത്. അന്നു മാത്രം  വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് 12000 ലേറെ ഇടപാടുകള്‍ നടത്തി 78 കോടിയാണ് ഹോങ്‌കോങ്ങിലേക്ക് മാറ്റിയത്. രണ്ടാമത് 2849 ഇടപാടുകളിലൂടെ 2.5 കോടിയും ഇന്ത്യയില്‍ നിന്ന് കടത്തി. ആഗസ്റ്റ് 13ന് 13.92 കോടിയും കടത്തി.

വിസ, റൂപെ കാര്‍ഡ് സ്ഥാപനങ്ങളാണ് വിവരം ആര്‍ബിഐയെ അറിയിച്ചത്. പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.