ഹോക്കിയില്‍ ഇന്ത്യക്ക് കിരീട സാധ്യത: ശ്രീജേഷ്

Wednesday 15 August 2018 1:26 am IST

ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണമെഡല്‍ നേടാന്‍ സാധ്യയുള്ള ടീമാണ്  ഇന്ത്യയെന്ന്  ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്. സ്വര്‍ണം നേടി 2020 ലെ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശ്രീജേഷ് പറഞ്ഞു.

ഹോളണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനം നേടി. ഇതോടെ ഇന്ത്യ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ജക്കാര്‍ത്തയില്‍ ശ്രീജേഷിന്റെ ടീം കിരീടം നിലനിര്‍ത്തിയാല്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ടീമുകളില്‍ ഒന്നാകും.

നിലവിലെ മികച്ച ഫോം നിലനിര്‍ത്തുന്ന ഇന്ത്യക്ക് ജക്കാര്‍ത്തയില്‍ സ്വര്‍ണം നേടാനാകും. ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച കളിയാണ് പുറത്തെടുത്തത്. നേരിയ വ്യത്യാസത്തിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്. ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ലോകത്തെ ഏതു ടീമിനെയും നേരിടുന്നതിന് ഞങ്ങള്‍ക്ക് ഇപ്പോള്‍ പേടിയില്ല.

ജക്കാര്‍ത്തയില്‍ ഇന്ത്യ കിരീടം നേടിയാല്‍ അത് പുതിയ കോച്ച് ഹരേന്ദ്ര സിങ് റെക്കോഡ് പുസ്തകത്തില്‍ കയറും. ഇതുവരെ നടന്ന ഏഷ്യന്‍ ഗെയിംസുകളില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ട് തവണ ഹോക്കി കിരീടം നേടിയിട്ടില്ല.

ജക്കാര്‍ത്തയില്‍ ചരിത്രം കുറിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. നിലവിലെ ടീമിന് ജക്കാര്‍ത്തയില്‍ കിരീടം നിലനിര്‍ത്താനാകുമെന്ന് കോച്ച് ഹരേന്ദ്ര സിങ് പറഞ്ഞു.

രൂപീന്ദര്‍ പാല്‍ സിങ് തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടീം ശക്തമായി. എല്ലാ മുന്‍നിരതാരങ്ങളും ടീമിലുണ്ട്. ടീം സന്തുലിതമാണ്. എല്ലാവരും നൂറിലേറെ മത്സരങ്ങള്‍ കളിച്ചവരാണ്.

പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കുന്നതില്‍ ഇന്ത്യ ഇനിയും പുരോഗതി നേടേണ്ടതുണ്ട്. ഇതിനുള്ള പരിശീലനത്തിലാണ് ടീം. തുടക്കത്തില്‍ തന്നെ ഗോള്‍ നേടി മുന്നിലെത്തുകയാണ് ലക്ഷ്യമെന്ന് ശ്രീജേഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.